
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധി പുറത്തുവന്നതിനുശേഷമുള്ള വാദപ്രതിവാദങ്ങള്‍ക്കിടെ ക്ഷേത്രത്തിലെ ഉദ്ഘാടന പരിപാടിയിൽ നിന്ന് നടൻ ദിലീപ് പിന്മാറിയ സംഭവത്തിൽ വിശദീകരണവുമായി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്‍റ്. എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള കൂപ്പണ്‍ വിതരണോദ്ഘാടനത്തിൽ നിന്നാണ് ദിലീപ് അവസാന നിമിഷം പിന്മാറിയത്. ക്ഷേത്ര ഉപദേശക സമിതിയാണ് ദിലീപിനെ ഉദ്ഘാടകനായി തീരുമാനിച്ചതെന്നും കൊച്ചിൻ ദേവസ്വം ബോര്‍ഡ് അല്ലെന്നും ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്‍റ് എസ് അശോക് കുമാര്‍ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ ദിലീപിനെ എതിര്‍ത്തും അനുകൂലിച്ചും ചര്‍ച്ച തുടരുകയാണ്. തുടര്‍ന്ന് പ്രശ്നം രമ്യമായി പരിഹരിക്കാൻ കൊച്ചിൻ ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു. ഇതിനുപിന്നാലെ ദിലീപ് ഇന്നലെ രാത്രി വിളിച്ച് ഉദ്ഘാടനത്തിൽ നിന്ന് പിന്മാറിയെന്ന് അറിയിക്കുകയായിരുന്നുവെന്നും ചടങ്ങ് മറ്റന്നാള്‍ തന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും എസ് അശോക് കുമാര്‍ പറഞ്ഞു.
നാളെയാണ് ക്ഷേത്രത്തിൽ ദിലീപ് ഉദ്ഘാടനം ചെയ്യേണ്ട പരിപാടി നിശ്ചയിച്ചിരുന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള സ്ത്രീകളടക്കമുള്ളവര്‍ ദിലീപിനെതിരെ എതിര്‍പ്പ് ഉയര്‍ത്തിയെന്നാണ് വിവരം. നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായ ദിലീപിനെ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. കോടതി വിധിക്കെതിരെ ഇന്നലെ ആക്രമിക്കപ്പെട്ട നടിയും ദിലീപിന്‍റെ മുൻ ഭാര്യയും നടിയുമായ മഞ്ജുവാര്യരുമടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. കോടതി വിധിയെ അനുകൂലിച്ചും എതിര്‍ത്തും സാമൂഹിക മാധ്യമങ്ങളിൽ ചര്‍ച്ചയും നടക്കുന്നുണ്ട്. ഇതിനിടെയാണ് ക്ഷേത്രത്തിലെ ഉദ്ഘാടന പരിപാടിയിൽ നിന്ന് ദിലീപ് പിന്മാറിയ സംഭവം ഉണ്ടായത്. ഡിസംബര്‍ 12ന് കോടതി വിധി വന്നതിനുശേഷം ഇന്നലെയാണ് ആക്രമിക്കപ്പെട്ട നടി സാമൂഹിക മാധ്യമത്തിലൂടെ നിലപാട് വ്യക്തമാക്കിയത്. തനിക്ക് നീതി കിട്ടിയില്ലെന്നായിരുന്നു പ്രതികരണം.
വിധിയിൽ അത്ഭുതമില്ലെന്നും കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നെന്നും സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ അതിജീവിത വ്യക്തമാക്കി. ഈ രാജ്യത്ത് നിയമത്തിന് മുന്നിൽ എല്ലാവരും ഒരു പോലെ അല്ലെന്ന് വേദനയോടെ തിരിച്ചറിയുന്നെന്നും തന്‍റെ മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടില്ലെന്നും അതിജീവിതയുടെ കുറിപ്പിൽ പറയുന്നു. നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന ഉണ്ടെന്ന് ആവർത്തിച്ച് നടി മഞ്ജു വാര്യരും ഇന്നലെ രംഗത്തെത്തിയിരുന്നു. നീതി നടപ്പായില്ലെന്നും കുറ്റം ചെയ്തവർ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നും മഞ്ജു വാര്യർ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ആസൂത്രണം ചെയ്തവർ പുറത്തുണ്ടെന്നത് ഭയപ്പെടുത്തുന്ന യാഥാർത്ഥ്യമാണെന്നും അവർ കൂടി ശിക്ഷിക്കപ്പെട്ടാൽ മാത്രമേ അതിജീവിതയ്ക്കുള്ള നീതി പൂർണമാകുകയുള്ളൂവെന്നും മഞ്ജു വാര്യർ വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിലെ കോടതി വിധിക്കെതിരെ അതിജീവിതയും ശക്തമായി ആഞ്ഞടിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam