ആശ്വാസ തീരത്തേക്ക് മടക്കം: യെമനിൽ ഹൂതി വിമതരുടെ പിടിയിൽ തടവിലായിരുന്ന ദിപാഷ് കോഴിക്കോടെത്തി

By Web TeamFirst Published Apr 26, 2022, 8:25 PM IST
Highlights

ദിപാഷിന്‍റെ മോചനത്തിനായി ഇന്ത്യൻ എംബസി ഇടപെടുന്നില്ലെന്ന ദിപാഷിന്‍റെ മാതാപിതാക്കളുടെ പരാതി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു

കോഴിക്കോട്: യെമനിൽ ഹൂതി വിമതരുടെ തടവിൽ ആയിരുന്ന കോഴിക്കോട് സ്വദേശി ദിപാഷ് തിരിച്ചെത്തി. കരിപ്പൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങി. യെമനിൽ ഹൂതി വിമതരുടെ തടവിലായിരുന്ന ഇദ്ദേഹം മോചിതനായെന്ന് ബന്ധുക്കൾക്ക് നേരത്തെ വിവരം കിട്ടിയിരുന്നു. സമുദ്രാതിർത്തി ലംഘിച്ചെന്ന പേരിൽ ദിപാഷുൾപ്പെടെ ജോലിനോക്കിയിരുന്ന കപ്പൽ ജനുവരിയിലാണ് ഹൂതി വിമതർ പിടിച്ചെടുത്തത്. കപ്പലിലുണ്ടായിരുന്ന ദിപാഷ് അടക്കമുള്ള 11 ജീവനക്കാരെ തടവിലാക്കുകയായിരുന്നു.

ജീവനക്കാരിൽ മൂന്നു മലയാളികൾ അടക്കം ഏഴ് ഇന്ത്യാക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്. ദിപാഷിന്‍റെ മോചനത്തിനായി ഇന്ത്യൻ എംബസി ഇടപെടുന്നില്ലെന്ന ദിപാഷിന്‍റെ മാതാപിതാക്കളുടെ പരാതി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. റംസാൻ മാസം തീരുന്ന മുറയ്ക്ക് യുദ്ധം ശക്തിപ്പെടാനുളള സാഹചര്യം കണക്കിലെടുത്ത് ദിപാഷ് ജോലി ചെയ്യുന്ന ഖാലിദ് ഫറാജ് ഷിപ്പിംഗ്  കമ്പനി മുൻകൈയെടുത്താണ് മുഴുവൻ പേരുടെയും മോചനത്തിന് വഴിതുറന്നത്. ദിപാഷിന്‍റെ അച്ഛൻ കേളപ്പൻ ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചിരുന്നു.

കിടപ്പാടമുൾപ്പെടെ പണയപ്പെടുത്തി രണ്ടുവർഷം മുമ്പ് ഉപജീവനമാർഗ്ഗം തേടിപ്പോയതാണ് മേപ്പയൂർ മൂട്ടപ്പറമ്പിലെ ദിപാഷ്. ഇദ്ദേഹത്തിന്റെ മോചനത്തിനായി കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരനെ വരെ നേരിട്ട് കണ്ട് പരാതിയറിയിച്ചു. പക്ഷേ കാര്യമുണ്ടായില്ല. വല്ലപ്പോഴും ദിപാഷിന്റെ ശബ്ദസന്ദേശം കിട്ടുമെങ്കിലും മകൻ എവിടെയെന്ന് പോലും കുടുംബത്തിന് അറിയില്ലായിരുന്നു. തടവിലായെന്ന സന്ദേശം കിട്ടിയ ഉടൻ, ദിപാഷ് ജോലിനോക്കിയിരുന്ന ഖാലിദ് ഫറാജ് ഷിപ്പിംഗ് കമ്പനിയുമായി കുടുംബാംഗങ്ങൾ ബന്ധപ്പെട്ടിരുന്നു.

click me!