സ്വർണക്കടത്ത് കേസ്; ഉന്നതരുടെ പേര് പറയാൻ സമ്മർദം ഉണ്ടായെന്ന സരിത്തിന്റെ പരാതി ഇന്ന് എൻഐഎ കോടതിയിൽ

By Web TeamFirst Published Jul 16, 2021, 9:03 AM IST
Highlights

നയതന്ത്രചാനൽ സ്വർണ്ണക്കടത്തിൽ ബിജെപി കോൺഗ്രസ് നേതാക്കൾക്ക് പങ്കുണ്ടെന്ന മൊഴി നൽകാൻ പൂജപ്പുര ജയിൽ അധികൃതർ ഭീഷണപ്പെടുത്തിയെന്നും ദിവസങ്ങളോളം ഉറങ്ങാൻ അനുവദിക്കാതെ  ജയിൽ ഉദ്യോഗസ്ഥർ സമ്മർദ്ദത്തിലാക്കിയെന്നുമാണ് സരിത് കോടതിയ്ക്ക് മൊഴി നൽകിയിട്ടുള്ളത്.

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ ഉന്നതരുടെ പേര് പറയാൻ സമ്മർദ്ദമുണ്ടെന്ന സരിത്തിൻ്റെ പരാതി ഇന്ന് എൻഐഎ കോടതിയിലെത്തും. ജയിൽ മേധാവിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും തുടർനടപടി. നയതന്ത്ര ചാനൽ വഴിയുള്ള  സ്വർണക്കടത്തിൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാംപ്രതിയാണ് സരിത്. 

നയതന്ത്രചാനൽ സ്വർണ്ണക്കടത്തിൽ ബിജെപി കോൺഗ്രസ് നേതാക്കൾക്ക് പങ്കുണ്ടെന്ന മൊഴി നൽകാൻ പൂജപ്പുര ജയിൽ അധികൃതർ ഭീഷണപ്പെടുത്തിയെന്നും ദിവസങ്ങളോളം ഉറങ്ങാൻ അനുവദിക്കാതെ  ജയിൽ ഉദ്യോഗസ്ഥർ സമ്മർദ്ദത്തിലാക്കിയെന്നുമാണ് സരിത് കോടതിയ്ക്ക് മൊഴി നൽകിയിട്ടുള്ളത്. ഉദ്യോഗസ്ഥരുടെ നടപടി കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്നും വിചാരണ തടവുകാരെ സമ്മർദ്ദത്തിലാക്കി മൊഴി മാറ്റാൻ ശ്രമിക്കുന്നത് കോടതി നടപടിയിലെ ഇടപെടലാണെന്നുമാണ് കേന്ദ്ര നിലപാട്. സരിതിനെ സംസ്ഥാനത്തിന് പുറത്തേക്കുള്ള ജയിലിലേക്ക് മാറ്റുന്നത് അടക്കമുള്ള കാര്യങ്ങൾ എൻഐഎ പരിഗണിക്കുന്നുണ്ട്. 

സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയും ഇന്ന് പരിഗണിക്കുന്നുണ്ട്. യുഎപിഎ നിലനിൽക്കില്ലെന്നാണ് സ്വപ്നയുടെ വാദം. സ്വർണക്കടത്തിലൂടെ ലഭിച്ച പണം എതെങ്കിലും തരത്തിലുള്ള രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായി കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ഹർജിയിൽ സ്വപ്ന ബോധിപ്പിച്ചിട്ടുണ്ട്. വിചാരണ അനന്തമായി നീളുകയാണെന്നും എന്ന് തുടങ്ങുമെന്ന് വ്യക്തതയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സ്വപ്നയടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ എൻഐഎ കോടതി തള്ളിയിരുന്നു.

ഇതിനിടെ കേസ് അന്വേഷിച്ച കൊച്ചി കസ്റ്റംസ് കമ്മീഷണർ സുമതി കുമാറിനെ സ്ഥലം മാറ്റിയിട്ടുണ്ട്. ബിവാണ്ടി ജിഎസ്ടി കമ്മീഷണർ ആയാണ് മാറ്റം. സുമിത് കുമാറെടുത്ത നിലപാട് മൂലമാണ് കോൺസുലേറ്റിന്റെ എതിർപ്പ് മറികടന്നും നയതന്ത്ര ബാഗേജ് തുറന്ന് പരിശോധിച്ചത്. രാജേന്ദ്രകുമാറാണ് പുതിയ കൊച്ചി കസ്റ്റംസ് കമ്മീഷണർ. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!