
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ (actress attack case) അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെ (dileep) ചോദ്യം ചെയ്യുന്നതിനിടെ സംവിധായകൻ റാഫിയെ (director rafi) വിളിച്ചുവരുത്തിയത് ദിലീപിന്‍റെ ശബ്ദം തിരിച്ചറിയാന്‍. ബാലചന്ദ്ര കുമാർ നൽകിയ ശബ്ദ സാമ്പിളില്‍ നിന്ന് ദിലീപിന്‍റെ ശബ്ദം റാഫി തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റു പ്രതികളുടെ ശബ്ദം തിരിച്ചറിയാന്‍ ഇവരുടെ അടുത്ത സുഹൃത്തുക്കളെ ഇന്ന് വിളിച്ചു വരുത്തും. എസ്പിയുടെ ക്യാബിനില്‍ വച്ച് എല്ലാ ശബ്ദരേഖയും പ്രതികളെ കേൾപ്പിച്ചിരുന്നു. ഇവരുടെ ശബ്ദം തന്നെയാണോ ഇതിലുള്ളതെന്നും ആരാഞ്ഞു. ഇതിനുശേഷമാണ് തിരിച്ചറിയാൻ അതുമായി ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തിയത്.
ബാലചന്ദ്ര കുമാറിനെ വിളിച്ചുവരുത്താത്തത് സാക്ഷിയുടെ സംരക്ഷണം ഉദ്ദേശിച്ചാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ പ്രതികള്‍ക്ക് മുന്നില്‍ ബാലചന്ദ്ര കുമാറിനെ ഇരുത്തുന്നത് ശരിയാകില്ല. ഹൈക്കോടതി വിധിക്ക് ശേഷം ബാലചന്ദ്ര കുമാറിനെ വിളിപ്പിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഇന്ന് പരാതിക്കാരനായ സംവിധായകൻ ബാലചന്ദ്ര കുമാറിനെ കൂടി വിളിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് നേരത്തെ ഉദ്ദേശിച്ചിരുന്നുവെങ്കിലും പിന്നീട് ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു.
ഇതിനിടെ പ്രതികളുടെ ഒരു വര്‍ഷത്തെ ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിച്ചെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇതില്‍ ഏറ്റവും കൂടുതല്‍ തവണ വിളിച്ചവരെ വിളിച്ചു വരുത്തും. ഇവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. കേസിൽ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്യുന്നത് മൂന്നാം ദിവസമായ ഇന്നും തുടരും. രാത്രി എട്ട് മണിക്ക് ചോദ്യം ചെയ്യൽ അവസാനിപ്പിക്കണം എന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. കേസിന്‍റെ അന്വഷണ പുരോഗതിയും ചോദ്യം ചെയ്യലിന്‍റെ വിവരങ്ങളും വ്യാഴാഴ്ച അറിയിക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. ഈ റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ച ശേഷമായിരിക്കും പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ് പുറപ്പെടുവിക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam