
കൊച്ചി: യുവനടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞാണ് എറണാകുളം സെൻട്രൽ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. അതീവ രഹസ്യമായി നീങ്ങിയ പൊലീസ് സംഘം നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്.
രഞ്ജിത്ത് നിലവിൽ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജനുവരി 9-ന് ഫോർട്ട് കൊച്ചിയിൽ വെച്ചാണ് സംഭവം നടന്നതെന്നാണ് പരാതി. കാരവാനിൽ വെച്ച് തന്നെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന് നടി മൊഴി നൽകി. അതിക്രമത്തെത്തുടർന്ന് വലിയ മാനസികാഘാതം അനുഭവിച്ച നടി കൗൺസിലിംഗിന് വിധേയയായിരുന്നു. തുടർന്നാണ് പരാതിയുമായി മുന്നോട്ട് വരാൻ തീരുമാനിച്ചത്.
മൂന്ന് ദിവസം മുൻപ് എറണാകുളം നോർത്ത് വനിതാ പോലീസ് സ്റ്റേഷനിലെത്തി നടി വിശദമായ മൊഴി നൽകിയിരുന്നു. നടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി പൊലീസ് അറിയിച്ചു. കേസിൽ ഗുരുതരമായ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ബിഎൻഎസ് 75: മാനഭംഗം, ബിഎൻഎസ് 75(1): ലൈംഗിക അതിക്രമം, ബിഎൻഎസ് 79: അശ്ലീല ആംഗ്യങ്ങൾ കാണിക്കുക, വാക്കുകൾ പ്രയോഗിക്കുക വ്യക്തിയെ നിയമവിരുദ്ധമായി തടഞ്ഞുവെക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
എറണാകുളം സിറ്റി ഡിസിപി അശ്വതി ജിജിക്കാണ് അന്വേഷണ ചുമതല. സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേശ്വറിന് കൈമാറിയ പരാതിയിൽ എസ്ഐടിയുടെ മേൽനോട്ടത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. നിലവിൽ തൊടുപുഴ പൊലീസ് കസ്റ്റഡിയിലുള്ള രഞ്ജിത്തിനെ ഉടൻ കൊച്ചി പൊലീസിന് കൈമാറാനായി പൊലീസ് സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam