ലൈം​ഗികാതിക്രമ കേസ്; അറസ്റ്റിന് പിന്നാലെ രഞ്ജിത്തിന് ഇരട്ട പ്രഹരം, ഫെഫ്കയിൽ നിന്ന് സസ്പെൻഡ് ചെയ്തു

Published : Apr 01, 2026, 02:10 PM IST
Ranjith Malayalam Filmmaker

Synopsis

സംവിധായകൻ രഞ്ജിത്തിനെ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനിൽ നിന്നും റൈറ്റേഴ്സ് യൂണിയനിൽ നിന്നും സസ്പെൻഡ് ചെയ്തു. യുവനടിയെ കാരവനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് നടപടി.

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ റിമാൻഡിലായ സംവിധായകന്‍ രഞ്ജിത്തിനെ ഫെഫ്ക യൂണിയനുകളിൽ നിന്ന് സസ്പെൻഡ്‌ ചെയ്തു. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനിൽ നിന്നും ഫെഫ്ക റൈറ്റേഴ്സ് യൂണിയനിൽ നിന്നുമാണ് രഞ്ജിത്തിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രാഥമിക അം​ഗത്വത്തിൽ നിന്ന് രഞ്ജിത്തിന് സസ്പെൻഡ് ചെയ്തതായി പ്രസിഡന്റ് രഞ്ജി പണിക്കർ, ജനറൽ സെക്രട്ടറി ജി എസ് വിജയൻ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെ ഇന്നലെ രാത്രിയാണ് രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മണിക്കൂറുകൾക്ക് മുമ്പ് മാത്രമാണ് നടി പരാതി നൽകിയ കാര്യം രഞ്ജിത് അറിഞ്ഞതെന്നാണ് സൂചന. ഉന്നത ഉദ്യോഗസ്‌ഥരെയടക്കം ബന്ധപ്പെട്ട് അറസ്റ്റ് ഒഴിവാക്കാൻ ശ്രമം നടന്നെങ്കിലും തെരഞ്ഞെടുപ്പ് കാലമായതിനാൽ ഉന്നതരാരും കേസിൽ ഇടപെടാൻ തയാറായില്ല എന്നും വിവരമുണ്ട്. രാവിലെ ഏഴ് മണിയോടെ രഞ്ജിത്തിനെ കൊച്ചി മരടിൽ മജിസ്ട്രേറ്റിൻ്റെ വീട്ടിലെത്തിച്ചാണ് പൊലീസ് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. തുടർന്ന് സബ് ജയിലിലേക്ക് മാറ്റി. എല്ലാം തെളിയും എന്നായിരുന്നു സബ് ജയിലിൽ പ്രവേശിപ്പിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് രഞ്ജിത് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ ഈ മാസം ജനുവരിയിൽ യുവനടിക്ക് നേരെ കാരവന് ഉള്ളിൽ രഞ്ജിത്ത് ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. മാനസികാഘാതത്തിലായ യുവ നടി കഴിഞ്ഞ ആഴ്ചയാണ് പരാതിയുമായി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചത്. തുടർന്ന് ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് രഹസ്യമായി നടത്തിയ പ്രാഥമിക അന്വേഷണത്തിനുശേഷം ആയിരുന്നു ഇന്നലെ രാത്രി രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. യുവ നടിയോട് രഞ്ജിത് കാരവനിൽ വെച്ച് മോശമായി പെരുമാറിയ കാര്യം സിനിമ സെറ്റിലുള്ളവരെല്ലാം അറിഞ്ഞിരുന്നെന്ന് പൊലീസ് പറഞ്ഞു. കടുത്ത മാനസികാഘാതത്തിലായ അതിജീവിത കഴിഞ്ഞയാഴ്ച നേരിട്ട് എത്തി പരാതി നൽകുകയായിരുന്നെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഷൂട്ടിംഗ് സൈറ്റിൽ ഉണ്ടായിരുന്ന മറ്റ് ചലച്ചിത്ര പ്രവർത്തകരെയും പൊലീസ് ചോദ്യം ചെയ്യും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മതിയായ നിയമങ്ങൾ ഇപ്പോൾ തന്നെയുണ്ട്, ഭേദ​ഗതിയിൽ നീതിനിഷേധമുണ്ട്'; എഫ്സിആർഎക്കെതിരെ കെസിബിസി
'നമ്മുടെ മകൻ, അച്ഛൻ, സഹോദരൻ ജയിലിൽ നിന്ന് ഒരു വ്യാജ പരാതി അകലത്തിൽ മാത്രം', രഞ്ജിത് റിമാൻഡിലായതിന് പിന്നാലെ രാഹുൽ ഈശ്വർ