
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തന്നെ വിചാരണയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ വിടുതൽ ഹർജി കോടതി തള്ളി. കൊച്ചിയിൽ ഈ കേസ് പരിഗണിക്കാൻ രൂപീകരിച്ച പ്രത്യേക കോടതിയാണ് ദിലീപിന്‍റെ ഹർജി പരിഗണിച്ചത്. ഇതോടൊപ്പം കേസിലെ പത്താം പ്രതിയായ വിഷ്ണു നൽകിയ ഹർജിയും കോടതി തള്ളിയിട്ടുണ്ട്. കേസിൽ ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കാൻ സാധ്യമല്ലെന്നും പ്രത്യേക കോടതി ജഡ്ജി ഹണി വർഗീസ് വ്യക്തമാക്കി.
'ദിലീപ് ഹാജരായേ തീരൂ'
കേസിൽ ദിലീപ് നേരിട്ട് ഹാജരാകാതിരുന്നതിൽ പ്രത്യേക കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ദിലീപിന്‍റെയും പത്താം പ്രതിയുടെയും വിടുതൽ ഹർജി കൂടി തള്ളിയ സാഹചര്യത്തിൽ കേസിൽ തിങ്കളാഴ്ച പ്രതികൾക്കെതിരെ കുറ്റം ചുമത്തും. കുറ്റം ചുമത്തുന്ന നടപടി പത്തു ദിവസം വൈകിക്കണമെന്ന ദിലീപിന്‍റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. അതിവേഗം വിചാരണ പൂർത്തിയാക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് പാലിക്കേണ്ടതുണ്ടെന്നും കോടതി പ്രതിഭാഗത്തെ അറിയിച്ചു.
കേസിൽ കുറ്റം ചുമത്തുന്ന ദിവസമായ തിങ്കളാഴ്ച ദിലീപടക്കം മുഴുവൻ പ്രതികളും ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. അന്ന് അടച്ചിട്ട കോടതിമുറിയിൽ ദിലീപടക്കമുള്ള എല്ലാ പ്രതികൾക്കും മേൽ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ എന്തൊക്കെയെന്നത് വായിച്ചു കേൾപ്പിക്കും. അതിനാൽ പ്രതികൾ ഹാജരായേ തീരൂ.
വിടുതൽ ഹർജിയുടെ വിചാരണാ വേളയിൽ കുറച്ചു കൂടി സമയം വേണം വാദഗതികൾ ഉന്നയിക്കാനെന്ന് ദിലീപിന്‍റെ അഭിഭാഷകർ വ്യക്തമാക്കി. എന്നാൽ കേസിന്‍റെ വിചാരണ തീർക്കാൻ ആകെ ആറ് മാസമാണ് സമയമുള്ളതെന്നും, വെറുതെ കോടതിയുടെ സമയം കളയരുതെന്നും ശക്തമായ ഭാഷയിൽത്തന്നെ പ്രത്യേക കോടതി ജഡ്ജി ആവശ്യപ്പെട്ടു.
ദിലീപിന്‍റെ വാദങ്ങൾ, പ്രോസിക്യൂഷന്‍റെ മറുവാദങ്ങളും
നടിയെ ആക്രമിച്ച് പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ അടക്കം പരിശോധിച്ചതിന് ശേഷമാണ് ദിലീപ് ഹർജി നൽകിയത്. നിലവിലുള്ള കുറ്റപത്രത്തിൽ, തന്നെ വിചാരണ ചെയ്യാനുള്ള തെളിവില്ലെന്നായിരുന്നു ദിലീപിന്‍റെ വാദം.
എന്നാൽ ദിലീപിന് വിടുതൽ നൽകരുതെന്നും വിചാരണ നടത്താൻ പര്യാപ്തമായ തെളിവുകൾ ഉണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. ദിലീപ് സമർപ്പിച്ച ഹർജിയിൽ നടിയുടെ സ്വകാര്യതയെ ബാധിക്കുന്ന പരാമർശങ്ങൾ ഉള്ളതിനാൽ അടച്ചിട്ട കോടതി മുറിയിലാണ് വാദം പൂർത്തിയാക്കിയത്.
തനിക്കെതിരെ കുറ്റം ചുമത്താവുന്ന തരത്തിലുള്ള സാഹചര്യത്തെളിവുകളോ, വ്യക്തമായ തെളിവുകളോ ഇല്ല. മാത്രമല്ല, തനിക്ക് കുറ്റകൃത്യങ്ങളുടെ ഒരു പൂർവകാലമില്ല (Criminal Background). കേസിലെ പ്രതിയായ സുനിൽ കുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് തനിക്കെതിരെ കുറ്റം ചുമത്തിയതും കേസ് ചമച്ചതും. വ്യാജത്തെളിവുകളാണ് തനിക്കെതിരെ ഉള്ളത്. അതിനാൽ കേസിൽ നിന്ന് വിടുതൽ വേണം - ഇതായിരുന്നു ദിലീപിന്‍റെ ആവശ്യം.
എന്നാൽ പ്രോസിക്യൂഷൻ ഇതിനെ നേരിട്ടത് ശക്തമായ വാദഗതികളോടെയാണ്. ശക്തനായ ഒരാളുടെ പിൻബലമില്ലാതെ കേസിലെ പ്രതിയായ സുനിൽ കുമാർ ഇത് ചെയ്യില്ല. ദിലീപാണ് ഈ സംഭവങ്ങളുടെ മൊത്തം സൂത്രധാരൻ. ക്വട്ടേഷൻ നൽകി ഒരു യുവതിയെ ബലാത്സംഗം ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ കേസാണ് ഇത്. അതിനാൽ ദിലീപിനെ കേസിൽ നിന്ന് ഒഴിവാക്കരുതെന്നും, പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ ഗുരുതരമായ ചില ആരോപണങ്ങളും ദിലീപിന്‍റെ അഭിഭാഷകൻ ഉന്നയിച്ചിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ ഇതൊന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്ന് നിർദേശമുണ്ട്.
ആറ് മാസമാണ് നടിയെ ആക്രമിച്ച കേസ് വിചാരണയ്ക്കായി പ്രത്യേക കോടതിയ്ക്ക് മുന്നിലുള്ളത്. ഇതിനുള്ളിൽ വിചാരണ പൂർത്തിയാക്കി വിധി പറയണമെന്നാണ് സുപ്രീംകോടതി നിർദേശം നൽകിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam