തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍, ഉടക്കി നിൽക്കുന്ന ശോഭാ സുരേന്ദ്രനെ അനുയിപ്പിക്കാൻ ഒരുങ്ങുകയാണ് ബിജെപി. കേന്ദ്ര നിർദ്ദേശപ്രകാരം സംസ്ഥാനനേതൃത്വം ശോഭയുമായുള്ള ചർച്ചക്കായി എ എൻ രാധാകൃഷ്ണനെ ചുമതലപ്പെടുത്തി. ഇന്നോ നാളെയോ സമവായചർച്ച നടക്കുമെന്നാണ് സൂചന. അടുത്തയാഴ്ച ശോഭാ സുരേന്ദ്രൻ കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
നേതൃത്വത്തിനെതിരെ പരസ്യക്കലാപക്കൊടി ഉയർത്തിയ ശോഭാ സുരേന്ദ്രൻ അതിവേഗമാണ് സംസ്ഥാന ബിജെപിയിൽ പുതിയ ഗ്രൂപ്പുണ്ടാക്കിയത്. കെ സുരേന്ദ്രൻ പ്രസിഡന്‍റായ ശേഷം പരിഗണന കിട്ടാതെ പോയ പി എം വേലായുധൻ. കെ പി ശ്രീശൻ, ജെ ആർ പത്മകുമാർ അടക്കമുള്ളവർ ശോഭയ്ക്ക് ഒപ്പം ചേർന്നു. കൃഷ്ണദാസ് പക്ഷത്തിന്‍റെ കൂട്ട് പിടിച്ച് സുരേന്ദ്രനെതിരെ ശോഭാഗ്രൂപ്പ് നീക്കങ്ങൾ ശക്തമാക്കിയപ്പോൾ സുരേന്ദ്രനും തിരിച്ചടിക്ക് ശ്രമം തുടങ്ങി.
പാർട്ടി പരിപാടികളിൽ നിന്നും വിട്ടുനിൽക്കുന്നത് അച്ചടക്കലംഘനമായി ഉന്നയിച്ച് ശോഭക്കെതിരായ നടപടിക്കായിരുന്നു നീക്കം. ശോഭ പാർട്ടി വിട്ടേക്കുമെന്ന് വരെ അഭ്യൂഹങ്ങൾ ഉയർന്നു. പക്ഷെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശോഭയെ പോലുള്ള നേതാവിനെ ഒപ്പം നിർത്താനാണ് കേന്ദ്ര നേതൃത്വത്തിന്‍റെ നിർദ്ദേശം.
ആർഎസ്എസിനും സമാനനിലപാടാണുള്ളത്. ഈ സാഹചര്യത്തിലാണ് എ എൻ രാധാകൃഷ്ണനെ സമവായദൗത്യത്തിനായി നിയോഗിച്ചത്. കോർകമ്മിറ്റിയിലെ സ്ഥാനം അടക്കമുള്ള ആവശ്യങ്ങൾ ശോഭ എ എൻ രാധാകൃഷ്ണനുമായുള്ള ചർച്ചയിലാവശ്യപ്പെടും. മുതിർന്ന നേതാക്കൾക്ക് വേണ്ട പരിഗണന വേണമെന്നും പറയും.
ആവശ്യങ്ങളിൽ സംസ്ഥാന നേതൃത്വം സ്വീകരിക്കുന്ന നിലപാടാണ് പ്രധാനം. അതിനിടെ പരാതി തീർക്കണമെന്നാവശ്യപ്പെട്ട് മൂന്ന് തവണ കേന്ദ്രത്തിന് കത്തയച്ച ശോഭാ സുരേന്ദ്രൻ അടുത്തയാഴ്ച ദില്ലിയിൽ നേരിട്ടെത്തുന്നുണ്ട്. 14-നോ 15-നോ അമിത്ഷാ, ദേശീയാധ്യക്ഷൻ ജെ പി നദ്ദ അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. നിർണ്ണായക തെരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രനെ ഏതെങ്കിലും എ പ്ലസ് മണ്ഡലത്തിൽ ഇറക്കണമെന്നാണ് കേന്ദ്രത്തിന്‍റെ ആഗ്രഹം. പാർട്ടിയോട് അകന്ന ശോഭയാകട്ടെ മത്സരിക്കാനില്ലെന്ന നിലപാടിലാണ്. വരും ദിവസങ്ങളിലെ ചർച്ചകളാണ് ഇനി ഇക്കാര്യത്തിൽ നിർണായകമാകുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam