കെഎസ്ആർടിസിയിലെ പോരിനിടെ തൊഴിലാളി സംഘടനകളുമായി എംഡിയുടെ ചർച്ച ഇന്ന്; സ്വിഫ്റ്റ് നവീകരണം മുഖ്യ അജണ്ട

By Web TeamFirst Published Jan 18, 2021, 7:13 AM IST
Highlights

പരിഷ്കരണത്തിലെ ആശങ്കകൾ യൂണിയനുകൾ ചർച്ചയിൽ ഉന്നയിക്കും. എംഡിയുടെ വിമർശനങ്ങളിൽ അതൃപ്തി അറിയിക്കാനും നീക്കം.

തിരുവനന്തപും: കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനകളുമായി എംഡി ബിജുപ്രഭാകർ ഇന്ന് ചർച്ച നടത്തും. യോഗം നേരത്തെ നിശ്ചയിച്ചിരുന്നുവെങ്കിലും ജീവനക്കാർക്കെതിരെ എംഡിയുടെ പരാമർശത്തിനെതിരെ യൂണിനയനുകൾ രംഗത്ത് വന്നതിന് ശേഷമുള്ള ചർച്ചക്ക് പ്രാധാന്യമേറെയാണ്. ജീവനക്കാരെ ആക്ഷേപിച്ച എംഡി അഭിപ്രായം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു ഉൾപ്പടെയുള്ള സംഘനടകൾ രംഗത്തുണ്ട്. 

ഐഎൻടിയുസി ഇന്ന് സംസ്ഥാന വ്യാപകമായി സമരം നടത്താൻ നിശ്ചിയിച്ചിരുന്നുവെങ്കിലും എംഡി ഇന്നലെ നടത്തിയ വിശദീകരണത്തിൻ്റെ അടിസ്ഥാനത്തിൽ മാറ്റിവയ്ക്കുകയായിരുന്നു. കെഎസ്ആർടിസിയിലെ കാട്ടുകള്ളന്മാരെയാണ് ആക്ഷേപിച്ചതെന്നും മൊത്തം ജീവനക്കാരെ അല്ലെന്നും ബിജു പ്രഭാകർ വിശദീകരിച്ചെങ്കിലും അതൃപ്തി പുകയുന്നുണ്ട്. ഇതിനിടെ നൂറുകോടി കാണാനില്ലെന്ന എംഡിയുടെ വെളിപ്പെടുത്തൽ ശരിവെക്കുന്ന ധനകാര്യ പരിശോധന വിഭാഗത്തിൻ്റെ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ചർച്ചകൾക്ക് മുൻപ് തന്നെ യൂണിയനുകളുടെ എതിർപ്പ് തള്ളി സ്വിഫ്റ്റ് നവീകരണ പദ്ധതിയുമായിമുന്നോട്ട് പോകുമെന്നും കെഎസ്ആർടിസി എംഡി വ്യക്തമാക്കിയിട്ടുണ്ട്.

ചില ഉപജാപക സംഘങ്ങള്‍ തെറ്റിദ്ധാരണ പടര്‍ത്തുന്നുവെന്ന് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ ഇന്നലെ പ്രതികരിച്ചിരുന്നു. ജീവനക്കാരുമായി യുദ്ധത്തിനില്ലെന്നും ബിജു പ്രഭാകര്‍ ഫേസ്ബുക്ക് ലൈവില്‍ പറയുന്നു. ജീവനക്കാര്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. താന്‍ പറഞ്ഞത് ആര്‍ക്കെങ്കിലും കൊണ്ടിട്ടുണ്ടെങ്കില്‍ അത് ഇവിടുത്തെ കാട്ടുകള്ളന്മാര്‍ക്കാണെന്നും ബിജു പ്രഭാകര്‍ പറയുന്നു. ചീഫ് ഓഫീസിലെ ചിലരെയാണ് താന്‍ തുറന്ന് കാണിച്ചത്. കാസര്‍ഗോഡുള്ള ജീവനക്കാരെ തിരുവനന്തപുരം പാപ്പനംകോടേയ്ക്ക് സ്ഥലം മാറ്റുന്നതില്‍ ആഹ്ളാദം കണ്ടെത്തുന്ന ചിലരെയാണ് താന്‍ ആക്ഷേപിച്ചതെന്നും നിലപാടില്‍ നിന്ന് പിന്മാറിലെന്ന് വ്യക്തമാക്കി ബിജു പ്രഭാകര്‍ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥർ തന്നെ എംഡിയെ ഓടിക്കാൻ ശ്രമിച്ചപ്പോഴാണ് തുറന്ന് പറച്ചിൽ നടത്തിയതെന്നും സ്വിഫ്റ്റിൽ പിന്നോട്ടില്ലെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

Also Read: 'ചൂണ്ടിക്കാണിച്ചത് കാട്ടുകള്ളന്മാരെ, ജീവനക്കാരുമായി യുദ്ധത്തിനില്ല': കെഎസ്ആര്‍ടിസി എംഡി

click me!