
കോഴിക്കോട്: തൊഴില്‍ ഇടങ്ങളില്‍ നിന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെ ജീവനക്കാരെ പിരിച്ചുവിടുന്ന നടപടി അതീവ ഗൗരവതരമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തിയ ജില്ലാതല അദാലത്തില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. ജില്ലാതല അദാലത്തില്‍ പരിഗണനയ്ക്കു വന്ന പരാതികളില്‍ കൂടുതലും തൊഴിലിടങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു.
അണ്‍ എയ്ഡഡ് മേഖലയിലെ സ്‌കൂളില്‍ 25 ഉം 30 വര്‍ഷങ്ങള്‍ വരെ ജോലി ചെയ്ത അധ്യാപികമാരെയും ഓഫീസ് സ്റ്റാഫിനെയും പെര്‍ഫോമന്‍സ് മോശമാണെന്ന കാരണം പറഞ്ഞ് ഒരു ആനുകൂല്യവും നല്‍കാതെ മെമ്മോ പോലും നല്‍കാതെ പിരിച്ചുവിട്ടെന്ന പരാതി ഇന്ന് വനിതാ കമ്മീഷന്റെ പരിഗണനയ്ക്ക് എത്തി. ഈ പ്രവണത കൂടി വരുന്നതായി കമ്മിഷന് ബോധ്യപ്പെടുകയും ചെയ്തു. അണ്‍ എയ്ഡഡ് മേഖലയിലെ വനിതാ അധ്യാപികമാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് പബ്ലിക് ഹിയറിംഗ് നടത്തി സംസ്ഥാന സര്‍ക്കാറിന് പരിഹാര നിര്‍ദേശങ്ങള്‍ അടങ്ങിയ ശുപാര്‍ശ വനിതാ കമ്മിഷന്‍ സമര്‍പ്പിച്ചിട്ടുണ്ട്.
മദ്യപിച്ച് വീടുകളില്‍ ചെന്ന് സ്ത്രീകളുടെ സ്വൈര്യ ജീവിതം തകര്‍ക്കുന്ന പുരുഷന്‍മാരെ പൊലീസ് സ്റ്റേഷനുകളില്‍ നിന്നും ഉപദേശിച്ച് വിടുന്ന ശീലം ഒഴിവാക്കണം. മദ്യപിച്ച് ശല്യം ചെയ്യുന്നവരെ ഡീ അഡിക്ഷന്‍ സെന്ററുകളിലേക്ക് അയയ്ക്കണം. ഗാര്‍ഹിക പീഡന പരാതികളില്‍ കൗണ്‍സിലിംഗിന് നിര്‍ദേശിച്ചാല്‍ പുരുഷന്‍മാര്‍ സഹകരിക്കാത്ത മനോഭാവം കൂടിവരുന്നതായും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
ജില്ലാതല അദാലത്തില്‍ ഒന്‍പതു പരാതികള്‍ തീര്‍പ്പാക്കി. രണ്ട് പരാതികള്‍ പൊലീസിനും ഒരു പരാതി ലീഗല്‍ സെല്ലിനും കൈമാറി. 39 പരാതികള്‍ അടുത്ത അദാലത്തിലേക്കു മാറ്റിവച്ചു. ആകെ 51 പരാതികള്‍ പരിഗണിച്ചു. അഭിഭാഷകരായ ഹബീജ, ശരണ്‍ പ്രേം, സി.കെ. സീനത്ത്, നടക്കാവ് എഎസ്ഐ രജിത, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam