
തിരുവനന്തപുരം: നേതാക്കള്‍ തമ്മിലുള്ള തര്‍ക്കത്തിൽ തട്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ നിയമിക്കുന്നത് നീളുന്നു. ബിനു ചുള്ളിയിൽ, ഒ.ജെ ജനീഷ് എന്നിവരുടെ പേരുകള്‍ നിര്‍ദ്ദേശിച്ചെങ്കിലും അബിൻ വര്‍ക്കിയെ പ്രസിഡന്‍റാക്കണമെന്ന കടുംപിടുത്തത്തിലാണ് രമേശ് ചെന്നിത്തല. തീരുമാനം വൈകുന്നതിന് കാരണം അഭിപ്രായ ഭിന്നതയല്ലെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരികെ കൊണ്ടുവരാനാണ് പൊതു തീരുമാനമെങ്കിൽ അതും സ്വീകരിക്കുമെന്നുമാണ് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് വ്യക്തമാക്കിയത്. രാഹുൽ മാങ്കൂട്ടത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച അന്നു മുതൽ പകരം പ്രസിഡന്‍റിനെക്കുറിച്ച് കോണ്‍ഗ്രസിൽ ചര്‍ച്ച തുടങ്ങിയതാണ്. പക്ഷേ തീരുമാനം നാളെ നാളെ എന്നും പറഞ്ഞ് നീളുകയാണ്.
ഹരിപ്പാട്ടുകാരനായ ദേശീയ സെക്രട്ടറി ബിനു ചുള്ളിയിലിനെ സംസ്ഥാന അധ്യക്ഷനാക്കാമെന്ന് ഒരു വിഭാഗം നേതാക്കള്‍ നിര്‍ദ്ദേശിച്ചു. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും ബിനുവിനെ അധ്യക്ഷനാക്കണമെന്ന നിര്‍ദ്ദേശം അംഗീകരിച്ചുവെന്ന് ബിനുവിനായി വാദിക്കുന്നുവര്‍ പറയുന്നുവെങ്കിലും നേതൃത്വം സ്ഥിരീകരിക്കുന്നില്ല. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തതിനാൽ ബിനുവിനെ അധ്യക്ഷനാക്കാനാകില്ലെന്നാണ് ചെന്നിത്തല അനുകൂലികളുടെ നിലപാട്. അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിച്ച അബിൻ വര്‍ക്കിയെ പ്രസിഡന്‍റാക്കുകയെന്നതാണ് സ്വാഭാവിക നീതിയെന്നാണ് വാദം. ഇല്ലെങ്കിൽ സംഘടനയിൽ കൂട്ടരാജിയും പ്രശ്നങ്ങളുമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. എന്നാൽ, കെപിസിസി ,കെഎസ് യു അധ്യക്ഷ സ്ഥാനത്ത് ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ടവരായതിനാൽ അബിൻ വര്‍ക്കി പറ്റില്ലെന്നാണ് മറുവിഭാഗത്തിന്‍റെ വാദം. സംസ്ഥാന വൈസ് പ്രസിഡന്‍റായ ഒ.ജെ ജനീഷിനെ അധ്യക്ഷനാക്കണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം.
ഷാഫി പറമ്പിൽ അനുകൂലികളും ജനീഷിനെ പ്രസിഡന്‍റാക്കുന്നതിനോട് യോജിക്കുന്നു. എന്നാൽ, എ വിഭാഗം ഇതിനെ എതിര്‍ക്കുകയാണ്. കെഎം അഭിജിത്തിനെ അധ്യക്ഷനാക്കണമെന്ന ആവശ്യം ആവര്‍ത്തിക്കുകയാണ് ഗ്രൂപ്പിലെ യുവനേതാക്കള്‍. പക്ഷേ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ലെന്ന് പറഞ്ഞ് എതിര്‍ക്കുന്നവര്‍ ഈ ആവശ്യം കയ്യോടെ തള്ളുകയാണ്. നേതാക്കള്‍ കടുംപിടുത്തം കാട്ടിയും തര്‍ക്കിച്ചും സമരവും തെരഞ്ഞെടുപ്പ് പ്രചാരണവും നടത്തേണ്ട സമയത്ത് യൂത്ത് കോണ്‍ഗ്രസിനെ നാഥനില്ലാതാക്കിയെന്ന് പരിഭവത്തിലാണ് യുവനേതാക്കളും അണികളും. സംസ്ഥാന നേതൃത്വത്തിലെ അഭിപ്രായ ഭിന്നതയല്ല തീരുമാനം വൈകുന്നതിന് കാരണമെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ തിരിച്ചുകൊണ്ടുവരാനാണ് തീരുമാനമെങ്കിൽ അത് സ്വീകരിക്കുമെന്നും അതല്ല മറ്റൊരാളാണെങ്കിൽ അതും സ്വീകരിക്കുമെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു.ആരായാലും പ്രഖ്യാപനം ഉടൻ വേണമെന്ന അഭിപ്രായമാണ് പ്രധാന നേതാക്കള്‍ക്കുള്ളത്.