'ഒരു സെന്‍റ് ഭൂമി പോലും തന്നില്ല', ഗണേഷ് വിൽപ്പത്രത്തിൽ തിരിമറി നടത്തിയെന്ന് മൂത്ത സഹോദരി

By Web TeamFirst Published May 19, 2021, 1:00 PM IST
Highlights

ആര്‍.ബാലകൃഷ്ണപിളള 2017-ലാണ് തന്‍റെ കാലശേഷം സ്വത്ത് വീതം വയ്ക്കേണ്ടതിനെ പറ്റി വിശദമാക്കുന്ന ആദ്യ വില്‍പ്പത്രം തയ്യാറാക്കിയത്. എന്നാൽ രണ്ടാമത്തെ വിൽപ്പത്രം പിന്നീട് തയ്യാറാക്കിയിരുന്നു. ഇതേച്ചൊല്ലിയാണ് തർക്കം. 

കൊല്ലം: ആര്‍ ബാലകൃഷ്ണപിളളയുടെ വില്‍പ്പത്രത്തില്‍ കെ ബി ഗണേഷ് കുമാർ ഇളയ സഹോദരി ബിന്ദു ബാലകൃഷ്ണനും ചേര്‍ന്ന് കൃത്രിമം നടത്തിയിട്ടുണ്ടാകാമെന്ന ഗുരുതര ആരോപണം ഉയര്‍ത്തി പിളളയുടെ മൂത്ത മകള്‍ ഉഷ മോഹന്‍ദാസ്. എന്നാല്‍ പിളള  സ്വന്തം ഇഷ്ടപ്രകാരമാണ് വില്‍പ്പത്രം തയാറാക്കിയതെന്ന  വാദവുമായി ബിന്ദു ബാലകൃഷ്ണനും രംഗത്തെത്തി. മന്ത്രി സ്ഥാനം തന്നെ നഷ്ടമാകാന്‍ ഇടയായ കുടുംബ പ്രശ്നങ്ങളെ പറ്റി  മൗനം തുടരുകയാണ് ഗണേഷ്.

ആര്‍.ബാലകൃഷ്ണപിളള 2017-ലാണ് തന്‍റെ കാലശേഷം സ്വത്ത് വീതം വയ്ക്കേണ്ടതിനെ പറ്റി വിശദമാക്കുന്ന ആദ്യ വില്‍പ്പത്രം തയ്യാറാക്കിയത്. അടച്ച വില്ലായി കൊട്ടാരക്കര സബ് രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത ഈ വില്‍പത്രത്തില്‍ മകന്‍ ഗണേഷ് കുമാറിന് കാര്യമായ സ്വത്തൊന്നും ഉണ്ടായിരുന്നില്ലെന്ന് മൂത്തമകള്‍ ഉഷ മോഹന്‍ദാസ് പറയുന്നു. വില്‍പത്രം തയ്യാറാക്കാൻ പിളളയെ സഹായിച്ച വിശ്വസ്തന്‍  പ്രഭാകരന്‍ നായരെ സ്വാധീനിച്ച് വില്‍പത്ര വിവരങ്ങള്‍ ഗണേഷ് മനസ്സിലാക്കിയെന്നും തുടര്‍ന്ന് ഇളയ സഹോദരിയുമായി ചേര്‍ന്ന് പിളളയെ സമ്മര്‍ദ്ദത്തിലാക്കി ഈ വില്‍പത്രം റദ്ദാക്കുകയായിരുന്നുമെന്നാണ് ഉഷയുടെ വാദം. പിന്നീട് 2020-ല്‍ പിളള തയ്യാറാക്കിയ വില്‍പത്രത്തില്‍ തനിക്ക് സ്വത്തൊന്നും ലഭിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വില്‍പത്രത്തില്‍ കൃത്രിമം നടന്നിട്ടുണ്ടാകാമെന്ന ആരോപണം കൂടി ഉഷ ഉയര്‍ത്തുന്നത്.

എന്നാല്‍ വിവാദത്തില്‍ ഗണേഷിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച പിളളയുടെ രണ്ടാമത്തെ മകള്‍ ബിന്ദു, മൂത്ത സഹോദരിയുടെ വാദങ്ങളെ പൂര്‍ണമായും നിരാകരിക്കുന്നു.

വിവാദത്തില്‍ പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് ഗണേഷ് ഇപ്പോഴും. സഹോദരങ്ങള്‍ക്കിടയിലെ തര്‍ക്കം കോടതി വ്യവഹാരത്തിലേക്ക് നീണ്ടാല്‍ രണ്ടര വര്‍ഷത്തിനപ്പുറവും ഗണേഷിന് മന്ത്രിസഭയില്‍ ഇടം കിട്ടുമോ എന്നതും കണ്ടറിയണം.

click me!