
കൊച്ചി: ഓർത്തഡോക്സ് - യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിന്നിരുന്ന പുത്തൻകുരിശ് പൂതൃക്ക പളളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു. കഴിഞ്ഞ ദിവസം മുളന്തുരുത്തിയിലും ഓണക്കൂറിലും സംഭവിച്ചതിൽ നിന്നും വിത്യസ്തമായി സമാധാനപരമായിരുന്നു ഏറ്റെടുക്കൽ നടപടി. രാവിലെ ഒൻപതരയോടെ പള്ളിയിലെത്തിയ പോലീസ് ഹൈക്കോടതി നിർദേശപ്രകാരം പള്ളി ഏറ്റെടുക്കുകയാണെന്ന് അറിയിച്ചു.
പള്ളിക്കകത്ത് പ്രതിഷേധ പ്രാർത്ഥന യജ്ഞം നടത്തിയിരുന്ന 25 യാക്കോബായ വിശ്വാസികൾ ഇതോടെ പള്ളിയിൽ നിന്നും ഇറങ്ങി. പിന്നീട് പോലീസ് വസ്‌തുവകകളുടെ കണക്കെടുപ്പ് പൂർത്തിയാക്കി പള്ളി പൂട്ടി. കഴിഞ്ഞ ദിവസങ്ങളിലെ പ്രതിഷേധം കണക്കിലെടുത്ത് പ്രദേശത്ത് വൻ പോലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. പള്ളിയുടെ സമീപ പ്രദേശങ്ങളിൽ അടക്കം സുരക്ഷ ഒരുക്കിയിരുന്നു.
പള്ളി ഏറ്റെടുത്ത റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. കോടതി വിധി അംഗീകരിക്കുന്നെന്നും പള്ളി സംരക്ഷിക്കുന്നതിനായി അവസാന ഘട്ടം വരെ പൊരുതിയെന്നുമായിരുന്നു പള്ളി ഭാരവാഹികളുടെ പ്രതികരണം. സമീപത്തുള്ള കമ്മ്യൂണിറ്റി ഹാൾ വിശ്വാസപ്രകാരമുള്ള പ്രാർത്തനക്കായി ഉപയോഗിക്കുമെന്ന് യാക്കോബായ വിഭാഗം അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam