തലസ്ഥാനത്ത് 377 പേര്‍ക്ക് കൂടി രോഗം, 363 ഉം സമ്പര്‍ക്കം; നാല് ജില്ലകളിൽ ഇന്ന് മാത്രം നൂറിലേറെ രോഗികള്‍

By Web TeamFirst Published Aug 2, 2020, 6:18 PM IST
Highlights

തിരുവനന്തപുരം ജില്ലയെ കൂടാതെ എറണാകുളം, മലപ്പുറം,കാസര്‍ഗോഡ് ജില്ലകളിലാണ് കൊവിഡ് രോഗികളിന്നും നൂറ് കടന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച 1169 പേരിൽ ഏറ്റവും കൂടുതൽ രോഗബാധിതര്‍ ഇന്നും തിരുവനന്തപുരം ജില്ലയിൽ. 377 പേര്‍ക്കാണ് ഇന്ന് ജില്ലയിൽ രോഗബാധയുണ്ടായത്. നാല് ജില്ലകളിൽ ഇന്ന് നൂറിന് മുകളിൽ കൊവിഡ് രോഗികളുണ്ട്. തിരുവനന്തപുരം ജില്ലയെ കൂടാതെ എറണാകുളം, മലപ്പുറം,കാസര്‍ഗോഡ് ജില്ലകളിലാണ് കൊവിഡ് രോഗികളിന്നും നൂറ് കടന്നത്. എറണാകുളം ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കുമാണ് രോഗബാധയുണ്ടായത്. മൂന്ന് ജില്ലകളിലും സമ്പ‍ക്കത്തിലൂടെയുള്ള രോഗബാധയാണ് കൂടുതലുമെന്നത് വലിയ ആശങ്കയുണ്ടാകുന്നു. പലജില്ലകളിലും പുതിയ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നുണ്ട്. 

തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരമാണ്. 377 രോഗികളിൽ  363 പേര്‍ക്കും സമ്പ‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 66 പേര്‍ രോഗമുക്തി നേടിയെന്നത് ആശ്വാസകരമാണ്. ജില്ലയിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 3500 ലേക്ക് അടുക്കുകയാണ്. തിരുവനന്തപുരം നഗരത്തിലെ ബണ്ട് കോളനിയിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. ബണ്ട് കോളനിയിൽ ഇന്ന് മാത്രം 17 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ബണ്ട് കോളനിയിലെ 55 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആറ്റിങ്ങൽ ഡിവൈഎസ്പി വൈ സുരേഷ് ഉൾപ്പെടെ 10 പൊലീസുകാർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.  ജില്ലയിലെ പൂന്തുറ അടക്കമുള്ള ലാര്‍ജ് ക്ലസ്റ്ററിൽ നിന്നും രോഗം പുറത്തേക്കും പടരുകയാണ്.  ബണ്ട് കോളനിയിലെ രോഗബാധ നഗരമധ്യത്തിൽ പുതിയ ക്ലസ്റ്റര്‍ രൂപപ്പെടുന്നതിന്‍റെ സൂചനയാണ് നൽകുന്നത്. 

കാസർകോട് 113 പേരിൽ 110 പേര്‍ക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. സമ്പർക്ക വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ തൃക്കരിപ്പൂർ പഞ്ചായത്തിൽ ഒരാഴ്ച സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യപിച്ചു ഉദുമ കോട്ടിക്കുളം തീരദേശ മേഖലയിൽ 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പൊലീസുകാർക്കും രോഗബാധയുണ്ട്.  ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഡ്യൂട്ടിക്ക് പോയിരുന്ന ചന്തേര, ഹൊസ്ദുർഗ് സ്റ്റേഷനുകളിലെ പൊലീസുകാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്കാസർകോട്ടെ ജ്വല്ലറി ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളത്ത് കൂത്താട്ടുകുളം മുനിസിപ്പാലിറ്റി വാർഡ് 9, ചിറ്റാട്ടുകര 7,9 സബ് വാർഡ്, വെങ്ങോല 7 എന്നിവ കണ്ടൈയിൻമെന്‍റ് സോണിലാണ്. ജില്ലയിൽ 37 പേരാണ് രോഗമുക്തി നേടിയത്. 

കോട്ടയം ജില്ലയില്‍ നിന്നുള്ള 70 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 38 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

 

click me!