
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.കെ. രാഗേഷിനെ പ്രകീർത്തിച്ചതിൽ വിശദീകരണവുമായി ദിവ്യ എസ് അയ്യർ ഐഎഎസ്. സൂര്യ ഫെസ്റ്റിവലിൽ അവതാരകന്റെ ചോദ്യത്തിനായിരുന്നു ദിവ്യയുടെ മറുപടി. ഒപ്പം ജോലി ചെയ്യുന്ന ഒരു വ്യക്തിയെക്കുറിച്ച് ഒരുനല്ല കാര്യം പറഞ്ഞതിന് ഒരുപക്ഷേ ഇത്രയധികം അധിക്ഷേപങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നത് പണ്ട് സോക്രട്ടീസിന്റെ കാലഘട്ടത്തിലൊക്കെ ഉണ്ടായിരുന്നു. അതിന് ശേഷം ഇപ്പോഴാണെന്നാണ് എനിക്ക് തോന്നുന്നതെന്ന് ദിവ്യ പറഞ്ഞു. എന്നാൽ കൂടെ ജോലി ചെയ്യുന്നവരെക്കുറിച്ച് കുറ്റം പറയുന്നവെയും അധിക്ഷേപിക്കുകയും ചെയ്യുന്നവരെയും നമ്മുടെ സമൂഹം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അത് മറ്റൊരു വിരോധാഭാസമാണ്. ഒരുമനുഷ്യനെക്കുറിച്ചും ഒരുകുറ്റമോ കുറവോ പിഴവോ പുറത്തുപറഞ്ഞതായി എനിക്കോർമയില്ലെന്നും അവർ പറഞ്ഞു.
എല്ലാവരും എല്ലാം തികഞ്ഞവരല്ല. എന്നിലുൾപ്പെടെ കുറ്റങ്ങളുണ്ട്, കുറവുകളുണ്ട്. ഞാൻ കൂടെ ജോലി ചെയ്യുന്ന ഒരുപാട് പേരിൽ കുറ്റങ്ങളും കുറവുകളുമുണ്ട്. പക്ഷേ അവയൊന്നും സ്ഥായിയല്ല എന്ന അറിവും എനിക്കുണ്ട്. പക്ഷേ ഒരു നന്മ ഒരുവ്യക്തിയിൽ നമ്മൾ കണ്ടു എന്നുണ്ടെങ്കിൽ അത് കൂടുതൽ കൂടുതൽ പ്രകാശിപ്പിക്കണം എന്നുള്ള സാധാരണ മനുഷ്യന്റെ ധാർമിക ബോധ്യം എന്നിലിന്നും വളരെ ശക്തമായുണ്ട് എന്നാണ് ഞാൻ കരുതുന്നത്. ആ ഒരു ധാർമിക ബോധ്യത്തിൽ നന്മയിലധിഷ്ടിതമായിട്ടുള്ള അഭിപ്രായങ്ങൾ ഞാൻ പ്രകാശിപ്പിക്കുക തന്നെ ചെയ്യുമെന്നാണ് വളരെ വിനയത്തോടെ പറയുന്നതെന്നും ദിവ്യ എസ് അയ്യർ പറഞ്ഞു.
കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറിയായി മുന്‍രാജ്യസഭാ എംപി കെ.കെ. രാഗേഷിനെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ദിവ്യ എസ് അയ്യർ അഭിനന്ദന പോസ്റ്റുമായി രംഗത്തെത്തിയത്. കര്‍ണ്ണന് പോലും അസൂയ തോന്നുംവിധമുള്ളതാണ് കെകെആറിന്റെ കവചമെന്ന് ഇന്‍സ്റ്റഗ്രാമില്‍ ദിവ്യ എസ്. അയ്യര്‍ അന്ന് കുറിച്ചു. ഇക്കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നില്‍ നിന്നുവീക്ഷിച്ച തനിക്ക് ഒപ്പിയെടുക്കാന്‍ സാധിച്ച അനവധി ഗുണങ്ങളുണ്ടെന്നും ദിവ്യ എസ്. അയ്യര്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പറഞ്ഞിരുന്നു. തുടർന്ന് രൂക്ഷമായ സൈബർ ആക്രമണം ദിവ്യ നേരിട്ടിരുന്നു.