പ്രഖ്യാപനം വന്നിട്ട് മൂന്ന് മാസം: കർണാടക പിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനാകാതെ ഡികെ ശിവകുമാർ

By Web TeamFirst Published Jun 11, 2020, 6:53 AM IST
Highlights

തുടർച്ചയായി മൂന്നാം തവണയും ഡികെയുടെ സ്ഥാനാരോഹണ ചടങ്ങിന് സർക്കാർ അനുമതി നിഷേധിച്ചതാണ് ഇതിനു കാരണം. 

ബെംഗളൂരു: പ്രഖ്യാപനം വന്ന് മൂന്ന് മാസമായിട്ടും കർണാടക പിസസി അധ്യക്ഷ സ്ഥാനമേറ്റെടുക്കാനാകാതെ കോൺ​ഗ്രസ് നേതാവ് ഡികെ ശിവകുമാ‍‍ർ. തുടർച്ചയായി മൂന്നാം തവണയും ഡികെയുടെ സ്ഥാനാരോഹണ ചടങ്ങിന് സർക്കാർ അനുമതി നിഷേധിച്ചതാണ് ഇതിനു കാരണം. ഇക്കാര്യത്തിൽ ക‍ർണാടക മുഖ്യമന്ത്രി യെദ്യൂരപ്പ രാഷ്ട്രീയ മര്യാദ മറക്കുകയാണെന്നാണ് കോൺഗ്രസ് വിമർശനം.

ഡി.കെ. ശിവകുമാറിനെ കർണാടക പിസിസി അധ്യക്ഷനായി സോണിയാഗാന്ധി പ്രഖ്യാപിച്ചത് മാർച്ച് 12-ന്. സ്ഥാനാരോഹണ ചടങ്ങിന് ജ്യോതിഷി ആദ്യം കുറിച്ചുനല്‍കിയ തീയതി മാർച്ച് 31. സംസ്ഥാനത്താകെ 3500 കേന്ദ്രങ്ങളിലായി വീഡിയോ കോൺഫറന്‍സിലൂടെ സാമൂഹിക അകലം പാലിച്ച് സ്ഥാനാരോഹണചടങ്ങുകൾ നടത്താനായിരുന്നു പദ്ധതി. 

എന്നാല്‍ കോവിഡ് പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി സർക്കാർ അനുമതി നല്‍കിയില്ല. ഡികെ. കാത്തിരുന്നു. ലോക്ഡൗൺ ഇളവുകൾ വന്നതോടെ ജൂൺ ഏഴിന് അടുത്ത തീയതി കുറിച്ചു. അനുമതി നല്‍കിയില്ല. ഒടുവില്‍ മൂന്നാമതായി ജൂൺ 14ന് അനുമതി ആവശ്യപ്പെട്ടെങ്കിലും സർക്കാർ നിലപാട് ആവർത്തിച്ചു. കർണാടക ആരോഗ്യമന്ത്രി ബി. ശ്രീരാമലുവടക്കമുള്ള ബിജെപി നേതാക്കൾ ഇതേ കാലയളവിൽ കൊവിഡ് നിയന്ത്രണങ്ങൾ കാറ്റില്‍ പറത്തി റാലിയിലടക്കം പങ്കെടുത്തത് ചൂണ്ടിക്കാട്ടുന്നു ഡികെ ശിവകുമാർ. എന്തായാലും ചടങ്ങ് സംഘടിപ്പിക്കാനുള്ള അനുമതിക്കായി കോടതിയെ സമീപിക്കാനാണ് കോൺഗ്രസിന്‍റെ തീരുമാനം. 

click me!