'ശ്രീലക്ഷ്മിക്ക് ചികിത്സ വൈകിയിരുന്നില്ല', ആരോഗ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറി ഡിഎംഒ

Published : Jul 01, 2022, 08:36 PM ISTUpdated : Jul 29, 2022, 10:37 AM IST
'ശ്രീലക്ഷ്മിക്ക് ചികിത്സ വൈകിയിരുന്നില്ല', ആരോഗ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറി ഡിഎംഒ

Synopsis

മരണ കാരണം കണ്ടെത്തിയിട്ടില്ല. മറ്റ് അസുഖങ്ങളൊന്നും ശ്രീലക്ഷ്മിക്ക് ഉണ്ടായിരുന്നില്ലെന്നും ഡിഎംഒ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

പാലക്കാട്: പേ വിഷബാധയേറ്റ് മരിച്ച ശ്രീലക്ഷ്മിക്ക് ചികിത്സ വൈകിയിരുന്നില്ലെന്ന് ഡിഎംഒ. വാക്സീനുകൾ കൃത്യമായി എടുത്തതായി ബോധ്യപ്പെട്ടെന്നും ഡിഎംഒ ആരോഗ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. തുടർ നടപടികൾ ആരോഗ്യവകുപ്പിന്റെ നിർദേശം അനുസരിച്ച്. മരണ കാരണം കണ്ടെത്തിയിട്ടില്ല. മറ്റ് അസുഖങ്ങളൊന്നും ശ്രീലക്ഷ്മിക്ക് ഉണ്ടായിരുന്നില്ലെന്നും ഡിഎംഒ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രത്യേക സംഘം ഇന്ന് വൈകീട്ട് ശ്രലീക്ഷ്മിയുടെ വീട് സന്ദർശിച്ചിരുന്നു.

അതേസമയം വാക്സീനെടുത്തിട്ടും പേവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. പാലക്കാട് ജില്ലാ കളക്ടറും ജില്ലാമെഡിക്കൽ ഓഫീസറും വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന്  മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. ഒരാഴ്ച്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.  ജൂലൈ 12 ന് പാലക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മെയ് 30 നാണ് ശ്രീലക്ഷ്മിയെ അയൽവീട്ടിലെ വളർത്തുനായ കടിച്ചത്. തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. പേവിഷബാധയേറ്റതിന്‍റെ ലക്ഷണം കാണിച്ച് തുടങ്ങിയതോടെ ശ്രീലക്ഷ്മിക്ക് റാബീസ് വാക്‌സിൻ എടുത്തിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

പേവിഷ ബാധ: ഈ വ‍ർഷം ഇതുവരെ 13 മരണം : വാക്സീൻ പരിശോധിക്കണമെന്ന് വിദ​ഗ്ധ‍‍ർ

ഈ വർഷം 6 മാസത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 13 പേർ. ഈ മാസം മാത്രം മരണം മൂന്നെന്ന് ഞെട്ടിക്കുന്ന കണക്കുകൾ മെയ്, ജൂൺ മാസങ്ങളിലാണ് പേവിഷ ബാധയേറ്റുള്ള മരണം മുക്കാലും. ഈ വർഷം ഏപ്രിൽ 10 വരെ ഉള്ള സമയത്ത് മൂന്നു പേർക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. 3 പേരും മരിച്ചു. ഇന്നലെ വരെ മരണം 13.  വർത്തു മൃഗങ്ങളുടെ കടിയേറ്റാൽ , അത് ഗൌരവമാക്കാത്തതും കൃത്യ സമയത്ത് ചികിൽസ തേടുന്നതിൽ വരുന്ന വീഴ്ചയും പേ വിഷബാധയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നുണ്ട്.

അതേസമയം ആശങ്കയാകുന്നത് മറ്റൊരു കാര്യമാണ്. പൂർണ വാക്സിനേഷന് ശേഷമുള്ള മരണങ്ങൾ.  വാക്സിൻ ഗുണമേന്മ പരിശോധിക്കണമെന്നാണ് വിദഗ്ർ പറയുന്നത്. വാക്സിൻ സൂക്ഷിക്കുന്നത്, കൈകാര്യം ചെയ്യുന്നത്, കുത്തിവെയ്പ്പ് എന്നിവയിലും പരിശോധന വേണം. വാക്സിനെടുത്താലും പ്രതിരോധം രൂപപ്പെടാൻ ഒരാഴ്ച്ച വരെ സമയമെടുക്കാം. അതുവരെ സുരക്ഷിതമായിരിക്കാൻ ഇമ്യൂണോ ഗ്ലോബുലിൻ പോലുള്ളവ നൽകിയിട്ടുണ്ടോ എന്നതും അന്വേഷിക്കണം. പ്രതിരോധം രൂപപ്പെടുന്നത് വരെ വൈറസിനെ നിഷ്ക്രിയമാക്കാൻ ഐഡിആർവി, മോണോക്ലോണൽ ആന്റിബോഡി ഉൾപ്പടെ നൽകാറുണ്ട്. 

കടിയേറ്റ ഭാഗത്ത് തന്നെ കുത്തിവെപ്പ് നൽകി, വൈറസിനെ നിഷ്ക്രിയമാക്കുന്ന കുത്തിവെയ്പ്പിന് നല്ല വൈദഗ്ദ്യം വേണം. ഇത് സങ്കീർണമാണ്. ഇതിലെ വീഴ്ച്ചകളും മരണത്തിനിടയാക്കാം. ഒപ്പം മുഖം, കഴുത്ത് പോലെ അപകട സാധ്യത കൂടിയ സ്ഥലങ്ങളിൽ കടിയേൽക്കുന്നതാണ് മറ്റൊരു പ്രശ്നം. ഇത് വേഗത്തിൽ തലച്ചോറിനെ ബാധിക്കും. മാത്രവുമല്ല, ഈ ഭാഗങ്ങളിൽ കടിയേൽക്കുമ്പോൾ കടിയേറ്റ ഭാഗത്ത് തന്നെ ഇഞ്ചക്ഷൻ നൽകുന്നത് ബുദ്ധിമുട്ടാണ്. ഇതും മരണത്തിനിടയാക്കാം. 

വീട്ടിലെ വളർത്തു നായ്ക്കളാകുമ്പോൾ നിസാര പോറലുകൾ അവഗണിക്കുന്നതും, വാക്സിനെടുക്കുന്നതിൽ കാലതാമസം വരുത്തുന്നതും അപകട കാരണമാകാമെന്നും വിദഗ്ദർ പറയുന്നു. പാലക്കാട്ടെ മരണത്തിൽ ഇതിലേതാണ് കാരണമായതെന്ന് കണ്ടെത്തേണ്ടതുണ്ട്. ഏതായാലും മുഴുവൻ വാക്സിനെടുത്തിട്ടും ആളുകൾ മരിക്കുന്നത് കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് അപായ സൂചനയാണ്. ഇതാണ് സർക്കാർ അന്വേഷിക്കണമെന്ന് വിദഗ്ദർ പറയുന്നത്.

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ