
തൃശൂർ: തൃശൂരിൽ കിള്ളിമംഗലത്ത് ആൾക്കൂട്ട മർദ്ദനത്തിന് ഇരയായ യുവാവ് ഗുരുതരാവസ്ഥയിലെന്ന് സഹോദരൻ. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷ് ആണ് ഇന്ന് പുലർച്ചെ 2 മണിയോടെ ആൾക്കൂട്ട മർദ്ദനത്തിന് ഇരയായത്. ഒരാളോടും ഇത്തരത്തിൽ ക്രൂരത കാണിക്കരുതെന്നും സഹോദരൻ അതീവ ഗുരുതരാവസ്ഥയിലാണെന്നും സന്തോഷിന്റെ സഹോദരൻ രതീഷ് പ്രതികരിച്ചു. വിവാഹ നിശ്ചയം കഴിഞ്ഞയാളാണ്. വിഷുക്കൈനീട്ടം വാങ്ങാൻ എത്തുമെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക തന്നെ വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
അടയ്ക്കാ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് വീട്ടുകാരും നാട്ടുകാരും ചേർന്ന് ഇയാളെ ആക്രമിച്ചത്. കെട്ടിയിട്ട് മർദ്ദിച്ചതിന്റെ ചിത്രങ്ങൾ പൊലീസിന് ലഭിച്ചു. അടക്ക മോഷണം പോകുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് സംഭവം നടന്ന വീട്ടിൽ സിസിടിവി വെച്ചിരുന്നു. അടക്ക മൊത്ത വ്യാപാരിയുടേതാണ് വീട്. സംഭവ സമയത്ത് ഇവിടെ മോഷണം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാരും വീട്ടുകാരും ചേർന്ന് ഓടിച്ചിട്ട് പിടികൂടുകയായിരുന്നുവെന്നാണ് ഇവർ പറയുന്നത്. എന്നാൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
തൃശൂരിൽ യുവാവ് ആൾക്കൂട്ട മർദ്ദനത്തിന് ഇരയായെന്ന് പരാതി, ഗുരുതരാവസ്ഥയിൽ ചികിത്സയിൽ