
ആലപ്പുഴ: ആലപ്പുഴ (Alappuzha) നൂറനാട് (Nooranadu) ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ പ്രതിയായ പൊലീസുകാരന് (Police Man) സസ്പെൻഷൻ. അടൂർ ട്രാഫിക് സ്റ്റേഷനിലെ (Adoor Traffic Station) രതീഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടേതാണ് നടപടി.
ഇന്ന് രതീഷിനെ അറസ്റ്റ് ചെയ്തിരുന്നു. അമ്മയ്ക്ക് ചികിത്സ വൈകി എന്നാരോപിച്ചായിരുന്നു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ രതീഷ് ക്രൂരമായി മർദ്ദിച്ചത്. നൂറനാട് പാറ ജംഗ്ഷനിലെ സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുന്ന ഡോക്ടർ വെങ്കിടേഷിനാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം.
പൊലീസുകാരനായ രതീഷും സഹോദരന്‍ രാജേഷും ചേർന്ന് അമ്മയെ ചികിത്സയ്ക്കായി ക്ലിനിക്കിൽ കൊണ്ടുവന്നു. ചികിത്സ വൈകുന്നു എന്നാരോപിച്ച് ഇരുവരും ബഹളമുണ്ടാക്കി. ഇത് ചോദ്യം ചെയ്തതോടെ തന്നെ മർദ്ദിച്ചുവെന്നാണ് ഡോക്ടറുടെ മൊഴി. കാലിനും തലയ്ക്കും പരിക്കേറ്റ ഡോക്ടറെ നൂറനാട് സ്റ്റേഷനിലെ പൊലീസുകാർ എത്തിയാണ് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഡോക്ടറുടെ നെറ്റിയില്‍ എട്ട് സ്റ്റിച്ചുണ്ട്. വധശ്രമം അടക്കം വകുപ്പുകൾ ചുമത്തിയാണ് പ്രതിയായ പൊലീസുകാരനും സഹോദരനുമെതിരെ കേസെടുത്തിരിക്കുന്നത്.