
തിരുവനന്തപുരം: സർക്കാറിനെ വെല്ലുവിളിച്ച് കെടിയു, ഡിജിറ്റൽ വിസിമാരെ നിയമിച്ച് ഗവർണ്ണർ. സർക്കാർ പാനൽ വെട്ടിയാണ് ഗവർണ്ണറുടെ നിയമനം. പല കാരണങ്ങൾ പറഞ്ഞ് പെൻഷൻ പോലും നൽകാതെ സർക്കാർ വേട്ടയാടുന്ന മുൻ കെടിയു വിസി സിസ തോമസിനെ ഡിജിറ്റൽ വിസിയാക്കിയത് സർക്കാറിനുള്ള ഗവർണ്ണറുടെ ശക്തമായ പ്രഹരമായി.
ഡിജിറ്റൽ സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്ന ഡോക്ടർ സജി ഗോപിനാഥ് തന്നെയായിരുന്നു സാങ്കേതിക സര്‍വകലാശാലയുടെ ചുമതലയും വഹിച്ചിരുന്നത്. കഴിഞ്ഞ മാസം 24 ന് സജി ഗോപിനാഥ് വിരമിച്ചതോടെ ഇരു പദവിയിലും ഒരു മാസമായി ആളില്ല. രണ്ടിടത്തേക്കും സര്‍ക്കാർ മൂന്നംഗ പാനൽ ഗവര്‍ണർക്ക് നല്‍കിയിരുന്നു. സുപ്രീംകോടതി വിധിയെ തുടർന്ന് സാങ്കേതിക സര്‍വകലാശാല വിസിയുടെ കസേരയിൽ നിന്ന് പുറത്തായ ഡോക്ടർ എം എസ് രാജശ്രീ ഉൾപ്പെടെ അടങ്ങുന്ന പാനലാണ് ഡിജിറ്റൽ സര്‍വകലാശാലയിലേക്ക് സര്‍ക്കാർ സമര്‍പ്പിച്ചത്.
എന്നാൽ ഈ പാനൽ തള്ളി ഗവര്‍ണർ നിയമിച്ചിരിക്കുന്നത് സർക്കാരിന് ഏറെ അനഭിമതയായ ഡോക്ടർ സിസ തോമസിനെയാണ്. സര്‍ക്കാരിന്‍റെ അനുമതിയില്ലാത്ത ഡോക്ടർ സിസ തോമസിനെ ഗവര്‍ണർ മുൻപ് സാങ്കേതിക സര്‍വകലാശാലയുടെ താല്‍ക്കാലിക വിസിയായി നിയമിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി സിസക്കെതിരെ സര്‍ക്കാർ അന്വേഷണം പ്രഖ്യാപിച്ചു. വിരമിച്ച ശേഷം പെന്‍ഷൻ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങൾ തടഞ്ഞു. ഒടുവിൽ സിസ നൽകിയ ഹര്‍ജിയിൽ സുപ്രീംകോടതി സർക്കാരിന്റെ എല്ലാ നടപടികളും റദ്ദാക്കിയിട്ടും ഇന്നും ഇവർക്ക് പെന്‍ഷൻ അനുവദിക്കാൻ സര്‍ക്കാർ തയ്യാറായിട്ടില്ല.
കുസാറ്റിലെ ഷിപ്പ് ടെക്നോളജി വിഭാഗം പ്രൊഫസർ കെ ശിവപ്രസാദിനെയാണ് സാങ്കേതിക സര്‍വകലാശാലയുടെ താല്‍ക്കാലിക വിസിയായി ഗവര്‍ണർ നിയമിച്ചിരിക്കുന്നത്. ഡോക്ടർ സജി ഗോപിനാഥ് ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്‍റെ പാനൽ തള്ളിയാണ് ഇവിടെയും ഗവര്‍ണറുടെ നടപടി. കണ്ണൂർ സര്‍വകലാശാല വൈസ് ചാന്‍സലറായുള്ള ഡോക്ടർ ഗോപിനാഥ് രവീന്ദ്രന്‍റെ തുടർനിയമനം റദ്ദ് ചെയ്തുള്ള സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് ഗവർണറുടെ നടപടികൾ. വിസി നിയമനത്തിൽ ബാഹ്യ ഇടപെടൽ പാടില്ല എന്നും ഗവര്‍ണർക്കാണ് വിസിമാരെ നിയമിക്കാനുള്ള അധികാരം എന്നുമായിരുന്നു അന്ന് കോടതി വിധിച്ചത്. ഇപ്പോഴത്തെ തീരുമാനങ്ങൾ സര്‍ക്കാരും ഗവർണറും തമ്മിലുള്ള പോര് ശക്തമാക്കും. ഒപ്പം നിയമനടപടികളിലേക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam