ചേർത്തല താലൂക്ക് ആശുപത്രിയിലെ ഡോക്ടർ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് വീട്ടിൽ

By Web TeamFirst Published Aug 16, 2022, 9:18 PM IST
Highlights

ഉദര സംബന്ധമായ രോഗത്തിന് ഇദ്ദേഹം ചികിത്സ തേടിയിരുന്നു. മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

ആലപ്പുഴ: ചേർത്തല താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൺസൾട്ടന്റ് സർജൻ ഡോക്ടർ എം കെ ഷാജി (56) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി സ്വദേശിയായ ഡോ ഷാജി ചേർത്തല ബോയ്സ് ഹൈസ്കൂളിന് സമീപമുള്ള വീട്ടിലായിരുന്നു താമസം. ഇദ്ദേഹത്തിന്റെ മരണ കാരണം വ്യക്തമല്ല. ഉദര സംബന്ധമായ രോഗത്തിന് ഇദ്ദേഹം ചികിത്സ തേടിയിരുന്നു. മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഒരാഴ്ചക്കിടെ കൊച്ചിയെ നടുക്കി മൂന്നാമത്തെ കൊലപാതകം

അതിനിടെ കൊച്ചി നഗരത്തിൽ വീണ്ടും ഒരു കൊലപാതകം കൂടി നടന്നു. ഇൻഫോപാർക്കിന് സമീപത്തെ ഫ്ലാറ്റിലാണ് മൃതദേഹം ഉണ്ടായിരുന്നത്. മലപ്പുറം  വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയെന്ന 23 വയസുകാരനാണ് കൊല്ലപ്പെട്ടത്. എടച്ചിറയിലെ ഓക്സോണിയ എന്ന ഫ്ലാറ്റിൽ സുഹൃത്തുക്കൾക്കൊപ്പമാണ് ഇദ്ദേഹം താമസിച്ചിരുന്നത്. 

നാല് യുവാക്കളാണ് ഈ ഫ്ലാറ്റിൽ താമസിച്ചിരുന്നത്. സജീവിനൊപ്പം താമസിച്ചിരുന്ന അർഷാദിനെ കാണാതായിട്ടുണ്ട്. ഇയാൾ ഫ്ലാറ്റ് പൂട്ടി രക്ഷപെട്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഞായറാഴ്ച്ച രാത്രി വരെ സജീവ് കൃഷ്ണയെ ഫോണിൽ കിട്ടിയിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഇന്നലെ രാവിലെ മുതൽ ഫോണിൽ കിട്ടിയില്ല. തുടർന്ന് സുഹൃത്തുക്കൾ ബന്ധുക്കളെ വിവരം അറിയിച്ചു. കോട്ടയം സ്വദേശി ജിജി ഈപ്പൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഫ്ലാറ്റ്. സജീവ് കൃഷണയുടെ തലക്കും ദേഹത്തും നിരവധി മുറിവുകളുണ്ട്. 

കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചിയിൽ നടന്ന രണ്ട് കൊലപാതകങ്ങൾ നാടിനെ നടുക്കിയിരുന്നു. എറണാകുളം നഗരത്തിലെ കളത്തിപറമ്പ് റോഡിൽ ഉണ്ടായ സംഘർഷത്തിനിടെയാണ് വരാപ്പുഴ സ്വദേശി ശ്യാം (33) ആണ് കുത്തേറ്റു മരിച്ചത് . അരുൺ എന്നയാൾക്ക് ആണ് പരിക്കേറ്റു. കുത്തേറ്റ മൂന്നാമൻ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ആശുപത്രിയിൽ നിന്ന് മുങ്ങിയിരുന്നു. ഓഗസ്റ്റ് 10 ന് രാത്രി എറണാകുളം നഗരത്തിലെ ടൗൺ ഹാളിന് സമീപത്ത്, ഹോട്ടലിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ്, കൊല്ലം സ്വദേശി എഡിസണെ സുഹൃത്തായ മുളവുകാട് സ്വദേശി സുരേഷ് കഴുത്തിൽ കുപ്പി കുത്തിയിറക്കി കൊലപ്പെടുത്തിയത്. ഭക്ഷണം കവിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. ഈ കേസിൽ പ്രതി സുരേഷിനെ പൊലീസിന് പിടികൂടാനായിട്ടില്ല. ഇയാൾക്കായി ഇന്ന് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

click me!