
തിരുവനന്തപുരം: ബിബിസിയുടെ "ഇന്ത്യ- ദി മോദി ക്വസ്റ്റ്യൻ" എന്ന ഡോക്യുമെന്‍ററി വിവാദം രാജ്യത്തും സംസ്ഥാനത്തും കത്തിപ്പടരുന്നതിനിടെ വ്യത്യസ്ത നിലപാടുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ മകൻ അനില്‍ കെ ആന്‍റണി. ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബിബിസിയുടെ വീക്ഷണത്തിന് മുൻതൂക്കം നല്‍കുന്നത് അപകടകരമാണെന്ന് കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനര്‍ കൂടിയായ അനില്‍ ആന്‍റണി ട്വീറ്റ് ചെയ്തു. രാജ്യത്തിന്‍റെ പരമാധികാരത്തിന് തുരങ്കം വയ്ക്കുന്ന നടപടിയാണിത്.
മുൻ വിധികളോടെ പ്രവർത്തിക്കുന്ന ചാനലാണ് ബിബിസിയെന്നും ബിജെപിയോടുള്ള അഭിപ്രായ വ്യത്യാസം വച്ചു കൊണ്ടാണ് തന്നെയാണ് ഇങ്ങനെ പറയുന്നതെന്നും അനില്‍ ആന്‍റണി പറഞ്ഞു. ഇറാഖ് യുദ്ധത്തിന് പുറകിലെ തലച്ചോറായിരുന്നു മുന്‍ യു കെ വിദേശകാര്യ സെക്രട്ടറി ജാക്ക് സ്ട്രോ എന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.
അതേസമയം, ബിബിസിയുടെ "ഇന്ത്യ- ദി മോദി ക്വസ്റ്റ്യൻ" ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദർശിപ്പിക്കുമെന്ന് കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് ചെയർമാൻ അഡ്വ. ഷിഹാബുദ്ദീൻ കാര്യയത്ത് പറഞ്ഞിരുന്നു. റിപ്പബ്ലിക് ദിനത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡോക്യുമെൻററി പ്രദർശിപ്പിക്കും. ഡോക്യുമെന്‍ററിക്ക് രാജ്യത്ത് അപ്രഖ്യാപിത വിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.
ഗുജറാത്ത് വംശഹത്യയിൽ മോദി - അമിത്ഷാ കൂട്ടുകെട്ടിന്റെ പങ്കാളിത്തം പുറത്തുവരാതിരിക്കാനാണ് ഡോക്യുമെന്ററി രാജ്യത്ത് വിലക്കിയിരിക്കുന്നതെന്ന് അഡ്വ. ഷിഹാബുദ്ദീൻ കാര്യയത്ത് പറഞ്ഞു. ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ സത്യം ഒരിക്കലും മറച്ച് വയ്ക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. നിരോധിച്ചാലും സത്യം കൂടുതൽ പ്രകാശത്തോടെ പുറത്ത് വരും. മാധ്യമങ്ങളെയും, ഭരണഘടന സ്ഥാപനങ്ങളെയും അടിച്ചമർത്താം. എന്നാൽ സത്യത്തെ അടിച്ചമർത്താനാവില്ല. ജനങ്ങളെ ഭയപ്പെടുത്തിയിട്ട് കാര്യമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ' എന്ന വിവാദ ബിബിസി ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദർശിപ്പിക്കുമെന്ന് ഇടത് സംഘടനകളും യൂത്ത് കോൺഗ്രസും വ്യക്തമാക്കിയിരുന്നു.
ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിന് അനുമതി നിഷേധിച്ച് കണ്ണൂർ സർവ്വകലാശാല, പ്രദർശിപ്പിച്ച് എസ്എഫ്ഐ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam