രാഷ്ട്രീയ പാര്‍ട്ടിയും രൂപീകരിച്ചു; തട്ടിപ്പ് കേസ് പ്രതി പ്രവീണ്‍ റാണെ തെരഞ്ഞെടുപ്പ് കമ്മീഷനേയും കബളിപ്പിച്ചു

By Web TeamFirst Published Jan 8, 2023, 7:54 AM IST
Highlights

കോടികൾ കൈയ്യിലിട്ട് അമ്മാനമാടിയിരുന്ന പ്രവീൺ റാണെ കഴിഞ്ഞ ഏപ്രിലിലാണ് രാഷ്ട്രീയ പാ‍ർട്ടി രൂപീകരിച്ചത്. 

തൃശ്ശൂര്‍: തൃശ്ശൂരിലെ സേഫ് ആന്‍റ് സ്ട്രോങ് സാമ്പത്തിക തട്ടിപ്പുകേസിൽ പ്രതിയായ പ്രവീൺ റാണെ രാഷ്ടീയ പാർട്ടി രൂപീകരിച്ചതിന്‍റെ രേഖകളും പുറത്ത്. രാജ്യത്തെ മണി പവറിനും മസിൽ പവറിനും എതിരായ കൂട്ടായ്മ എന്ന പേരിലാണ് കഴിഞ്ഞ ഏപ്രിലിൽ റോയൽ ഇന്ത്യാ പീപ്പിൾസ് പാർട്ടി രൂപീകരിച്ചത്. കോടികൾ കൈയ്യിലിട്ട് അമ്മാനമാടിയിരുന്ന പ്രവീൺ റാണെ കഴിഞ്ഞ ഏപ്രിലിലാണ് രാഷ്ട്രീയ പാ‍ർട്ടി രൂപീകരിച്ചത്. ബിസിനസിലും സിനിമയിയിലും താരമായി സ്വയം അവരോധിച്ച റാണ രാഷ്ടീയത്തിലും ഒരു കൈ പയറ്റാനായിരുന്നു ശ്രമം. സംഘടനാ ശക്തി തെളിയിച്ചാൽ രാഷ്ട്രീയ ബന്ധങ്ങളിലൂടെ തനിക്കെതിരായ ഏത് നീക്കത്തെയും തടുക്കാമെന്നും റാണെ കണക്കുകൂട്ടി. 

രാജ്യത്തെ പട്ടിണിപ്പാവങ്ങളെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാർട്ടി രൂപീകരണമെന്നാണ് രേഖകളിലുളളത്. കോടികളുടെ ആസ്ഥിയുണ്ടെന്ന് നാഴികയ്ക്ക് നാൽപതുവട്ടം ആവർത്തിച്ചിരുന്ന റാണെ പാർട്ടി രൂപീകരണത്തിന്‍റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ രേഖകളില്‍ സാമ്പത്തികം തീരെ കുറവാണ്. ബാങ്കിൽ സ്വന്തമായുളളത് 5 ലക്ഷം രൂപ. ഭാര്യയുടെ പേരിൽ ഒരു ലക്ഷം. സേഫ് ആന്‍റ് സ്ട്രോങ് അടക്കം നിരവധി കമ്പനികളുടെ ഡയറക്ടർ സ്ഥാനം വഹിച്ചിരുന്ന തനിക്ക് നയാ  പൈസയുടെ ഷെയറുകളില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് പറഞ്ഞിരിക്കുന്നത്.  തനിക്കും ഭാര്യക്കും കൂടി ആകെയുള്ളത് ഏഴ് പവന്‍റെ സ്വർണമാണെന്നും രേഖകളില്‍ കാട്ടി.

click me!