ഗാർഹിക പീഡനം: പൊലീസിൽ 'ചാരപ്പണി'; രാഹുലിന് ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ

Published : May 18, 2024, 10:12 AM ISTUpdated : May 18, 2024, 12:32 PM IST
ഗാർഹിക പീഡനം: പൊലീസിൽ 'ചാരപ്പണി'; രാഹുലിന് ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ

Synopsis

ചാരപ്പണി ശ്രദ്ധയിൽപ്പെട്ട മേലുദ്യോഗസ്ഥർ ഇയാൾക്കെതിരെ അന്വേഷണത്തിന് നിർദ്ദേശിച്ചു. ഇയാളുടെ കോൾ റെക്കോർഡ്സ് അടക്കം പരിശോധിക്കും

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിൽ പ്രതി രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് വ്യക്തമായി. പിടിക്കപ്പെടാതെ ബംഗളൂരുവിൽ എത്താനുള്ള മാർഗ്ഗങ്ങൾ ഇയാൾ രാഹുലിന് പറഞ്ഞുകൊടുത്തു. രാഹുലിനും സുഹൃത്ത് രാജേഷിനും ഇയാൾ വിവിധ സഹായങ്ങൾ നൽകി. ചാരപ്പണി ശ്രദ്ധയിൽപ്പെട്ട മേലുദ്യോഗസ്ഥർ ഇയാൾക്കെതിരെ അന്വേഷണത്തിന് നിർദ്ദേശിച്ചു. ഇയാളുടെ കോൾ റെക്കോർഡ്സ് അടക്കം പരിശോധിക്കാൻ കേസന്വേഷിക്കുന്ന പൊലീസ് സംഘം തീരുമാനിച്ചു. 

പന്തീരാങ്കാവ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ആളാണ് ആരോപണ വിധേയൻ. എന്നാൽ ഇയാളുടെ പേര് വിവരം അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. പ്രതി രാഹുലിനെ പിടികൂടാന്‍ രാജ്യമാകെ വലവിരിച്ചു എന്ന് പൊലീസ് അവകാശപ്പെട്ട അതേ ദിവസങ്ങളില്‍ തന്നെയാണ് പന്തീരാങ്കാവ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പ്രതിക്ക് രാജ്യം വിടാനുളള ബുദ്ധി ഉപദേശിച്ച് സഹായങ്ങള്‍ ചെയ്തത്. രാഹുലിന്റെ സുഹൃത്ത് രാജേഷിന്റെ സഹപാഠിയായ പോലീസുകാരനാണ് വഴിവിട്ട സഹായം നൽകിയതെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. കഴിഞ്ഞദിവസം രാജേഷിനെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് നിര്‍ണായക വിവരങ്ങള്‍ കിട്ടിയത്. രാഹുലിനെതിരെ ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍ മാത്രമെന്ന വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ ഇയാള്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്താന്‍ തീരുമാനം വന്ന ദിവസം പന്തീരാങ്കാവ് സ്റ്റേഷനിൽ നടന്ന കൂടിയാലോചനകളുടെ നിര്‍ണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിന്‍റെ പക്കലുളളത്. 

പൊലീസിന്റെ പിടിയിൽ പെടാതെ ചെക്ക് പോസ്റ്റ് കടക്കാനുള്ള വഴികള്‍ ഇയാൾ നിര്‍ദ്ദേശിച്ചു. മാധ്യമങ്ങളില്‍ രാഹുലിന്‍റെ ചിത്രങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തില്‍ മുഖം മറച്ച് യാത്ര ചെയ്യണം എന്നതടക്കമുള്ള കാര്യങ്ങളും ഇയാള്‍ ഉപദേശിച്ചു. ഈ പൊലീസ് ഉദ്യോഗസ്ഥനും രാജേഷും തമ്മിൽ സാമ്പത്തിക ഇടപാട് നടത്തിയെന്നും പോലീസിന് വിവരമുണ്ട്. ഇതിൻറെ അടിസ്ഥാനത്തിൽ ഇയാളുടെ ഫോൺ കോൾ രേഖകൾ ഉൾപ്പെടെ പരിശോധിച്ചു. പൊലീസ് ഉദ്യോഗസ്ഥന്‍റെ ചാരപ്പണി ശ്രദ്ധയിൽപ്പെട്ട മേൽ ഉദ്യോഗസ്ഥർ ഇയാൾക്കെതിരായ റിപ്പോർട്ട് സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറി. അതിനിടെ രാഹുലിനെ തിരികെ എത്തിക്കാനുള്ള ശ്രമം പോലീസ് ഊർജ്ജിതമാക്കി. ആവശ്യമെങ്കിൽ ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പും അന്വേഷണസംഘം തുടങ്ങിയിട്ടുണ്ട്. രാഹുലിന് ജർമൻ പൗരത്വം ഉണ്ടെന്ന ബന്ധുക്കളുടെ വാദം തെറ്റ എന്ന് പോലീസ് കണ്ടെത്തി. മനഃപ്പൂർവം തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ചതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. രാഹുലിന്റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്താൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. അസുഖബാധിത ആയതിനെ തുടർന്ന് രാഹുലിന്റെ അമ്മയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ് കാരണം.

പന്തീരാങ്കാവ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സംഭവത്തിൽ കമ്മീഷണര്‍ മെമ്മോ നൽകിയിരുന്നു. ഇതേ കേസിൽ പരാതിക്കാരി ആദ്യം പരാതിയുമായി എത്തിയപ്പോൾ പ്രതിക്ക് സഹായകരമായ നിലപാട് സ്വീകരിച്ചുവെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് എസ്എച്ച്ഒയെ സര്‍വീസിൽ നിന്ന് സസ്പെൻ്റ് ചെയ്തത്. രാഹുലിന് വേണ്ടിയുള്ള തെരച്ചിൽ ഇതിന് ശേഷമാണ് പൊലീസ് തുടങ്ങിയത്. ഇന്റര്‍പോളിന്റെ അടക്കം സഹായം തേടി പൊലീസ് മുന്നോട്ട് പോകുമ്പോഴാണ് പൊലീസ് സേനയിലെ തന്നെ ഒരംഗം പ്രതിക്ക് സഹായകരമായ നിലപാട് സ്വീകരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

'കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു'; അതിജീവിതയുടെ മൊഴി പുറത്ത്
നിശാ ക്ലബ്ബിലെ തീപിടിത്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, കാരണം കണ്ടെത്തും