നിങ്ങൾ വീട്ടിൽ പീഡനം അനുഭവിക്കുന്നുണ്ടോ? 'അപരാജിത' സഹായത്തിനുണ്ട്, ഹെൽപ് ലൈൻ

By Web TeamFirst Published Jun 23, 2021, 6:57 AM IST
Highlights

ഗാർഹികപീഡനം അനുഭവിക്കുന്നവർക്ക് എസ്പിമാരെ നേരിട്ട് വിളിക്കാനും പദ്ധതിയൊരുങ്ങുന്നു. 'ദൃഷ്ടി' എന്ന പേരിലാണ് പുതിയ പദ്ധതി. എസ്പിമാരെ വാട്സ് ആപ്പ് നമ്പറിലാണ് വിളിക്കേണ്ടത്. എല്ലാ ബുധനാഴ്ചകളിലും ഒരു മണിക്കൂർ ജില്ലാ പൊലീസ് മേധാവിമാർ നേരിട്ട് പരാതി കേൾക്കും.
 
തിരുവനന്തപുരം: ഗാർഹികപീഡനം അനുഭവിക്കുന്നവർക്ക് പൊലീസിനെ ഉടനടി വിവരമറിയിക്കാൻ ഹെൽപ് ലൈൻ നമ്പറുകൾ സജീവമായി. വനിതകൾ നേരിടുന്ന സൈബർ അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും അപരാജിത ഓൺലൈൻ എന്ന സംവിധാനം ഇപ്പോൾ  നിലവിലുണ്ട്. 

സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ ഉൾപ്പെടെയുളള ഗാർഹിക പീഡനങ്ങൾ സംബന്ധിച്ച് പരാതികൾ നൽകുന്നതിന് ഇനി മുതൽ ഈ സംവിധാനം ഉപയോഗിക്കാവുന്നതാണ്. ഇത്തരം പരാതികളുളളവർക്ക് aparajitha.pol@kerala.gov.in എന്ന വിലാസത്തിലേയ്ക്ക് മെയിൽ അയയ്ക്കാം. 

ഈ  സംവിധാനത്തിലേയ്ക്ക് വിളിക്കാനുള്ള മൊബൈൽ നമ്പർ 94 97 99 69 92 ഇന്ന് മുതൽ നിലവിൽ വരും. 

കൂടാതെ പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ കൺട്രോൾ റൂമിലും പരാതികൾ അറിയിക്കാം. 

ഫോൺ 94 97 90 09 99, 94 97 90 02 86.

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്നങ്ങളും അന്വേഷിക്കുന്നതിന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. നിശാന്തിനിയെ സ്റ്റേറ്റ് നോഡൽ ഓഫീസർ ആയി നിയോഗിച്ചിട്ടുണ്ട്. ഒരു വനിതാ എസ്ഐ അവരെ സഹായിക്കും. 94 97 99 99 55 എന്ന നമ്പറിൽ ഇന്ന് മുതൽ പരാതികൾ നൽകാം. 

click me!