
കൊച്ചി: ഹൈക്കോടതി ജസ്റ്റിസുമാരെയും ചീഫ് ജസ്റ്റിസിനെയും ശമ്പളം പിടിക്കുന്നവരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് സർക്കാരിന് കത്ത്. രജിസ്ട്രാർ ജനറലാണ് കത്ത് അയച്ചിരിക്കുന്നത്. ജഡ്ജിമാർ ഭരണാ ഘടനാപരമായ ചുമതലകൾ വഹിക്കുന്നവരാണ്. അവരുടെ ശമ്പളം പിടിച്ചു വയ്ക്കുന്നത് ഭരണഘടനാപരമായി ശരിയല്ലെന്നും കത്തിൽ പറയുന്നു.
ഹൈക്കോടതി രജിസ്ട്രാർ ജനറലിന്റെ കത്ത് ഫിനാൻസ് സെക്രട്ടറിക്ക് തിങ്കളാഴ്ചയാണ് നൽകിയത്. അഞ്ച് മാസത്തേക്ക് ആറ് ദിവസത്തെ വീതം ശമ്പളം മാറ്റിവയ്ക്കാനായിരുന്നു സർക്കാരിന്റെ തീരുമാനം. ഇത് ഹൈക്കോടതി സിംഗിൾ ബെഞ്ച് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ഇതോടെ സർക്കാർ ഇതിനായി ഓർഡിനൻസ് പുറത്തിറക്കാനുള്ള നീക്കത്തിലാണ്.
പുതിയ ഓർഡിനൻസ് തയ്യാറായ ശേഷം മാത്രമേ ഈ മാസം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം ഉണ്ടാകൂ. ശമ്പള വിതരണം വൈകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളിൽ നിന്ന് കിട്ടുന്ന വിവരം. ദുരന്തം ഉണ്ടെന്ന് പ്രഖ്യാപിച്ചാൽ 25 ശതമാനം വരെ ശമ്പളം പിടിച്ചെടുക്കാനാകുന്ന വിധത്തിലാണ് ഓർഡിനൻസ് തയ്യാറാക്കുന്നത്. ശമ്പളം തിരിച്ചു നൽകുന്നത് 6 മാസത്തിനുള്ളിൽ തീരുമാനിച്ചാൽ മതിയെന്നും ഓർഡിനൻസിൽ വ്യവസ്ഥയുണ്ട്.
ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഇടക്കാല വിധിക്കെതിരെ അപ്പീൽ പോകേണ്ടെന്ന് സർക്കാർ തലത്തിൽ ധാരണയിലെത്തിയിരുന്നു. അഞ്ച് മാസത്തേക്ക് ആറ് ദിവസത്തെ വീതം ശമ്പളം മാറ്റിവയ്ക്കാനായിരുന്നു തീരുമാനം. ഇത് കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ നീക്കം. ഓർഡിനൻസ് ഇറക്കുന്നതിന്റെ നിയമ സാധുത പരിശോധിക്കാൻ നിയമ വകുപ്പിന് ഇന്നലെ നിർദ്ദേശം നൽകിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam