
ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സിജെ റോയിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് ബെംഗളൂരു. മരണത്തിന് തൊട്ടുമുൻപ് തന്റെ പ്രിയപ്പെട്ട അമ്മയെ ഫോണിൽ വിളിക്കണമെന്ന ആഗ്രഹം റോയ് പ്രകടിപ്പിച്ചിരുന്നതായി പോലീസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ശനിയാഴ്ച നേച്ചേഴ്‌സ് ലക്ഷ്വറി റിസോർട്ടിൽ പൊതുദർശനത്തിന് വെച്ച ഭൗതികദേഹത്തിന് അരികിലെത്തിയ അമ്മയുടെ നിലവിളി കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു.
കോൺഫിഡന്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ടി.എ. ജോസഫ് അശോക് നഗർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ആ കറുത്ത വെള്ളിയാഴ്ച നടന്ന സംഭവങ്ങൾ ഇങ്ങനെ വിവരിക്കുന്നു: വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആദായനികുതി ഉദ്യോഗസ്ഥർക്ക് മൊഴി നൽകാനായാണ് റോയ് ലാങ്‌ഫോർഡ് റോഡിലെ ഓഫീസിലെത്തിയത്. ഓഫീസിലെത്തിയ ഉടൻ തന്റെ ക്യാബിനിലേക്ക് പോയ റോയ്, തനിക്ക് അമ്മയോട് സംസാരിക്കണമെന്ന് ജോസഫിനോട് ആവശ്യപ്പെട്ടു.
പിന്നീട് ജോസഫ് തിരികെ വന്നപ്പോൾ റോയ് ആരെയും അകത്തേക്ക് വിടരുതെന്ന് സെക്യൂരിറ്റിയോട് നിർദ്ദേശിച്ചിരുന്നു. 10 മിനിറ്റിന് ശേഷം വാതിലിൽ മുട്ടിയിട്ടും പ്രതികരണമില്ലാതായതോടെ വാതിൽ തകർത്ത് അകത്തുകയറിയപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ റോയിയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റോയിയുടെ മരണത്തിന് പിന്നിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കടുത്ത മാനസിക സമ്മർദ്ദമാണെന്ന് കുടുംബം ആരോപിച്ചു. ജോയിന്റ് ഡയറക്ടർ കൃഷ്ണപ്രസാദ്, നിതിൻ എന്നിവരെ പോലീസ് ചോദ്യം ചെയ്തു. വെസ്റ്റ് സോൺ ജോയിന്റ് കമ്മീഷണർ സി. വംശി കൃഷ്ണയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിൽ രാത്രി വൈകിയും പോലീസ് പരിശോധന നടത്തി. കൂടുതൽ ഉദ്യോഗസ്ഥരെ വരുംദിവസങ്ങളിൽ ചോദ്യം ചെയ്യും.
സിജെ. റോയിയുടെ സംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കും. ബന്നാർഘട്ടയിലെ നേച്ചർസ് കാസ്കേഡിൽ ഉച്ചയ്ക്ക് രണ്ട് മണി വരെ പൊതുദർശനം തുടരും. സെന്റ് ജോസഫ്‌സ് സിറോ മലബാർ പള്ളിയിലെ അന്ത്യശുശ്രൂഷകൾക്ക് ശേഷം വൻ ജനവലിയുടെ സാന്നിധ്യത്തിലാകും സംസ്കാര ചടങ്ങുകൾ നടക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam