ഓര്‍ത്തഡോക്സ് സഭയെ നയിക്കാൻ ഡോ.മാത്യൂസ് മാര്‍ സെവേറിയോസ്

By Asianet MalayalamFirst Published Sep 16, 2021, 3:19 PM IST
Highlights

സഭാ ആസ്ഥാനമായ കോട്ടയം ദേവലോകത്ത് ചേ‍ര്‍ന്ന സിനഡിൽ ഓ‍ര്‍ത്തഡോക്സ് സഭയിലെ 24 മെത്രാപ്പൊലീത്തമാരാണ് പങ്കെടുത്തത്. 

കോട്ടയം: ഓർത്തഡോക്സ് സഭയുടെ പുതിയ പരമാധ്യക്ഷനായി ഡോക്ടർ മാത്യൂസ് മാർ സേവേറിയോസിനെ തെരഞ്ഞെടുത്തു.  ഇന്ന് ചേർന്ന എപ്പിസ്കോപ്പൽ സിനഡാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്.  നിലവിൽ കണ്ടനാട് വെസ്റ്റ് മെത്രാപ്പോലീത്താ ആണ് മാത്യൂസ് മാർ സേവേറിയോസ്. 
 
സഭാ ആസ്ഥാനമായ കോട്ടയം ദേവലോകത്ത് ചേ‍ര്‍ന്ന സിനഡിൽ ഓ‍ര്‍ത്തഡോക്സ് സഭയിലെ 24 മെത്രാപ്പൊലീത്തമാരാണ് പങ്കെടുത്തത്. സഭയുടെ പരമാധ്യക്ഷ സ്ഥാനത്തേക്ക് പല പേരുകളും സിനഡിൽ ഉയര്‍ന്നുവന്നുവെന്നും ഒടുവിൽ വോട്ടെടുപ്പിലൂടെ മാത്യൂസ് മാർ സേവേറിയോസിനെ തെരഞ്ഞെടുക്കുകയായിരുന്നുവെന്നുമാണ് സൂചന. രഹസ്യബാലറ്റിലൂടെ നടന്ന വോട്ടെടുപ്പിൽ 13 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചതെന്നാണ് വിവരം. 

വെള്ളിയാഴ്ച ചേരുന്ന മാനേജിംഗ് കമ്മിറ്റിക്ക് ശേഷം പുതിയ കാതോലിക്കാ ബാവയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും. ഒക്ടോബര്‍ 14-ന് പരുമലയിൽ ചേരുന്ന മലങ്കര അസോസിയേഷൻ യോഗം സിനഡ് തീരുമാനം ഔദ്യോഗികമായി അംഗീകരിക്കുന്നതോടെ അടുത്ത കാതോലിക്ക ബാവയായും മലങ്കര മെത്രാപ്പൊലീത്തയായും ഡോ.മാത്യൂസ് മാ‍ര്‍ സേവേറിയോസ് ചുമതലയേൽക്കും. സിനഡിൻ്റെ തെരഞ്ഞെടുപ്പിൽ സന്തോഷമെന്ന് നിയുക്ത കാതോലിക്ക ബിഷപ്  ഡോ.മാത്യൂസ്  മാർ സേവേറിയോസ് പ്രതികരിച്ചു. സിനഡ് ദൈവത്തിൻ്റെ സഭയെന്ന് തെളിഞ്ഞെന്നും നിയുക്ത ബാവ പറഞ്ഞു. 

കാലം ചെയ്ത ബസേലിയസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവയുടെ അസിസ്റ്ററ്റ് ആയിരുന്നു ഡോക്ടർ മാത്യൂസ് മാർ സേവേറിയോസ്. കര്‍ക്കശ്യക്കാരനായ തീരുമേനിയായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. സഭാ കേസുകളുടെ മേൽനോട്ട ചുമതലയും അദ്ദേഹത്തിനുണ്ടായിരുന്നു. 1949 ഫെബ്രുവരി രണ്ടിന് കോട്ടയം വാഴൂര്‍ മറ്റത്തിൽ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. 1978ലാണ് വൈദികനാവുന്നത്. 1973-ൽ മെത്രാപ്പൊലീത്തയായി. തുടര്‍ന്ന് സുനഹദോസ് മുൻസെക്രട്ടറിയായും മലങ്കര ഓര്‍ത്തഡോക്സ് വൈദിക സംഘം പ്രസിഡൻ്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് മുൻ ബാവയുടെ അസിസ്റ്റൻ്റായി പ്രവര്‍ത്തിച്ച അദ്ദേഹം തൻ്റെ 72-ാം വയസ്സിൽ ഓര്‍ത്തഡോക്സ് സഭയുടെ നായകത്വത്തിലേക്ക് എത്തുകയാണ്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

click me!