
തിരുവനന്തപുരം: മുൻ എംഎൽഎ പിസി ജോർജിന്റെ വിവാദ പ്രസംഗത്തിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. കടുത്ത വർഗീയ പരാമർശമാണ് പിസി നടത്തിയതെന്നാണ് മുന്നണി വ്യത്യാസമില്ലാതെ രാഷ്ട്രീയ നേതാക്കൾ വിമർശിക്കുന്നത്. പിസി ജോർജിനെതിരെ കേസെടുക്കണമെന്ന് യൂത്ത് ലീഗ് പരാതിയും നൽകിയിട്ടുണ്ട്. മുൻ എംഎൽഎ പി സി ജോർജിന്റേത് വെള്ളത്തിന് തീ പിടിപ്പിക്കുന്ന പ്രസ്താവനയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചത്.
ഇപ്പോഴിതാ പിസി ജോർജിനെ കണക്കിന് പരിഹസിക്കുന്നതാണ് ഡോക്ടർ നെൽസൺ ജോസഫിന്റെ കുറിപ്പ്. ള്ളി ഒഴിച്ചാൽ പിള്ളേരുണ്ടാവാത്ത മരുന്ന് ഏതാന്ന് അറിയണം. കോണ്ടത്തിന്റെ ഗ്ലോബൽ മാർക്കറ്റ് 9.9 ബില്യാണാണെന്ന് വായിച്ചു. എല്ലാത്തിനും സൊല്യൂഷനായി ഒറ്റത്തുള്ളി ഉപയോഗിക്കാമല്ലോ എന്നൊക്കെയാണ് നെൽസൺ കുറിക്കുന്നത്.
കുറിപ്പിങ്ങനെ..
അല്ല,വെറും അക്കാദമിക് താൽപര്യം മാത്രം. ഹോട്ടലിൽ വച്ചിരിക്കുന്ന, ചായയിൽ ഒരു തുള്ളി ഒഴിച്ചാൽ പിന്നെ പിള്ളേരുണ്ടാവില്ലാത്ത ആ മരുന്ന് ഏതാന്ന് ഒന്നറിയണം. വിത്ഡ്രോവൽ മെതേഡ്, കോണ്ടം, കോപ്പർ ടി, കോണ്ട്രാസെപ്റ്റീവ് പിൽ, ഇഞ്ചക്ഷൻ. പിന്നെ അതുക്കും മേലെ വാസക്ടമിയും ട്യൂബെക്ടമിയും പോലെ പെർമനന്റായ വഴികളും. പിള്ളേരുണ്ടാവാതിരിക്കാൻ ഇത്രയും വഴികൾ മിനിമം പയറ്റുന്നുണ്ട് ലോകത്ത്. ഇനിയുമുണ്ട്, പക്ഷേ അതല്ലല്ലോ നമ്മുടെ ടോപ്പിക് ഇതിൽ കോണ്ടത്തിന്റെ ഗ്ലോബൽ മാർക്കറ്റ് മാത്രം 9.9 ബില്യൺ ഡോളറായിരുന്നെന്ന് എങ്ങോ വായിച്ചിരുന്നു. എന്ന് വച്ചാൽ 75,000 ചില്വാനം കോടി രൂപ. അതിനൊക്കെ ഒരു സിമ്പിൾ സൊല്യൂഷനാവുമല്ലോ ഈ ഒറ്റത്തുള്ളിയിൽ സംഗതി ക്ലീനാക്കുന്ന ഐറ്റം. പറ, അതിന്റെ ഫോർമുല പറ. നൊബേൽ നമുക്ക് ഫിഫ്റ്റി ഫിഫ്റ്റി അടിക്കാന്ന്.
പിസി ജോർജിനെതിരായ പരാതി
ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ 'അനന്തപുരി ഹിന്ദു മഹാസമ്മേളനം' ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി സി ജോർജ് വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തിലുടനീളം മുസ്‌ലിം സമുദായത്തെ വർഗീയമായി അധിക്ഷേപിക്കുകയും ബോധപൂർവം വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്നതായും പരാതിയിൽ പറയുന്നു. കച്ചവടം ചെയ്യുന്ന മുസ്‌ലീങ്ങൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നു,
മുസ്‌ലീങ്ങൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്‌ലിം കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്ലിം മേഖലകളിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നു കൊണ്ടുപോകുന്നു തുടങ്ങി വളരെ ഗൗരവമായ നുണയാരോപണങ്ങളാണ് അദ്ദേഹം പ്രസംഗിച്ചതെന്നും പരാതിയിൽ വ്യക്തമാക്കി. മുസ്‌ലിം സമുദായത്തെ സംശയത്തിന്റെ മുനയിൽ നിറുത്താനും മറ്റു സമുദായത്തിലെ വിശ്വാസികൾക്കിടയിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനും മാത്രമാണ് കാരണമാകുകയെന്നും പരാതിയിൽ ഉന്നയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam