
തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറായി ഡോ. പി രവീന്ദ്രനെ നിയമിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം രാജ്ഭവൻ പുറത്തിറക്കി. വി സി നിയമനത്തിനായി സെർച്ച് കമ്മിറ്റി സമർപ്പിച്ച മൂന്ന് പേരുകൾ അടങ്ങിയ പാനലിൽ നിന്നാണ് ഡോ. പി. രവീന്ദ്രനെ ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര അർലേക്കർ തിരഞ്ഞെടുത്തത്. സെനറ്റ് നോമിനിയുടെ പേര് തള്ളിക്കൊണ്ടാണ് ഗവർണറുടെ നിർണ്ണായക നിയമനം. സർക്കാർ - ഗവർണർ പോരുമായി ബന്ധപ്പെട്ട പ്രതിസന്ധികൾക്കൊടുവിലാണ് സർവകലാശാലയ്ക്ക് പുതിയ വൈസ് ചാൻസലറെ ലഭിക്കുന്നത്. നേരത്തെ വി സിയുടെ ചുമതല വഹിച്ചിരുന്ന ഡോ. പി രവീന്ദ്രൻ, കാലിക്കറ്റ് സർവകലാശാല കെമിസ്ട്രി വിഭാഗം പ്രൊഫസർ ആണ്.
അതേസമയം ഇന്നലെ നിയമസഭയിൽ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള നയ പ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ - മുഖ്യമന്ത്രി പോര് ശക്തമായിരുന്നു. നയ പ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ മാറ്റം വരുത്തുകയും വായിക്കാതെ വിടുകയും ചെയ്തതും, ഈ ഭാഗങ്ങൾ കൂട്ടി ചേർത്ത് പിന്നീട് മുഖ്യമന്ത്രി വായിച്ചതും അസാധാരണ സംഭവമായി മാറി. നയപ്രസംഗത്തിൽ ഗവർണർ വായിക്കാതെ വിട്ട ഭാഗമെല്ലാം മുഖ്യമന്ത്രി നിയമസഭയിൽ വായിച്ചു. ഗവർണർ കേന്ദ്ര വിമർശനം വായിക്കാതെ വിട്ടതോടെ എതിർപ്പുമായി പിണറായി രംഗത്തെത്തുകയായിരുന്നു. സ്പീക്കറും ഗവർണറുടെ നീക്കത്തിൽ പ്രതികരിച്ചു. ഗവർണർ വായിക്കാതെ വിട്ട ഭാഗങ്ങളും അംഗീകരിക്കണമെന്നും, സർക്കാർ അംഗീകരിച്ച പ്രസംഗം മുഴുവൻ വായിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക രംഗത്ത് കേന്ദ്രം കേരളത്തെ ഞെരിക്കുന്നു എന്ന ഭാഗമാണ് ഗവർണർ വായിക്കാതെ വിട്ടത്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭാ സമ്മേളനം ആരംഭിച്ചത്. കേരളം വികസന പാതയില്‍ കുതിക്കുന്നെന്നും പത്ത് വർഷം ഉണ്ടായത് മികച്ച നേട്ടമാണ്, വികേന്ദ്രീകരണത്തിൽ സംസ്ഥാനം ദേശീയ തലത്തിൽ മാതൃകയാണെന്നും ഗവർണർ പറഞ്ഞു. ഗവര്‍ണര്‍ സഭയെ അഭിസംബോധന ചെയ്ത് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ചില കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും വരുത്തിയിട്ടുള്ളത് അംഗങ്ങളുടെയും ശ്രദ്ധയില്‍പ്പെടുത്തുന്നു എന്ന രീതിയിലാണ് മുഖ്യമന്ത്രി ഗവർണർ വിട്ട ഭാഗം വായിച്ചത്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ഖണ്ഡിക 12, 15, 16 എന്നിവയില്‍ ഗവര്‍ണറുടെ പ്രസംഗത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഭരണഘടനയുടെ അന്തഃസത്തയ്ക്കും സഭയുടെ കീഴ്‌വഴക്കങ്ങള്‍ക്കും അനുസൃതമായി മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗമാണ് നിലനില്‍ക്കുന്നത്. ഗവണ്‍മെന്റിന്റെ നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ സഭയില്‍ നടത്തുന്നത് എന്നതിനാല്‍ മന്ത്രിസഭ അംഗീകരിച്ച 12, 15, 16 ഖണ്ഡികകള്‍ അതേപടി നിലനില്‍ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam