
പാലക്കാട്: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് ഡോ പി സരിൻ. കേരളത്തിലെ കോൺഗ്രസിന്റെ ഒന്നാം നമ്പർ ശത്രു വി ഡി സതീശനാണെന്ന് സരിൻ ആരോപിച്ചു. സ്വന്തം നിലയ്ക്ക് മുഖ്യമന്ത്രിയാവാൻ അൻവർ മുതൽ ഷാജൻ സ്കറിയ വരെയും, ജമാഅത്തെ ഇസ്ലാമി മുതൽ എസ്ഡിപിഐ വരെയും, കാസ മുതൽ തനി സംഘിയെയും കൂട്ടുപിടിച്ചിരിക്കുകയാണ് വി ഡി സതീശനെന്ന് സരിൻ ആരോപിച്ചു. ഇന്ന് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഒന്നാം നമ്പർ ശത്രു തന്നെക്കൊണ്ട് ചുടുചോറു വാരിച്ച വി ഡി സതീശൻ ആണെന്നും സരിൻ കുറിച്ചു. തന്റെ കുറ്റങ്ങൾക്ക് കൂട്ടുനിന്ന്, ഒരു അവസരം ഒത്തു വന്നപ്പോൾ തന്നെ തള്ളിപ്പറഞ്ഞ്, കോൺഗ്രസുകാരുടെ ഗുഡ് ബുക്സിൽ ഒറ്റയ്ക്ക് കയറിക്കൂടാൻ തക്കം പാർത്തിരുന്ന സതീശൻ എന്ന അവസരവാദിയുടെ മറ്റൊരു ലെയർ കൂടി ഇവിടെ തുറന്നുകാട്ടപ്പെടേണ്ടതുണ്ടെന്നാണ് സരിന്‍റെ അഭിപ്രായം.
കുറിപ്പിന്‍റെ പൂർണരൂപം
"ഇനി പറയൂ കോൺഗ്രസേ,
കേരളത്തിന്‍റെ ഒന്നാം നമ്പർ ശത്രു,
കേരളത്തിലെ കോൺഗ്രസിന്റെ ഒന്നാം നമ്പർ ശത്രു,
അത് രണ്ടും നിങ്ങൾ ഇതുവരെയും തലയിൽ ചുമക്കേണ്ടി വന്ന സതീശൻ തന്നെയല്ലേ ?!
കോൺഗ്രസിനെ സതീശൻ ട്രാപ്പിൽ ആക്കുമ്പോൾ,
മതേതര കേരളവും ആ ട്രാപ്പിൽ വീണുപോകുമെന്ന് നിങ്ങൾ കരുതരുത് കോൺഗ്രസേ!
കോൺഗ്രസിന്റെയും യുഡിഎഫിന്റെയും അഭിപ്രായമാണ് സ്വാഭാവികമായും പ്രതിപക്ഷ നേതാവും ചെയർമാനും എന്ന നിലയിൽ ഒരാൾ അവതരിപ്പിക്കേണ്ടത്. ഇവിടെ പക്ഷേ, സ്വന്തം നിലയ്ക്ക് മുഖ്യമന്ത്രിയാവാൻ അൻവർ മുതൽ ഷാജൻ സ്കറിയ വരെയും, ജമാഅത്തെ ഇസ്ലാമി മുതൽ എസ്ഡിപിഐ വരെയും, കാസ മുതൽ തനി സംഘിയെയും കൂട്ടുപിടിച്ചിരിക്കുകയാണ് അയാൾ.
അയാളുടെ പറച്ചിലിൽ കുടുങ്ങിക്കിടക്കുന്നത് കോൺഗ്രസ്സാണ്. താൻ പറയുന്നതിന് കോൺഗ്രസുകാർ കയ്യടിക്കാൻ നിർബന്ധിതരാവും എന്നുറപ്പുള്ള അയാൾ, തന്നെ മറികടന്ന് മറ്റൊരാളെ ഉയർത്തിക്കാട്ടാൻ കോൺഗ്രസ് ഒരു കാരണവശാലും ഇനിയുള്ള സമയങ്ങളിൽ മുതിരില്ല എന്ന കൃത്യമായ കണക്ക് കൂട്ടലിൽ, കോൺഗ്രസ് എന്നത് നേതാക്കൾക്കുമപ്പുറം ഒരു വികാരമായി കാണുന്ന അണികളെ പോലും തൻറെ മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി 'സെറ്റ്' ചെയ്തു, മാനിപ്പുലേറ്റ് ചെയ്ത് വെച്ചിരിക്കുകയാണ്.
കോൺഗ്രസുകാർക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന ഉദാഹരണത്തിലൂടെ തന്നെ പറയാം: തൻറെ കാര്യസാധ്യത്തിന് എങ്ങനെ രാഹുൽ മാങ്കൂട്ടം എന്നു പറയുന്ന ക്രിമിനലിനെ സമർത്ഥമായി ഉപയോഗിക്കാം എന്നും, ഒരു പരിധിക്ക് അപ്പുറം പോകുമ്പോൾ 'സഹിക്ക വയ്യാതെയായി' എന്ന സ്ഥിതി വരുത്തി തീർത്ത് ആ ക്രിമിനലിനെ തള്ളിപ്പറഞ്ഞ്, ചില ബോധ്യങ്ങളുടെ പേരിൽ കോൺഗ്രസിനെ രാഹുലിൽ നിന്ന് രക്ഷിച്ചെടുക്കാൻ എന്ന വ്യാജേന നടപടികൾ തയ്യാറാക്കി വെച്ച് തലയൂരാം എന്നുമുള്ള നാടകം രണ്ടു വർഷം എടുത്ത് അയാൾ കെട്ടിയാടിയപ്പോൾ, അത് ആട്ടമറിയാതെ കണ്ടുതീർത്തവരാണ് പാവം കോൺഗ്രസുകാർ.
എന്നുമുതലാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ക്രിമിനൽ സ്വഭാവത്തിൽ ബോധ്യമുള്ളവനായി പ്രതിപക്ഷ നേതാവ് മാറിയത് എന്ന് ചോദിക്കാൻ പക്ഷേ കോൺഗ്രസുകാർ മറന്നു പോയി. സതീശന് മാത്രമായിരുന്നു രാഹുലിന്റെ ലീലാവിലാസങ്ങൾ തുടക്കം മുതൽ തന്നെ, പ്രതിപക്ഷ നേതാവ് എന്ന നിലയിൽ, പൂർണമായും ബോധ്യമുണ്ടായിരുന്നത്. എന്നിട്ടും അയാൾ രാഹുലിനെ പൊതിഞ്ഞുപിടിച്ചു. കാരണം, രാഹുൽ അയാൾക്ക് മുഖ്യമന്ത്രി കസേരയ്ക്കുള്ള പിടിവലിയിൽ വീണു കിട്ടിയ ആയുധമായിരുന്നു. ഗുരുതര സ്വഭാവമുള്ള കുറ്റങ്ങൾ ചെയ്തുകൂട്ടുന്നതിനിടയിൽ രാഹുൽ സെലിബ്രേറ്റ് ചെയ്യപ്പെടുന്നത്, അയാൾക്ക് അയാളുടെ കൂടി നേതൃ മികവിനുള്ള സെലിബ്രേഷൻ ആക്കി തീർക്കണമായിരുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ, കുറ്റത്തിൽ നിന്ന് പിന്തിരിയാൻ അല്ല, പകരം അയാൾ നൽകിയ പിന്തുണ രാഹുലിനും ഒരുതരം പ്രോത്സാഹനമായി തീർന്നു. ബാക്കി കഥ പൊതുസമൂഹം കണ്ട് കഴിഞ്ഞതാണ്.
ഇന്ന് രാഹുലിന്റെ ഒന്നാം നമ്പർ ശത്രു തൻറെ തെറ്റുകളുടെയും കുറ്റങ്ങളുടെയും പേരിൽ തന്നെ പ്രതിയാക്കി കേസെടുക്കാൻ ആവശ്യപ്പെട്ട കേരളത്തിൻറെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന ശ്രീ പിണറായി വിജയനല്ല, അത് സതീശനാണ്. ഇന്ന് രാഹുലിന്റെ ഒന്നാം നമ്പർ ശത്രു തന്നെക്കൊണ്ട് ചുടു ചോറു വാരിച്ച വി ഡി സതീശൻ ആണ്. തന്റെ കുറ്റങ്ങൾക്ക് കൂട്ടുനിന്ന്, ഒരു അവസരം ഒത്തു വന്നപ്പോൾ തന്നെ തള്ളിപ്പറഞ്ഞ്, കോൺഗ്രസുകാരുടെ ഗുഡ് ബുക്സിൽ ഒറ്റയ്ക്ക് കയറിക്കൂടാൻ തക്കം പാർത്തിരുന്ന സതീശൻ എന്ന അവസരവാദിയുടെ മറ്റൊരു ലെയർ കൂടി ഇവിടെ തുറന്നുകാട്ടപ്പെടേണ്ടതുണ്ട്.
അതാണ് സുകുമാരൻ നായർ കോൺഗ്രസിനുള്ള താക്കീത് എന്നപോലെ ഇന്ന് അവതരിപ്പിച്ചത്. സതീശൻ ഉണ്ടാക്കുന്ന കൂട്ടുകെട്ടുകളിൽ പെട്ട് കേരളത്തിൻറെ മതേതര സ്വഭാവം വ്രണപ്പെടുമ്പോൾ പ്രതികരിക്കാതിരുന്ന കോൺഗ്രസ് നേതാക്കൾ പോലും ഇപ്പോൾ പ്രതികരിച്ചു തുടങ്ങിയതിനു പിന്നിൽ ചില തിരിച്ചറിവുകൾ ഉണ്ട്.
2001ന് ശേഷമുള്ള കാൽ നൂറ്റാണ്ടിൽ കേരളത്തിലെ 140 അസംബ്ലി സീറ്റുകളിൽ പകുതിയിലെങ്കിലും ജയിക്കാൻ യുഡിഎഫി ന് സാധിച്ചത് ഒരിക്കൽ മാത്രമാണ്. അന്ന് കോൺഗ്രസിനെ സഹായിച്ചത് ആരാണെന്നും എന്താണെന്നും അതിനുള്ളിലെ ചിലർക്കെങ്കിലും ഇപ്പോഴും തിരിയും. സംഘടനാ ഗുണം കൊണ്ട് കേരളത്തിൽ ഒരു സീറ്റിലും ജയിക്കാൻ കഴിയാത്ത കോൺഗ്രസിൽ, തങ്ങളൊക്കെ സ്വന്തം നിയോജകമണ്ഡലങ്ങളിൽ ജയിച്ചത് എങ്ങനെയാണെന്ന ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് തിരുവഞ്ചൂർ രാധാകൃഷ്ണനും, എം എം ഹസ്സനും, കെ സി ജോസഫും ഒക്കെ സതീശൻ കുഴിക്കുന്ന ജമാഅത്തെ ഇസ്ലാമി - എസ്ഡിപിഐ ധ്രുവീകരണക്കുഴികളിൽ വീഴാതെ അസ്വസ്ഥത പ്രകടിപ്പിച്ചുകൊണ്ട് മുന്നോട്ടുവരുന്നത്.
കാരണം, സതീശൻ പറയുന്ന 100 സീറ്റ് പോയിട്ട് 71 സീറ്റിലെങ്കിലും ജയിച്ചു വരാൻ, ഇന്ത്യയിൽ ആർഎസ്എസ് പയറ്റുന്ന ഫോർമുലയിൽ, മതഭ്രാന്തിനെ താലോലിക്കുന്ന കൂട്ടരെ - അത് ഒരേ സമയം കേരളത്തിലെ ബിജെപിയെയും ജമാഅത്ത് ഇസ്ലാമിയേയും കൂട്ടുപിടിച്ച് സാധിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നത് കേരളത്തിൻറെ മതേതര പൊതുബോധം വകവച്ചു തരില്ലെന്നും, അതിന്റെ തിരിച്ചടി അവരവർ മത്സരിക്കുന്ന സീറ്റുകളിൽ തങ്ങൾക്ക് താങ്ങാൻ ആവില്ലെന്നും കോൺഗ്രസിലെ സ്ഥിരം സ്ഥാനമോഹികളെങ്കിലും തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.
ഇനി പറയൂ കോൺഗ്രസേ,
കേരളത്തിൻറെ ഒന്നാം നമ്പർ ശത്രു,
കേരളത്തിലെ കോൺഗ്രസിന്റെ ഒന്നാം നമ്പർ ശത്രു,
അത് രണ്ടും... നിങ്ങൾ ഇതുവരെയും തലയിൽ ചുമക്കേണ്ടി വന്ന സതീശൻ തന്നെയല്ലേ ?!"
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam