
പാലക്കാട് : പാലക്കാട്ടെ ഹോട്ടലിൽ നടന്ന പാതിരാ റെയ്ഡ് ഷാഫി പറമ്പിലിന്റെ നാടകമെന്ന ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ. പി സരിന്റെ പ്രസ്താവന പാർട്ടി നിലപാടല്ലെന്ന് പാലക്കാട് സി പി എം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു. പാർട്ടി നിലപാട് സരിൻ പറഞ്ഞതല്ല. ഷാഫി പറമ്പിലിന്റെ എല്ലാ കള്ളക്കളിയും അറിയുന്നതുകൊണ്ടാണ് സരിൻ ഷാഫിയെ കുറിച്ച് അങ്ങനെ പറഞ്ഞതെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ വെല്ലുവിളിച്ച ഇഎൻ സുരേഷ് ബാബു, എം.ബി രാജേഷിനെ ഓല പാമ്പ് കാട്ടി പേടിപ്പിക്കാമെന്ന് കരുതേണ്ടെന്നും തെരഞ്ഞെടുപ്പിന് ശേഷം ഔദ്യോഗിക കാറിൽ പ്രതിപക്ഷ നേതാവ് പാലക്കാട് കാല് കുത്തില്ലെന്നും വെല്ലുവിളിച്ചു.
പാലക്കാട്ടെ പാതിരാ പരിശോധനയിൽ സിപിഎമ്മിൽ നിന്നും വ്യത്യസ്തമായ വാദമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിൻ ഉയര്‍ത്തിയത്. കള്ളപ്പണമെത്തിയെന്നും തെളിവുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയടക്കം ആവര്‍ത്തിക്കുന്നതിനിടെ. പരിശോധനാ നാടകം ഷാഫി പറമ്പിലിന്റെ നാടകമാണെന്ന് സംശയിക്കുന്നുവെന്നും അന്വേഷണം വേണമെന്നുമായിരുന്നു സരിന്റെ വാദം. പരിശോധനാ നാടകം ഷാഫി ആസൂത്രണം ചെയ്തത് ആണോ എന്ന് അന്വേഷിക്കണമെന്നും സരിന്‍ ആവശ്യപ്പെട്ടു. പരിശോധനയക്ക് അടിസ്ഥാനമായ വിവരം എവിടെ നിന്ന് കിട്ടിയെന്ന് പൊലീസ് വ്യക്തമാക്കണം. ബിജെപി സിപിഎം ബന്ധം ആരോപിക്കാൻ ബോധപൂർവം പ്ലാറ്റ്ഫോം ഉണ്ടാക്കിയോ എന്നന്വേഷിക്കണമെന്നും സരിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam