
തിരുവനന്തപുരം: കേരളത്തെ നടുക്കിയ ഡോ. വന്ദനദാസ് വധക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഒന്നാണ് വിധി പറഞ്ഞത്. പ്രതി സന്ദീപിന് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ ആവശ്യം. പരമാവധി കുറഞ്ഞ ശിക്ഷ നൽകണമെന്ന് വാദപ്രതിവാദത്തിനിടെ പ്രതി ആവശ്യപ്പെട്ടിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് കുടവട്ടൂർ സ്വദേശിയായ സന്ദീപ് വന്ദനാദാസിനെ കുത്തിക്കൊലപ്പെടുത്തിയത്.
2023 മെയ് 10 ന് പുലർച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ക്രൂരകൃത്യം അരങ്ങേറിയത്.ഒരു തർക്കത്തെ തുടർന്ന് കാലിന് പരിക്കേറ്റ കുടുവട്ടൂർ സ്വദേശിയായ സന്ദീപിനെ പൂയപ്പള്ളി പൊലീസ് ആശുപത്രിയിൽ എത്തിച്ചു. പ്രകോപിതനായ സന്ദീപ് പരിശോധന മുറിയിൽ ഉണ്ടായിരുന്ന സർജിക്കൽ കത്രിക കൈക്കലാക്കി ആക്രമണം തുടങ്ങി. പൊലീസുകാരെ അടക്കം ആക്രമിച്ചു. വന്ദനാദാസിന് ഓടി രക്ഷപ്പെടാനായില്ല. കത്രിക കൊണ്ട് പ്രതി വന്ദനയെ കുത്തിക്കൊലപ്പെടുത്തി. ആശുപത്രിൽ സന്ദീപ് നടത്തിയ അക്രമത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
സന്ദീപിന് മാനസിക പ്രശ്നം ഉണ്ടെന്നായിരുന്നു കോടതിയിൽ പ്രതിഭാഗത്തിൻ്റെ വാദം. സാക്ഷിമൊഴികൾ അടക്കം ഹാജരാക്കി പ്രോസിക്യൂഷൻ പ്രതിഭാഗത്തിൻ്റെ വാദങ്ങളെ എതിർത്തു. മരുന്ന് കഴിക്കുന്നുണ്ടെങ്കിലും പ്രതിക്ക് ഗുരുതര മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കേസിൽ 70 ൽ അധികം സാക്ഷികളെയാണ് വിസ്തരിച്ചത്. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കി. സ്കൂൾ അധ്യാപകനായിരുന്നു സന്ദീപ്. സമൂഹത്തിന് മാതൃകയാകേണ്ടിയിരുന്നയാൾ നടത്തിയ ക്രൂരതയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam