വിശ്വാസ് മേത്ത ചുമതലയേറ്റു; കൊവിഡ് നിയന്ത്രണത്തിന് മുൻഗണനയെന്ന് ചീഫ് സെക്രട്ടറി

By Web TeamFirst Published Jun 1, 2020, 10:41 AM IST
Highlights

ടോം ജോസ് തുടങ്ങി വച്ച പ്രവർത്തനങ്ങളുടെ തുർച്ചയാണ് ലക്ഷ്യം. ലോക്ക് ഡൗൺ ഇളവുകളടക്കം മുഖ്യമന്ത്രിയുമായുള്ള യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്നും പുതിയ ചീഫ് സെക്രട്ടറി 

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്ത ചുമതലയേറ്റു.  രാവിലെ സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസിലെത്തിയാണ് ഔദ്യോഗികമായി സ്ഥാനം ഏറ്റെടുത്തത്. സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി ടോം ജോസ് വിശ്വാസ് മേത്തയ്ക്ക് ചുമതല കൈമാറി. മുതിർന്ന സെക്രട്ടറിമാർ  അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. 

1986 ബാച്ചിലെ ഉദ്യോഗസ്ഥനായ വിശ്വാസ് മേത്തയുടെ കാലാവധി അടുത്ത  ഫെബ്രുവരിവരെയാണ്. ആഭ്യന്തര വകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നാണ് വിശ്വാസ് മേത്ത ചീഫ് സെക്രട്ടറി പദത്തിലേക്ക് എത്തുന്നത്. ആരോഗ്യം വിദ്യാഭ്യാസം റവന്യു ജലവിഭവ വകുപ്പുകളുടെ മേധാവിയായിരുന്നു. രാജസ്ഥാൻ സ്വദേശിയാണ്.  

കൊവിഡ് വ്യാപനത്തിന്‍റെ സാഹചര്യം നിലനിൽക്കെ നിര്‍ണ്ണായ ഘട്ടത്തിലാണ് ചീഫ് സെക്രട്ടറി തലത്തിൽ മാറ്റം ഉണ്ടാകുന്നത്. കൊവിഡ് നിയന്ത്രണത്തിന് മുൻഗണനയെന്ന് സ്ഥാനമേറ്റെടുത്ത ശേഷം ചീഫ് സെക്രട്ടറി പ്രതികരിച്ചു. ലോക്ക് ഡൗൺ ഇളവുകളിൽ അടക്കം നിര്‍ണ്ണായക തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ഉന്നതതലയോഗത്തിന് ശേഷം പ്രഖ്യാപിക്കും. 

പിന്തുണക്കും സഹകരണത്തിനും നന്ദി അറിയിച്ചാണ് ടോം ജോസ് ചീഫ് സെക്രട്ടറി പദം വിശ്വാസ് മേത്തക്ക് കൈമാറിയത്. ടോം ജോസ് തുടങ്ങി വച്ച പ്രവര്‍ത്തനങ്ങളുടേയും പദ്ധിതികളിടേയും തുടര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്ന് വിശ്വാസ് മേത്തയും പ്രതികരിച്ചു. 

click me!