തൊടുപുഴയിൽ അട്ടിമറി; വിമതനെയും യുഡിഎഫ് സ്വതന്ത്രനെയും കൂടെ കൂട്ടി എൽ‍ഡിഎഫ്

By Web TeamFirst Published Dec 28, 2020, 12:30 PM IST
Highlights

ഇന്നലെ രാത്രി നടത്തിയ അവസാനവട്ട ചർച്ചകൾക്കൊടുവിലാണ് യുഡിഎഫ് വിമതനായി മത്സരിച്ച സനീഷ് ജോർജ്ജിനെ എൽഡിഎഫ് ചെയർമാൻ സ്ഥാനാർത്ഥിയാക്കിയത്. യുഡിഎഫ് സ്വതന്ത്ര ജെസി ജോണിയും എൽഡിഎഫിനെ പിന്തുണച്ചു.

തൊടുപുഴ: തൊടുപുഴ നഗരസഭയിൽ അട്ടിമറി. യുഡിഎഫ് ഭരണമുറപ്പിച്ച തൊടുപുഴയിൽ ചെയർമാൻ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം നേടാനായില്ല.യുഡിഎഫ് വിമതൻ സനീഷ് ജോർജ്ജിനെ എൽഡിഎഫ് ചെയർമാൻ സ്ഥാനാർത്ഥിയാക്കിയതോടെയാണ് ഭരണമുറപ്പിച്ച നഗരസഭയിൽ യുഡിഎഫിന് തിരിച്ചടിയായത്. യുഡിഎഫ് സ്വതന്ത്ര ജെസി ജോണിയും കൂടി എൽഡിഎഫിനെ പിന്തുണച്ചതോടെയാണ് ആദ്യഘട്ട വോട്ടെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ല. ഇനി ബിജെപി സ്ഥാനാർത്ഥിയെ ഒഴിവാക്കി ഒരു വട്ടം കൂടി വോട്ടെടുപ്പ് നടത്തും.

ഇന്നലെ രാത്രി നടത്തിയ ചർച്ചകളാണ് യുഡിഎഫിൽ ഭരണം തട്ടിയെടുത്തത്. 35 അംഗ നഗരസഭയിൽ 13 സീറ്റായിരുന്നു യുഡിഎഫിന് കിട്ടിയത്, 12 സീറ്റിൽ എൽഡിഎഫും, 8 സീറ്റ് ബിജെപിയുമാണ് ജയിച്ചത്. രണ്ട് വിമതരും. ഇതിൽ നിസ സക്കീർ എന്ന വിമത സ്ഥാനാർത്ഥിയുടെ പിന്തുണ കിട്ടിയതോടെ 14 സീറ്റുമായി അധികാരം പിടിക്കാമെന്നായിരുന്നു യുഡിഎഫ് പ്രതീക്ഷിച്ചിരുന്നത്.

എന്നാൽ പിന്തുണ പ്രഖ്യാപിക്കാതിരുന്ന സനീഷ് ജോർജ്ജിനെ അപ്രതീക്ഷിത നീക്കത്തിലൂടെ എൽഡിഎഫ് ചെയർമാൻ സ്ഥാനാർത്ഥിയാക്കി. യുഡിഎഫ് സ്വതന്ത്ര ജെസി ജോണിനെയും കൂടി മറുകണ്ടം ചാടിച്ച് എൽഡിഎഫ് നടത്തിയ നീക്കം നിർണ്ണായകമായി. പുതിയ സാഹചര്യത്തിൽ യുഡിഎഫിന് 12 പേരുടെ പിന്തുണയും എൽഡിഎഫിന് 14 പേരുടെ പിന്തുണയുമാണ് ഉള്ളത്.

എറ്റവും വലിയ ഒറ്റകക്ഷിയായ മുസ്ലീം ലീഗിന്റെയും കോൺഗ്രസിന്റെയും എതിർപ്പ് മറികടന്ന് ചെയർമാൻ സ്ഥാനം വാങ്ങിയ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
 

click me!