തൃക്കാക്കര നഗരസഭയിൽ നാടകീയ രംഗങ്ങൾ; സീൽ ചെയ്ത ഓഫീസ് തുറന്ന് അകത്ത് കയറി അധ്യക്ഷ ഫയൽ നോക്കുന്നു !

By Web TeamFirst Published Sep 1, 2021, 4:42 PM IST
Highlights

പ്രതിപക്ഷം ക്യാബിനു മുന്നിൽ കുത്തിയിരിപ്പ് നടത്തുകയാണ്. ഓഫീസിൽ അതിക്രമിച്ചു കയറിയതിനെതിരെ പൊലീസ് നടപടി എടുക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. 


കൊച്ചി: ഓണ പണക്കിഴി വിവാദത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ തൃക്കാക്കര നഗരസഭയിൽ നാടകീയ രംഗങ്ങൾ. നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ ഓഫീസ് ക്യാബിനിൽ കയറി. വിജിലൻസ് നിർദ്ദേശത്തെ തുടർന്ന് പൂട്ടി മുദ്രവെച്ച ക്യാബിൻ സ്വന്തം താക്കോൽ ഉപയോഗിച്ച് തുറന്ന്  കയറിയ അജിത ഫയലുകൾ പരിശോധിക്കുകയാണ്. 

ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ക്യാബിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. ഓഫീസിൽ അതിക്രമിച്ചു കയറിയതിനെതിരെ പൊലീസ് നടപടി എടുക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. രണ്ട് മണിയോടെയാണ് സമരം തുടങ്ങിയത്. രണ്ടര മണിക്കൂർ പിന്നിട്ടപ്പോൾ പൊലീസ് എത്തി പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു.

 

പണക്കിഴി വിവാദം

തൃക്കാക്കരയിൽ ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് പണം നൽകിയ ചെയർപേഴ്സന്‍റെ നടപടി വലിയ വിവാദമായിരുന്നു. ഓണപ്പുടവയോടൊപ്പം കൗൺസിലർമാർക്ക് കവറിൽ 10,000 രൂപയാണ് ചെയർപേഴ്സൻ അജിത തങ്കപ്പൻ സമ്മാനിച്ചത്. കൗൺസിലർമാരിൽ ചിലർ കവർ ചെയർപേഴ്സന് തന്നെ തിരിച്ച് നൽകി വിജിലൻസിൽ പരാതി നൽകി. ഇതോടെയാണ് സംഭവം പുറത്തായത്. 

പണക്കിഴി വിവാദത്തിൽ അന്വേഷണത്തിനായി വിജിലൻലസ് സംഘം നഗരസഭ ഓഫീസിലെത്തി ചെയർപേഴ്സന്‍റെ മുറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ശ്രമിച്ചെങ്കിലും മുറി പൂട്ടി ചെയർപേഴ്സൻ അജിത തങ്കപ്പൻ പുറത്ത് പോയി. വിജിലൻസ് സംഘം അന്ന് പുലർച്ചെ 3 വരെ നഗരസഭയിൽ തുടർന്നെങ്കിലും അധ്യക്ഷ മുറി തുറന്ന് നൽകാൻ തയ്യാറായിരുന്നില്ല.

ഇതിന് പിന്നാലെയാണ് വിജിലൻസ് നഗരസഭ സെക്രട്ടറിയ്ക്ക് നോട്ടീസ് നൽകി അധ്യക്ഷയുടെ ഓഫീസ് മുറി സീൽ ചെയ്യിച്ചത്. പണക്കിഴി വിവാദത്തിലെ നിർണ്ണായക തെളിവുകളുള്ള മുറിയിലേക്ക് ആരെയും പ്രവേശിപ്പിക്കരുതെന്നായിരുന്നു നിർദ്ദേശം.  

click me!