വ്യാപക പരിശോധനയുമായി ഡിആര്‍ഐ; മലപ്പുറത്ത് 9 കിലോ സ്വര്‍ണ്ണം പിടികൂടി, 9 പേര്‍ അറസ്റ്റില്‍

By Web TeamFirst Published Dec 6, 2021, 4:42 PM IST
Highlights

വിപണിയില്‍ നാലുകോടി 75 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണമാണ് ഡിആര്‍ഐ പിടിച്ചെടുത്തത്.

മലപ്പുറം: മലപ്പുറത്ത് (Malappuram) വൻ സ്വർണ്ണവേട്ട. വിവിധ സ്ഥലങ്ങളിൽ ഡിആർഐ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച ഒന്‍പത് കിലോ 750 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തു. കവനൂരില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച അഞ്ച് കിലോ 800 ഗ്രാം സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. സ്വര്‍ണ്ണം ഉരുക്കുന്ന കേന്ദ്രത്തില്‍ നിന്നാണ് ഇത്രയും സ്വര്‍ണ്ണം പിടിച്ചെടുത്തത്. കാവനൂര്‍ എളിയപറമ്പിലെ ഫസലു റഹ്മാന്‍റെ വീട്ടില്‍ നിന്നും 850 ഗ്രാമും വെള്ളില സ്വദേശി അലവിയുടെ വീട്ടില്‍ നിന്ന് ഒന്നര കിലോയും സ്വര്‍ണ്ണം പിടിച്ചെടുത്തു. 

അലവിയുടെ വീട്ടില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച 62 ലക്ഷം രൂപയും കണ്ടെടുത്തു. കരിപ്പൂര്‍, കൊച്ചി വിമാനയാത്രക്കാരായ പോത്തൻ ഉനൈസ്, ഇസ്മായില്‍ ഫൈസല്‍ എന്നിവരില്‍ നിന്ന് ഒന്നര കിലോ സ്വര്‍ണ്ണവും പിടികൂടി. ഇവരടക്കം സ്വര്‍ണ്ണ ഇടപാടുകാരായ ഒമ്പതുപേരെ കൊച്ചി ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. മുഹമ്മദ് മുസ്തഫ, മുഹമ്മദ് ശിഹാബുദ്ദീൻ, മുഹമ്മദ് അഷറഫ്, ആഷിഖ് അലി, വീരാൻ കുട്ടി എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. വിപണിയില്‍ നാലുകോടി 75 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണമാണ് ഡിആര്‍ഐ പിടിച്ചെടുത്തത്.

tags
click me!