'മരിച്ചയാൾ സ്വപ്നത്തിൽ പറഞ്ഞു', മദ്യപന്‍റെ വാക്ക് ആദ്യം കേൾക്കാതെ പൊലീസ്; കൊല്ലത്ത് തെളിഞ്ഞത് ദൃശ്യം മോഡൽ കൊല

Web Desk   | Asianet News
Published : Apr 20, 2021, 11:54 AM ISTUpdated : Apr 20, 2021, 12:38 PM IST
'മരിച്ചയാൾ സ്വപ്നത്തിൽ പറഞ്ഞു', മദ്യപന്‍റെ വാക്ക് ആദ്യം കേൾക്കാതെ പൊലീസ്; കൊല്ലത്ത് തെളിഞ്ഞത് ദൃശ്യം മോഡൽ കൊല

Synopsis

മരിച്ച ഷാജിയുടെ സഹോദരനെയും അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഷാജിയുടെ സഹോദരൻ സജിന്റെ ഭാര്യയുടെ പേരിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. സജിൻ ഷാജിയെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നെന്നാണ് സൂചന.

കൊല്ലം: അഞ്ചൽ ഏരൂരിൽ ദൃശ്യം സിനിമയുടെ മാതൃകയിൽ കൊലപാതകം നടന്നെന്ന് കണ്ടെത്തി. രണ്ടു വർഷം മുമ്പ് കാണാതായ ആളെ കൊന്നു കുഴിച്ചുമൂടിയതാണെന്നാണ് കണ്ടെത്തിയത്. ഭാരതിപുരം സ്വദേശി ഷാജിയാണ് മരിച്ചത്.

ഷാജിയെ കാൺമാനില്ലെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ്  ഷാജിയെ കൊന്നു കുഴിച്ചിട്ടതാണെന്ന് പൊലീസിന് വിവരം കിട്ടിയത്. മരിച്ച ഷാജിയുടെ സഹോദരനെയും അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഷാജിയുടെ സഹോദരൻ സജിന്റെ ഭാര്യയുടെ പേരിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. സജിൻ ഷാജിയെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നെന്നാണ് സൂചന. വീടിനോട് ചേർന്നുള്ള കിണറിനടുത്ത് കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്യുകയായിരുന്നു. കുഴിച്ചിട്ടതായി വിവരം ലഭിച്ച സ്ഥലത്ത് നാളെ പരിശോധന നടത്തും. പരിശോധനയ്ക്ക് ശേഷം മാത്രമേ വിവരം സ്ഥിരീകരിക്കാനാവൂ എന്നും പൊലീസ് പറഞ്ഞു.

ഷാജി പല മോഷണക്കേസുകളിലും പ്രതിയാണ്. അതുകൊണ്ട് ഇയാളെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ടായിരുന്നു. എവിടെയോ മാറിത്താമസിക്കുകയാണെന്നാണ് വീട്ടുകാർ പറഞ്ഞിരുന്നത്. ഇയാളെ കൊലപ്പെടുത്തി മറവ് ചെയ്തതാണെന്ന വിവരം ഇന്നലെയാണ് പൊലീസിന് ലഭിച്ചത്. അതനുസരിച്ച് ഷാജിയുടെ സഹോദരനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. അപകടപ്പെടുത്തി മറവ് ചെയ്തതാണെന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയെന്നാണ് വിവരം. 

പത്തനംതിട്ട ഡിവൈഎസ്പിക്കാണ് ഷാജിയുടെ തിരോധാനം സംബന്ധിച്ച നിർണായക വിവരം ലഭിച്ചത്. ഇദ്ദേഹം ഈ വിവരം പുനലൂർ ഡിവൈഎസ്പിക്ക് കൈമാറുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് അങ്ങേയറ്റം മദ്യപിച്ചെത്തിയ ഒരാൾ പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിലെത്തി വിവരം കൈമാറിയത്. ആദ്യമൊന്നും ഇയാളുടെ മൊഴി മുഖവിലയ്ക്കെടുക്കാൻ പൊലീസ് തയ്യാറായില്ല. എന്നാൽ, വിശദമായി ചോദിച്ചറിഞ്ഞപ്പോൾ കാര്യങ്ങൾ അന്വേഷിക്കാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. കൊല്ലപ്പെട്ട ഷാജിയുടെ ബന്ധുവാണ് ഇയാൾ. ഷാജി സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് ആവശ്യപ്പെട്ട പ്രകാരമാണ് താൻ പൊലീസിനെ കാണാനെത്തിയതെന്നാണ് ഇയാൾ പറഞ്ഞത്. താൻ മരിച്ചിട്ടും പൊലീസ് അന്വേഷണം വേണ്ടനിലയിൽ എത്തിയില്ല എന്ന് ഷാജി സ്വപ്നത്തിൽ പറഞ്ഞെന്നാണ് ബന്ധു പൊലീസിനെ അറിയിച്ചത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗര്‍ഭിണിയെ മര്‍ദിച്ച എസ്എച്ച്ഒയ്ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തം; മജിസ്ട്രേറ്റ് തല അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി
സര്‍ക്കാര്‍ സംരക്ഷണമോ? അഴിമതി കേസിൽ പ്രതിയായ ജയിൽ ഡിഐജി വിനോദ് കുമാറിനെതിരായ നടപടി വൈകുന്നു