
തിരുവനന്തപുരം: നഴ്സുമാർക്കെതിരായ വിവാദ പരാമർശത്തിൽ ദുർഗാദാസ് ക്ഷമാപണവും വിശദീകരണവുമായി രംഗത്ത്. നഴ്സുമാരെ അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും, തെറ്റായ രീതിയിലുള്ള വീഡിയോയാണ് പ്രചരിപ്പിക്കുന്നതെന്നുമാണ് വിശദീകരണം. അതേസമയം, അധിക്ഷേപത്തിനെതിരെ നഴ്സുമാരുടെ സംഘടന നൽകിയ പരാതിയിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. വിവാദ പരാമർശത്തിന് പിന്നാലെ ഇയാൾക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. മലയാളം മിഷൻ ഖത്തർ മേഖലാ കോർഡിനേറ്റർ സ്ഥാനത്ത് നിന്നും ഇയാളെ നീക്കി.
തിരുവനന്തപുരത്ത് നടന്ന ഹിന്ദുമഹാ സമ്മേളനത്തിലായിരുന്നു ചോദ്യോത്തര വേളയിൽ ദുർഗാദാസിന്റെ വിവാദ പരാമർശം. കേരളത്തിൽ നിന്ന് നഴ്സുമാരെ തീവ്രവാദികൾക്ക് ലൈംഗിക സേേവനത്തിനായി കൊണ്ടു പോവുന്നതായി അറിയാൻ കഴിഞ്ഞെന്നും ഇതിനെതിരെ എന്ത് ചെയ്യാൻ കഴിയുമെന്നതായിരുന്നു ചോദ്യം. പിന്നാലെ സോഷ്യൽമീഡിയയിൽ വൻ വിവാദമായി. ഖത്തറിലെ ജോലി നഷ്ടപ്പെട്ടു. ഖത്തർ മലയാളം മിഷൻ കോർഡിനേറ്റർ പദവിയിൽ നിന്ന് ഇയാളെ നീക്കി. യുനൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ ഖത്തർ ഘടകം ഇയാൾക്കെതിരെ മുഖ്യമന്ത്രിക്ക് പരാതിയും നൽകി. തുടർന്നാണ് ക്ഷമാപണവുമായി രംഗത്തെത്തിയത്. കാസ നേതാവ് ക്ലബ് ഹൗസിൽ പറഞ്ഞ കാര്യം സംശയം തീർക്കാനായി, ലൗ ജിഹാദ് വിഷയം ചർച്ച ചെയ്ത സെഷനിൽ വേദിയിലിരുന്ന കെവിൻ പീറ്ററിനോട് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും തന്റെ പ്രസ്താവന അല്ലെന്നുമാണ് ദുർഗാദാസ് വിശദീകരിക്കുന്നത്.
എന്നാൽ നഴ്സുമാരോട് മാപ്പു ചോദിക്കുമ്പോഴും, നഴ്സസ് റിക്രൂട്ട്മെെന്റിന്റെ പേരിൽ തീവ്രവാദത്തിനായി വ്യാജന്മാർ പ്രവർത്തിക്കുന്നുണ്ടെന്നുള്ള നിലപാട് അദ്ദേഹം ആവർത്തിച്ചു. പി.സി ജോർജിനെതിരെ കേസെടുത്ത പൊലീസ് പക്ഷെ ദുർഗാദാസിനെതിരായ പരാതിയിൽ കേസെടുത്തിട്ടില്ല. മുഖ്യമന്ത്രിക്ക് നൽകിയ പരാതി പൊലീസിന് കൈമാറുമെന്ന് അറിയിച്ചതായാണ് പരാതി നൽകിയവർ പറയുന്നത്. തനിക്കെതിരായ പ്രചാരണങ്ങൾക്കെതിരെ ദുർഗാദാസും പരാതി നൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam