
കൊച്ചി: പ്രശസ്ത നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർ എൽ വി രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിൽ കേരളമൊന്നാകെ പ്രതിഷേധം അലയടിക്കുന്നു. കേരളം ഒറ്റക്കെട്ടായി രാമകൃഷ്ണന് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. സി പി എം, കോൺഗ്രസ്, ബി ജെ പി നേതാക്കളെല്ലാം തന്നെ സത്യഭാമക്കെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. മന്ത്രിമാരും പ്രതിപക്ഷ നേതാവും വിവിധ പാർട്ടികളുടെ സംസ്ഥാന അധ്യക്ഷൻമാരുമെല്ലാം സത്യഭാമയുടെ ജാതി അധിക്ഷേപത്തെ തള്ളപ്പറഞ്ഞു.
കേരളത്തിന്‍റെ യുവജനതയും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്. ഡി വൈ എഫ് ഐയും യൂത്ത് കോൺഗ്രസുമെല്ലാം സത്യഭാമക്കെതിരെ പ്രതിഷേധം വ്യക്തമാക്കിക്കഴിഞ്ഞു. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലുമെല്ലാം രാമകൃഷ്ണന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ജാതി അധിക്ഷേപത്തിൽ സത്യഭാമക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് ഡി വൈ എഫ് ഐ പരാതിയും നൽകിയിട്ടുണ്ട്. ഇതോടെ ജാതി അധിക്ഷേപം സത്യഭാമക്ക് കൂടുതൽ കുരുക്കായി മാറുമെന്നാണ് വ്യക്തമാകുന്നത്. പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണം എന്നാണ് ഡി വൈ എഫ് ഐയുടെ ആവശ്യം.
ഡി വൈ എഫ് ഐയുടെ പ്രതികരണം
പ്രശസ്ത നർത്തകനും ചലച്ചിത്രതാരം കലാഭവൻ മണിയുടെ സഹോദരനുമായ ഡോ. ആർ എൽ വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ ജാതീയ-വംശീയ പരാമർശം ആധുനിക സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്തതും അപലപനീയവുമാണ്.
കലാമണ്ഡലം സത്യഭാമക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണം. ഡോ.ആർ.എൽ വി രാമകൃഷ്ണനെതിരായ ജാതി അധിക്ഷേപത്തിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതിഷേധം രേഖപ്പെടുത്തുന്നു.
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രതികരണം
'നിറത്തിലേതും നല്ലതുമില്ല മോശവുമില്ല പക്ഷേ മനുഷ്യരിലുണ്ട് നല്ലതും മോശവും' രാമകൃഷ്ണൻ ഒരു നല്ല മനുഷ്യനും, നല്ല കലാകാരനുമാണ്..... ഉപാധികളും പക്ഷേകളുമില്ലാതെ രാമകൃഷ്ണനൊപ്പം....
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam