
പെരുമ്പാവൂര്‍: ബലാത്സംഗക്കേസിൽ ഒളിവിൽ പോയ എൽദോസ് കുന്നിപ്പിള്ളിൽ എംഎൽഎയെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി. എംഎൽഎയെ കഴിഞ്ഞ നാല് ദിവസങ്ങളായി കാണാനില്ലെന്ന് കാണിച്ചാണ് ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കൾ പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്. എംഎൽഎയെ പൊലീസ് അന്വേഷിച്ച് കണ്ടെത്തി തരണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി എൽദോസിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. എംഎൽഎ പരാതിക്കാരിയായ യുവതിയെ പലസ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നുമാണ് കേസ്.
പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് കോടതി ഇന്ന് രേഖപ്പെടുത്തിയിരുന്നു. പരാതിക്കാരിയുടെ മൊഴിയും നിലവിൽ ശേഖരിച്ച തെളിവുകളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. എംഎൽഎയ്ക്ക് ജാമ്യം നൽകരുതെന്ന കടുത്ത നിലപാട് കോടതിയിൽ പ്രോസിക്യൂഷൻ സ്വീകരിക്കും. എന്നാൽ യുവതി നൽകിയ പരാതിയിലെ വൈരുദ്ധ്യമാകും പ്രതിഭാഗം ഉന്നയിക്കുക. തന്നെ എംഎൽഎ കയ്യേറ്റം ചെയ്തുവെന്നായിരുന്നു കോവളം പൊലീസിൽ യുവതി ആദ്യം നൽകിയ പരാതി. പിന്നീടാണ് ഈ മൊഴി മാറ്റിയതെന്നും പരാതിക്കാരി നിരവധി കേസുകളിൽ പ്രതിയാണെന്നു പ്രതിഭാഗം ഉന്നയിക്കും.
ബലാൽസംഗം കേസിൽ പ്രതിയായതിനെ തുടർന്ന് ഒളിവിൽ കഴിയുന്ന എൽദോസ് കുന്നപ്പിള്ളി എംഎൽഎ കേസിലെ സാക്ഷിയക്ക് ഇന്നലെ പുലര്‍ച്ചെ സന്ദേശമയച്ചിരുന്നു. പ്രധാന സാക്ഷിയായ പരാതിക്കാരിയുടെ സുഹൃത്തിനാണ് സമ്മർദ്ദം ചെലുത്തുന്ന തരത്തിൽ എംഎൽഎ സന്ദേശങ്ങള്‍ അയച്ചത്. ഒരു കുറ്റവും ചെയ്യാത്ത തന്നെ ചതിച്ചെന്നും അതിന് ദൈവം നിനക്കും കുടുംബത്തിനും തക്കതായ മറുപടി നൽകുമെന്നാണ് സന്ദേശം. പണത്തിന് വേണ്ടിയുള്ള കൊതി തീർക്കുമ്പോൾ സ്വന്തം ചിന്തിക്കുക, താൻ അതിജീവിക്കുമെന്നും സന്ദേശത്തിൽ പറയുന്നു. ഇന്നലെ പുലർച്ചെ 2.30ക്കാണ് സന്ദേശമെത്തിയത്. നാളെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് സാക്ഷിയ്ക്ക് എംഎൽഎ സന്ദേശമയച്ചത്.