
തിരുവനന്തപുരം: കെ റെയിലിനായി (K Rail) വീടുകയറി പ്രചാരണം തുടങ്ങി ഡിവൈഎഫ്ഐ (DYFI). വീട് കയറിയുള്ള പ്രചാരണത്തിന് ലഭിക്കുന്നത് മകിച്ച പ്രതികരണമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എസ് സതീഷ് പറഞ്ഞു. നഷ്ടപരിഹാരം അടക്കം പറയുമ്പോൾ പലരും വീട് വിട്ടുതരാൻ തയ്യാറാണെന്ന് പറയുന്നുണ്ട്. നുണകൾ പറഞ്ഞ് കുറച്ചുപേരെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതിഷേധത്തിന് ഇറക്കുന്നത്. സമരത്തിന് പിന്നിൽ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടുണ്ട്. പ്രതിഷേധത്തിനായി ലീഗും ആർഎസ്എസും ഒന്നിച്ച് നീങ്ങുകയാണെന്നും സതീഷ് പറഞ്ഞു. അതേസമയം കെ റെയിലിനോടുള്ള സിപിഐ എതിർപ്പ് മാധ്യമ സൃഷ്ടിയാണെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന വെള്ളനാട് പഞ്ചായത്തിലെ (Vellanad Panchayath) ഡൊമിസിലറി കൊവിഡ് കെയര്‍ സെന്‍ററിലേക്ക് ആവശ്യത്തിലധികം ഭക്ഷണ സാധനങ്ങള്‍ വാങ്ങിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ബില്ലുകളിലും കണക്കുകളിലും കൃത്രിമം കാട്ടിയെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്. ഒരേദിവസം വാങ്ങിയ അഞ്ചുകിലോ പഞ്ചസാരയ്ക്ക് 200 രൂപയും 400 രൂപയും വാങ്ങിയെന്നും കണ്ടെത്തി. വെള്ളനാട് പഞ്ചായത്തിലെ കൊവിഡിന്‍റെ മറവിലുള്ള വെട്ടിപ്പ് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്.
250 രോഗികളെ പ്രവേശിപ്പിച്ച വെള്ളനാട്ടെ ഡൊമിസിലറി കൊവിഡ് കെയര്‍ സെന്‍ററിന് 16 ലക്ഷം രൂപ ചെലവായപ്പോള്‍ ഇരട്ടി രോഗികളെ പ്രവേശിപ്പിച്ച സമീപ പഞ്ചായത്തുകള്‍ക്ക് പകുതി പോലും ചെലവായിരുന്നില്ല. വിവരാവകാശ നിയമപ്രകാരം സാധനങ്ങള്‍ വാങ്ങിയ ബില്ലുകള്‍ എടുത്ത് പരിശോധിച്ചപ്പോഴാണ് വന്‍ വെട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതും ഏഷ്യാനെറ്റ് ന്യൂസ് അത് പുറത്തുകൊണ്ടുവന്നതും. വാര്‍ത്തയ്ക്ക് പിന്നാലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ടര മാസം മുമ്പ് തന്നെ ബില്ലിലും കണക്കിലും തിരിമറി നടത്തി ലക്ഷങ്ങള്‍ വെട്ടിച്ചെന്ന റിപ്പോര്‍ട്ട് പഞ്ചായത്ത് ഡയറക്ടര്‍ക്ക് കൈമാറുകയും ചെയ്തു. പക്ഷേ ഒരു നടപടിയും ഇന്നേവരെയില്ല. സംഭാവനകള്‍ സ്വീകരിച്ചതിന്‍റെ സ്റ്റോക്ക് രജിസ്റ്ററില്ല, വാങ്ങിയ സാധനങ്ങളുടെ ബില്ല് ക്രമപ്രകാരമല്ല, ഒരേ ദിവസത്തെ ബില്ലില്‍ ഒരേ സാധനങ്ങള്‍ക്ക് വ്യത്യസ്ഥ വില തുടങ്ങി അന്വേഷണ റിപ്പോര്‍ട്ടില്‍ ഗൗരവമുള്ള കുറേയേറെ കണ്ടെത്തലുകളുണ്ട്.
വെള്ളനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വെള്ളനാട് ശ്രീകണ്ഠന്‍ പ്രസിഡന്‍റായ സൊസൈറ്റിയില്‍ നിന്നാണ് പഞ്ചായത്ത് സാധനങ്ങള്‍ വാങ്ങിയത്. വ്യാജ ബില്ലുകളുണ്ടാക്കി നാലര ലക്ഷത്തിലേറെ രൂപ കൈപ്പറ്റിയിട്ടുണ്ടെന്നാണ് സഹകരണവകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. അതേസമയം അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും തെറ്റ് ചെയ്തില്ലെന്നുമാണ് പഞ്ചായത്ത് വൈസ് പ്രസിഡണ്ടും സൊസൈറ്റി പ്രസിഡണ്ടുമായ വെള്ളനാട് ശ്രീകണ്ഠന്‍റെ പ്രതികരണം. തദ്ദേശ സ്ഥാപനങ്ങളില്‍ അഴിമതി കണ്ടെത്തിയാല്‍ മുഖം നോക്കാതെ നടപടിയെന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറയുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി വെള്ളനാട്ടെ കാര്യത്തില്‍ അനങ്ങുന്നേയില്ല. മന്ത്രി തന്നെ നിര്‍ദേശം നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടാണ് നടപടിയെടുക്കാതെ പൂഴ്ത്തിവയ്ക്കുന്നതും.