Latest Videos

'സ്ഥലവും അറിയിപ്പും പറഞ്ഞു, തടയാന്‍ ചുണയുള്ളവര്‍ക്ക് സ്വാഗതം'; 'രാം കെ നാം' പ്രദര്‍ശിപ്പിക്കുമെന്ന് ജെയ്ക്ക്

By Web TeamFirst Published Jan 23, 2024, 12:29 AM IST
Highlights

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപം വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ഡോക്യുമെന്ററി പ്രദര്‍ശനമാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയതോടെ നിര്‍ത്തി വച്ചത്.

കോട്ടയം: ബാബ്റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട രാം കെ നാം ഡോക്യുമെന്ററി കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്നില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക്ക് സി തോമസ്. ഇന്നലെ ഡോക്യുമെന്ററി പ്രദര്‍ശനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതിന് പിന്നാലെയാണ്, ഡിവൈഎഫ്‌ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ ജെയ്ക്ക് ഇക്കാര്യം വ്യക്തമാക്കിയത്. 

''രാം കെ നാം എവിടെയും പ്രദര്‍ശിപ്പിക്കും..! കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്നിലും അത് പ്രദര്‍ശിപ്പിക്കും. ഡി.വൈ.എഫ്.ഐയുടെ പതാകകള്‍ അതിന് കാവല്‍ നില്ക്കും. സ്ഥലവും അറിയിപ്പും പറഞ്ഞ സ്ഥിതിക്ക്, തടയാന്‍ ചുണയുള്ള സംഘ് പ്രചാരകര്‍ക്ക് സ്വാഗതം..''- എന്നാണ് ജെയ്ക്ക് ഫേസ്ബുക്കില്‍ കുറിച്ചത്. 

ഇന്നലെ പള്ളിക്കത്തോട് കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപം വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ഡോക്യുമെന്ററി പ്രദര്‍ശനമാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയതോടെ നിര്‍ത്തി വച്ചത്. കോളേജിന് പുറത്ത് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള നീക്കം പൊലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് പിന്‍വലിച്ച വിദ്യാര്‍ഥികള്‍ ഡോക്യുമെന്ററി കോളേജ് കോമ്പൗണ്ടിന് അകത്ത് പ്രദര്‍ശിപ്പിച്ചിരുന്നു. 

വിഖ്യാത ചലച്ചിത്രകാരന്‍ ആനന്ദ് പട്വര്‍ധന്‍ 1992ല്‍ തയ്യാറാക്കിയതാണ് രാം കെ നാം ഡോക്യുമെന്ററി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുകയെന്ന ഉദ്ദേശത്തോടെ വിശ്വ ഹിന്ദു പരിഷത്ത് തുടങ്ങിയ പ്രചാരണവും അതിന്റെ പരിണിത ഫലങ്ങളും ഇത് കൊളുത്തിവിട്ട വര്‍ഗീയ സംഘര്‍ഷങ്ങളുമാണ് ഡോക്യുമെന്ററിയിലെ പ്രമേയം. അയോധ്യയില്‍ ബാബ്റി പള്ളിയുമായി ബന്ധപ്പെട്ട ഇരുവാദങ്ങളെയും സമഗ്രമായി വിലയിരുത്തുന്നതാണ് ഡോക്യുമെന്ററി. അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടന്ന പശ്ചാത്തലത്തിലാണ് ഡോക്യുമെന്ററി വീണ്ടും ചര്‍ച്ച ചെയ്യപ്പെട്ടത്. പ്രാണ പ്രതിഷ്ഠാ ചടങ്ങ് പൂര്‍ത്തിയായതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചത്. ഇതാണ് ബിജെപിയുടെ പ്രതിഷേധത്തിലും പൊലീസ് നടപടിയിലും അവസാനിച്ചത്. തുടര്‍ന്നാണ് ജെയ്ക്ക് സി തോമസ് ഡിവൈഎഫ്‌ഐ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് വ്യക്തമാക്കിയത്. 

  രാമക്ഷേത്രത്തിന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; യുവാവ് പിടിയില്‍ 
 

click me!