
കാസർകോട്: കാഞ്ഞങ്ങാട് കല്ലൂരാവിയിൽ മുസ്ലിം ലീഗ് പ്രവർത്തകർ കൊലപ്പെടുത്തിയ ഡി വൈ എഫ് ഐ പ്രവർത്തകൻ ഔഫ് അബ്ദുൽറഹ്‌മാന്റെ ബന്ധുക്കളെ മുഖ്യമന്ത്രി കണ്ടു. ഔഫിന്റെ അമ്മാവൻ ഹുസൈൻ മൗലവിയും മറ്റു ബന്ധുക്കളും മുഖ്യമന്ത്രി പിണറായി വിജയനുമായി പടന്നക്കാട് വെച്ച് കൂടിക്കാഴ്ച നടത്തി. കുടുംബത്തിന്റെ ദുരവസ്ഥ മുഖ്യമന്ത്രിയെ ബോധിപ്പിച്ചെന്ന് ഔഫിന്റെ അമ്മാവൻ പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തോട് അനുബന്ധിച്ച് മുഖ്യമന്ത്രി നടത്തുന്ന കേരള പര്യടനത്തിന്റെ ഭാഗാമായാണ് അദ്ദേഹം കാസർകോട് എത്തിയത്. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ, സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി.കരുണാകരൻ, ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണൻ എന്നിവരും ഇവിടെയുണ്ടായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്നുണ്ടായ സംഘർഷങ്ങളുടെ തുടർച്ചയാണ് ഔഫിന്റെ കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ മൂന്ന് പേർ പൊലീസ് പിടിയിലാണ്. ഇന്ന് രാവിലെ മന്ത്രി കെടി ജലീൽ ഔഫിന്റെ വീട്ടിലെത്തിയിരുന്നു. എഎൻ ഷംസീർ എംഎൽഎ, മുൻ മന്ത്രി പികെ ശ്രീമതി ടീച്ചർ, തുടങ്ങി നിരവധി പ്രമുഖരാണ് ഇതുവരെ ഔഫിന്റെ വീട് സന്ദർശിച്ചത്. ഇന്ന് മുസ്ലിം ലീഗ് നേതാവ് മുനവ്വറലി ശിഹാബ് തങ്ങളും സംഘവും ഔഫിന്റെ വീട്ടിലെത്തിയിരുന്നുവെങ്കിലും സംഘത്തെ നാട്ടുകാർ തടഞ്ഞു. മുനവ്വറലി ശിഹാബ് തങ്ങളെയും ഡ്രൈവറെയും മാത്രമാണ് ഔഫിന്റെ വീട്ടിലേക്ക് പോകാൻ അനുവദിച്ചത്. മുസ്ലിം ലീഗ് പ്രാദേശിക നേതാക്കളെ കടത്തിവിട്ടിരുന്നില്ല. കൊലപാതകം പ്രദേശത്ത് മുസ്ലിം ലീഗിനെതിരെ കടുത്ത എതിർപ്പുയരാൻ കാരണമായിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam