മധ്യസ്ഥ ചർച്ചകളുമായി ഡിവെഎഫ്ഐ: സംസ്ഥാന കമ്മിറ്റി ഓഫീസിൽ വച്ച് ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തി

By Asianet MalayalamFirst Published Feb 17, 2021, 9:24 PM IST
Highlights

തിരുവനന്തപുരത്തെ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസിൽ വച്ചാണ് നേതാക്കളും ഉദ്യോഗാർത്ഥി ചർച്ചകളും തമ്മിൽ നടത്തിയത്.

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ പി.എസ്.സി ഉദ്യോഗാർത്ഥികളുടെ സമരം അവസാനിപ്പിക്കാൻ ഒത്തുതീർപ്പ് ചർച്ചകളുമായി ഡിവെഎഫ്ഐ. ഇതു രണ്ടാം തവണയാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സമരം നടത്തുന്ന ഉദ്യോഗാർത്ഥികളുമായി ചർച്ച നടക്കുന്നത്. 

ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുമായിട്ടാണ് ഡിവൈഎഫ്ഐ നേതാക്കൾ കൂടിക്കാഴ്ച നടത്തിയത്.  തിരുവനന്തപുരത്തെ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസിൽ വച്ചാണ് നേതാക്കളും ഉദ്യോഗാർത്ഥികളും തമ്മിൽ ഒത്തുതീർപ്പ് സാധ്യതകൾ ചർച്ച ചെയ്തത്. സമരം ഒത്തുതീർപ്പാക്കാനുള്ള ശ്രമം തുടരുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം ചർച്ചകൾക്ക് ശേഷം പറഞ്ഞു.

ഉദ്യോഗാർത്ഥികൾക്ക് എപ്പോൾ വേണമെങ്കിലും ഡിവെഎഫ്ഐ ഓഫീസിലേക്ക് വരാമെന്നും അവരെ കേൾക്കാൻ തങ്ങൾ തയ്യാറാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എസ്. സതീഷ് പറഞ്ഞു. എന്തെങ്കിലും അജൻഡുകളുടെ അടിസ്ഥാനത്തിൽ അല്ല ചർച്ചകൾ നടക്കുന്നതെന്നും ഇക്കാര്യത്തിൽ ഒത്തുതീർപ്പ് നിർദേശങ്ങളൊന്നും ഡിവൈഎഫ്ഐ മുന്നോട്ട് വച്ചിട്ടില്ലെന്നും സതീഷ് കൂട്ടിച്ചേർത്തു. 

ഭൂരിപക്ഷം പേർക്കും സമരം നിർത്തണം എന്നാണ് ആ​ഗ്രഹം. ഇന്നത്തെ ചർച്ചയിലൂടെ യാഥാർഥ്യം കൂടുതൽ ബോധ്യപ്പെടുത്താനായെന്നും ചില കാര്യങ്ങളിലെ അപ്രയോഗികത ചൂണ്ടി കാണിച്ചുവെന്നും സതീഷ് പറഞ്ഞു. വിഷയത്തിൽ ഡിവൈഎഫ്ഐ എന്ന നിലയിൽ ഇടപെടാവുന്ന കാര്യങ്ങൾ എന്തൊക്കെയന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും സതീഷ് വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച  എ.എ.റഹീമിൻ്റെ നേതൃത്വത്തിൽ അർധരാത്രി വരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ച് ചർച്ച നടന്നെങ്കിലും ഒരു ഒത്തുതീർപ്പിലെത്താൻ സാധിച്ചിരുന്നില്ല. 
 

click me!