
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന് എതിരെ ഡിവൈഎഫ്ഐ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസിനെതിരെ മുദ്രാവാക്യം വിളിച്ച് തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രതിഷേധം കടുപ്പിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരായ കോണ്‍ഗ്രസ് പോസ്റ്ററുകള്‍ പ്രവര്‍ത്തകര്‍ വലിച്ചുകീറി. കണ്ണൂർ ഇരിട്ടിയിൽ യൂത്ത് കോൺഗ്രസ് - ഡിവൈഎഫ് സംഘർഷമുണ്ടായി.നിരവധി പേർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസിന്‍റെ പന്തം കൊളുത്തി പ്രകടനവും
ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനവും ഇരു ദിശയിലുമായി വരുമ്പോഴാണ് സംഘർഷമുണ്ടായത്.
കണ്ണൂരിൽ നിന്ന് മുഖ്യമന്ത്രി വന്ന വിമാനത്തിൽ ഇന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രതിഷേധിച്ചവരെ പിടിച്ചു തള്ളുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇവര്‍ മദ്യപിച്ചിരുന്നെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞത്. മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്‍റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ കെ നവീൻ കുമാർ തുടങ്ങിയവരാണ് വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നത്. ഇവരിലൊരാൾ കറുത്ത കുപ്പായമാണ് അണിഞ്ഞിരുന്നത്. ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ വിമാനത്താവളത്തിൽ കണ്ടപ്പോൾ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ആര്‍സിസിയിൽ രോഗിയെ കാണാൻ പോകുന്നു എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. തിരുവനന്തപുരത്തേക്ക് പോകാനുള്ള ടിക്കറ്റ് കൈവശമുണ്ടായിരുന്നത് കൊണ്ടും ചോദ്യം ചെയ്തതിൽ മറ്റ് പ്രശ്നങ്ങൾ ഇല്ല എന്ന് മനസിലായത് കൊണ്ടുമാണ് ഇവരെ യാത്ര ചെയ്യാൻ അനുവദിച്ചതെന്ന് പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam