കോട്ടയം കുഞ്ഞച്ചൻമാരെ തെരുവിൽ നേരിടുമെന്ന് ഡിവൈഎഫ്‌ഐ; 'പ്രതിരോധവലയം പൊട്ടിക്കാൻ നീലപടയ്ക്ക് ആരോഗ്യമുണ്ടാകില്ല'

Published : Sep 23, 2023, 07:47 AM IST
കോട്ടയം കുഞ്ഞച്ചൻമാരെ തെരുവിൽ നേരിടുമെന്ന് ഡിവൈഎഫ്‌ഐ; 'പ്രതിരോധവലയം പൊട്ടിക്കാൻ നീലപടയ്ക്ക് ആരോഗ്യമുണ്ടാകില്ല'

Synopsis

പ്രതിക്ക് ജാമ്യമെടുക്കാന്‍ അഭിഭാഷക സംഘത്തിന്റെ സഹായം എത്തിച്ചത് അവരുടെ സോഷ്യല്‍ മീഡിയ സെല്ലിന്റെ നേട്ടമായാണ് കണ്‍വീനര്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നതെന്ന് വസീഫ്. 

തിരുവനന്തപുരം: സോഷ്യല്‍മീഡിയയില്‍ സ്ത്രീകള്‍ക്ക് നേരെ ലൈംഗികാധിക്ഷേപം നടത്തിയ കേസിലെ പ്രതികള്‍ക്ക് സഹായം നല്‍കുന്ന കോണ്‍ഗ്രസ് നടപടി അപമാനകരവും പൊതുസമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും വനിതാ നേതൃത്വവും ഈ വിഷയത്തില്‍ ഇവരോടൊപ്പമാണോ എന്ന് വ്യക്തമാക്കണം. ഇത്തരം വ്യക്തികളെ സംരക്ഷിക്കാനാണ് തീരുമാനമെങ്കില്‍ ഡിവൈഎഫ്‌ഐ പ്രതിരോധ വലയം തീര്‍ക്കും. ആ പ്രതിരോധ വലയം പൊട്ടിക്കാന്‍ കോണ്‍ഗ്രസിന്റെ നീലപടയ്ക്ക് ആരോഗ്യമില്ലെന്ന് മനസിലാക്കണമെന്നും വസീഫ് ഫേസ്ബുക്കില്‍ കുറിച്ചു. കോട്ടയം കുഞ്ഞച്ചന്‍മാരെ തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജും പറഞ്ഞു. 

വി വസീഫിന്റെ കുറിപ്പ്: കോണ്‍ഗ്രസിന്റെ ഐടി സെല്‍ എന്നാല്‍ ലൈംഗീക ദാരിദ്ര്യം പിടിച്ച കോട്ടയം കുഞ്ഞച്ചന്മാര്‍..കോട്ടയം കുഞ്ഞച്ചന് ജാമ്യം കിട്ടിയത്രേ...അതിന് വേണ്ടി നിയമ സഹായം നല്‍കിയത് കോണ്‍ഗ്രസിന്റെ ഐടി സെല്‍ ആണെന്ന് അഭിമാനപുരസ്‌കരം പോസ്റ്റിട്ട് ആഹ്ലാദിക്കുന്നുണ്ട് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ സെല്ലിന്റ കണ്‍വീനര്‍. ആരാണീ കോട്ടയം കുഞ്ഞച്ചനെന്ന് കഴിഞ്ഞ ദിവസം പൊതു സമൂഹം കണ്ടതാണ്. ഇടതുപക്ഷ പ്രവര്‍ത്തകരായ സ്ത്രീകളുടെയും, സിപിഐഎം നേതാക്കളുടെ ഭാര്യമാരുടെയും ചിത്രങ്ങള്‍ വായിക്കാന്‍ പോലും അറയ്ക്കുന്ന ഭാഷ ഉപയോഗിച്ച് അപമാനിക്കുന്ന മുഖമില്ലാത്ത അഡ്രസ്സ് ഇല്ലാത്ത ഫേസ് ബുക്ക് ഐ ഡി ആയിരുന്നു കോട്ടയം കുഞ്ഞച്ചന്‍... നിരവധി സ്ത്രീകള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കോട്ടയം കുഞ്ഞച്ചന്‍ എന്ന ഐ ഡി കോണ്‍ഗ്രസ് കോടങ്കര വാര്‍ഡ് പ്രസിഡന്റ് അബിന്‍ ആണെന്ന് തിരിച്ചറിഞ്ഞതും അയാളെ അറസ്റ്റ് ചെയ്തതും. ഇയാളുടെ ഇത്തരം പ്രവൃത്തികള്‍ ഒറ്റക്ക് തോന്നി ചെയ്തതല്ല,  കോണ്‍ഗ്രസ് ഐ ടി സെല്ലിന്റെ നിര്‍ദ്ദേശത്തിലും സഹായത്തിലുമാണെന്നാണ് ബോധ്യമാകുന്നത്.അറസ്റ്റ് ചെയ്തപ്പോഴേക്കും ജാമ്യമെടുക്കാന്‍ അഭിഭാഷക സംഘത്തിന്റെ സഹായം എത്തിച്ചത് അവരുടെ സോഷ്യല്‍ മീഡിയ സെല്ലിന്റെ നേട്ടമായാണ് കണ്‍വീനര്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നത്.

സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് ആട്ടിയോടിക്കേണ്ട ഇത്തരം ലൈംഗീക വൈകൃതചിന്ത വഹിക്കുന്ന ജീവികളെ ചേര്‍ത്ത് പിടിച്ച് എല്ലാ സഹായവും ചെയ്തു നല്‍കിയത് കോണ്‍ഗ്രസിന്റെ നേതൃത്വമാണെന്നത് അപമാനകരവും, പൊതു സമൂഹത്തോടുള്ള വെല്ലുവിളിയുമാണ്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന കാലഘട്ടത്തില്‍ അവരെ വേര്‍ബല്‍ റേപ്പ് ചെയ്യുന്ന ഇത്തരം വ്യക്തികളെ/വ്യാജ ഐ ഡികളെയും പ്രോത്സാഹിപ്പിക്കുന്ന സമീപനം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തന്നെ ഭാഗത്തു നിന്നുണ്ടായത് ലജ്ജാവഹമാണ്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും വനിതാ നേതൃത്വവും ഈ വിഷയത്തില്‍ ഇവരോടൊപ്പമാണോ എന്ന് വ്യക്തമാക്കണം.. 

ഒരു നികൃഷ്ടജീവിയെ നിയമസഹായം കൊടുത്ത് ജാമ്യത്തിലിറക്കിയ കഥ അഭിമാനത്തോടെ ഫേസ്ബുക്കില്‍ പങ്ക് വെച്ചവനെ പറഞ്ഞിട്ട് കാര്യമില്ല, ബലാത്സംഗം ചെയ്തതിനു അറസ്റ്റിലായി ജയിലില്‍ കിടന്ന കോണ്‍ഗ്രസ് എം എല്‍ എ വിന്‍സെന്റിന് സ്വീകരണമൊരുക്കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പോക്‌സോ കേസിലെ പ്രതിക്ക് പരസ്യമായി പിന്തുണ നല്‍കിയയാളാണ് കോണ്‍ഗ്രസ് എം എല്‍ എ മാത്യു കുഴല്‍നാടന്‍. ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ധീരജിനെ കുത്തി കൊന്നവനെ എന്റെ കുട്ടിയെന്ന് ചേര്‍ത്ത് പിടിച്ചത് കെ പിസി സി പ്രസിഡന്റ് സുധാകരനാണ്. അയാളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയത് ചാണ്ടി ഉമ്മനാണ്.കോണ്‍ഗ്രസില്‍ സ്ഥാനകയറ്റത്തിനു ഇതാണ് വഴിയെന്നു ആ മഹാന്‍ മനസിലാക്കിയിരിക്കുന്നു. എന്നാല്‍ ഒരു കാര്യം വ്യക്തമാക്കാം.. ഇത്തരത്തിലുള്ള വൈകൃത വ്യക്തികളെ നിങ്ങള്‍ സംരക്ഷിക്കാനാണ് ഭാവമെങ്കില്‍ ഞങ്ങളുടെ സഖാക്കള്‍ക്ക് മാനസിക ധൈര്യവും പിന്തുണയും നല്‍കി ഡിവൈഎഫ്‌ഐ പ്രതിരോധ വലയം തീര്‍ക്കും.. ആ പ്രതിരോധ വലയം പൊട്ടിക്കാന്‍ കോണ്‍ഗ്രസിന്റെ നീലപടയ്ക്ക് ആരോഗ്യമില്ല എന്ന് മനസ്സിലാക്കി കൊള്ളൂ.

 പ്രതീക്ഷിച്ച പിന്തുണ കിട്ടാതെ കാനഡ; ഇന്ത്യയുമായി പ്രശ്നം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷയെന്ന് ട്രൂഡോ 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരക്കേറിയ റോഡില്‍ പട്ടാപകല്‍ അഭ്യാസ പ്രകടനം; സ്വകാര്യ ബസ് മറ്റു രണ്ടു ബസുകളില്‍ ഇടിച്ചു കയറ്റി, ബസ് ഡ്രൈവർ അറസ്റ്റില്‍
വിസി നിയമനം; 'സമവായത്തിന് മുൻകൈ എടുത്തത് ഗവർണർ', വിമർശനങ്ങളിൽ പിണറായിയെ പിന്തുണച്ച് സിപിഎം സെക്രട്ടേറിയറ്റ്