
തിരുവനന്തപുരം: ആറ്റിങ്ങലിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍റെ പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെ കടുത്ത വര്‍ഗീയ പരാമര്‍ശനം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയ്ക്കെതിരെ പ്രതിഷേധവുമായി ഡി വൈ എഫ് ഐ. ഇസ്ലാം മത വിശ്വാസികളുടെ വസ്ത്രം മാറ്റി നോക്കണമെന്നതടക്കമുള്ള പരാമര്‍ശം നടത്തിയ ശ്രീധരന്‍ പിള്ള വര്‍ഗീയതയുടെ മാലിന്യവും പേറി വെള്ള വസ്ത്രമുടുത്ത് പുഞ്ചിരിയുമായി നാട് ചുറ്റുകയാണെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം വിമര്‍ശിച്ചു. മുണ്ട് പൊക്കി നോക്കണമെന്ന് പറഞ്ഞ് നടക്കുന്ന പിള്ളയ്ക്ക് കുടമണ്‍ പിള്ളയുടെയും ഗീഫോര്‍ഡ് സായിപ്പിന്‍റെ ചരിത്രം പറഞ്ഞുകൊണ്ടാണ് റഹീം ഫേസ്ബുക്കിലൂടെ മറുപടി നല്‍കിയിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപത്തില്‍
"മുണ്ട് പൊക്കി" നോക്കണം പോലും,
മിസ്റ്റർ പിള്ള, കുടമൺപിള്ളയെ അറിയുമോ,ഗീഫോർഡ് സായിപ്പിനെയും...
തെരഞ്ഞെടുപ്പ് അടുക്കുന്നു, വിഷം തുപ്പുന്ന വർഗീയത മോദി മുതൽ പിള്ള വരെ ആവർത്തിക്കുന്നു. ലക്ഷ്യം ഒന്ന് മാത്രം, കേരളത്തെ വർഗീയമായി വിഭജിക്കുക.
നാറുന്ന ഈ വർഗീയ മനസ്സും പേറി നടക്കുന്ന മിസ്റ്റർ പിള്ളയെ അടുത്തകാലം വരെ ഇവിടുത്തെ ചിലമാധ്യമങ്ങളും സോ കോൾഡ് നിരീക്ഷകരും വിശേഷിപ്പിച്ചത് "മാന്യൻ, മഹാൻ, സഹൃദയൻ" എന്നൊക്കെയാണ്. ഓർക്കുക,സംഘി ഒരു വിഭാഗമേ ഉള്ളു, കറകളഞ്ഞ വർഗീയ വാദികൾ. ഓരോ ആർഎസ്എസ് കാരനും
ചിരിക്കുന്നത് പോലും കൊലവിളി ഉള്ളിലൊതുക്കിയാണ്. എത്ര ഒതുക്കിയാലും ചിലപ്പോൾ ഛർദിച്ചു പോകും. അതിൽ പ്രധാനമന്ത്രി, പാർട്ടി അധ്യക്ഷൻ,
മുൻ ഗവർണർ എന്നൊന്നുമില്ല.
പിള്ള പ്രസംഗിച്ചത് ആറ്റിങ്ങലിൽ. ശ്രീനാരായണ ഗുരുവിന്റെയും, കുമാരനാശാന്റെയും, വക്കം മൗവലവിയുടെയും നാട്ടിൽ.
ആറ്റിങ്ങലിലാണ് ഇന്ത്യയിൽ ആദ്യമായി ബ്രട്ടീഷുകാർക്കെതിരായ സംഘടിത ജനകീയ പ്രതിരോധം ഉയർന്നത്.1721 ഏപ്രിൽ 14 വിഷു ദിനത്തിലാണ് ആറ്റിങ്ങൽ കലാപം നടന്നത്. അന്ന് അഞ്ചു തെങ്ങ് കോട്ടയുടെ ചുമതലയുണ്ടായിരുന്ന ഗീഫോർഡ് അടങ്ങുന്ന സംഘത്തെ ആറ്റിങ്ങലിലെ ധീര വിപ്ലവ പോരാളികൾ നേരിട്ടു.അതിന് നേതൃത്വം കൊടുത്തതും ഒരു പിള്ളയായിരിന്നു! കുടമൺ പിള്ള.
ഗീഫോർഡിനെതിരെ ജനവികാരം ഉയരാനുള്ള കാരണം കൂടി ശ്രീധരൻ പിള്ള പഠിക്കണം. കുരുമുളക് വ്യാപാരവുമായും ചുങ്കപ്പിരിവുമായും ബന്ധപ്പെട്ട തർക്കങ്ങളുണ്ടായിരുന്നെങ്കിലും പ്രധാന കാരണങ്ങളിൽ ഒന്നായി ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നത്, സൗഹൃദത്തിൽ കഴിഞ്ഞിരുന്ന വിവിധ സമുദായങ്ങളെ വിഭജിക്കാൻ ഗീഫോർഡ് നിരന്തരം ശ്രമിച്ചു കൊണ്ടിരുന്നു എന്നതാണ്.
നമ്പൂതിരി വിഭാഗത്തെ കൊണ്ട് ഉണക്കമീൻ കഴിപ്പിക്കുക, നമ്പൂതിരി യുവാക്കളുടെ കയ്യിൽ പന്നി നെയ് പുരട്ടിയ ചാട്ടവാർ കൊടുത്ത് മുസ്ലീങ്ങളെ ആ ചാട്ട കൊണ്ട് അടിപ്പിക്കുക. ദളിതരെ കൊണ്ട് നമ്പൂതിരിമാരുടെ കുടുമ നിർബന്ധപൂർവ്വം മുറിപ്പിക്കും....
ഭിന്നിപ്പിച്ചു ഭരിക്കാൻ കൗശലക്കാരനായ ഗീഫോർഡ് സായിപ്പ് ഇന്നത്തെ സംഘപരിവാർ തന്ത്രങ്ങളെ അനുസ്മരിപ്പിക്കുന്നു.
ഗീഫോർഡ് സായിപ്പ്, മലയാള നാടിന്റെ പോരാട്ട വീര്യം അറിഞ്ഞു.1721 ലെ വിഷു ദിനത്തിൽ കുടമൺ പിള്ളയുടെ നേതൃത്വത്തിലുള്ള വിപ്ലവകാരികൾ സായിപ്പിനെയും ബ്രട്ടീഷ് പട്ടാളക്കാരെയും ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി. മീററ്റിൽ പൊട്ടിപ്പുറപ്പെട്ട ഒന്നാം സ്വാതന്ത്ര്യ സമരത്തിനും 136 വർഷങ്ങൾക്ക് മുൻപ് ആറ്റിങ്ങലിൽ ബ്രട്ടീഷ് വിരുദ്ധ കലാപം നടന്നു.. സാമുദായികമായി നാടിനെ വിഭജിക്കാൻ ശ്രമിച്ച ബ്രട്ടീഷുകാരെ നേരിട്ടത് പിള്ളമാരുടെ നേതൃത്വത്തിലുള്ള സാധാരണ ജനങ്ങളായിരുന്നു. എല്ലാമതത്തിലും പെട്ട നാട്ടുകാരെ കൂട്ടി പിള്ളമാർ കലാപം നയിച്ച മണ്ണിലാണ്. ഇന്ന്, ഒരു ബിജെപി പിള്ള മുസ്ലീങ്ങളുടെ മുണ്ട് പൊക്കി നോക്കാൻ ഗീഫോർഡ് സായിപ്പിനെ പോലെ അലറുന്നത്. അതും വിഷുപ്പുലരിക്ക് മണിക്കൂറുകൾക്ക് മുൻപ്.
മതേതരത്വത്തിന്റെയും മത സൗഹാർദത്തിന്റെയും ഊഷ്മളമായ ചരിത്രം പേറുന്ന മണ്ണിൽ നിന്ന് ഗീഫോർഡ് സായിപ്പിനെ പ്പോലെ വർഗീയത വിളമ്പിയ പിള്ള, വെള്ളമുണ്ട് ഉപേക്ഷിക്കണം. കാവി ട്രൗസറുണ്ടല്ലോ അതു മാത്രമാണ് അങ്ങേയ്ക്ക് ചേരുന്നത്.
കേരളത്തിൽ പരസ്യമായി മുഖ്യമന്ത്രിയെ ജാതി വിളിച്ചു അധിക്ഷേപിച്ചവർ, ഇന്ന് തെരുവിൽ മുസ്ലിമിന്റെ മുണ്ട് പൊക്കി മതം ഉറപ്പിക്കുന്നതിനെ കുറിച്ച് വിളിച്ചു കൂവുന്നു.
അതേ മിസ്റ്റർ പിള്ള,
വോട്ടർപട്ടിക നോക്കിയും, വസ്ത്രമുയർത്തി നോക്കിയുമൊക്കെ തന്നെയാണ് ഉത്തരേന്ത്യയിൽ നിങ്ങൾ
പാവം ന്യൂനപക്ഷങ്ങളെ വേട്ടയാടിയത്. ഈ മലയാള മണ്ണിൽ ന്യൂനപക്ഷ വേട്ട നടത്താനാകാതെ അസ്വസ്ഥരാകുന്ന പിള്ളയും കൂട്ടരും പുഞ്ചിരിച്ചും സഹൃദയഭാവം നടിച്ചും വേട്ടയ്ക്ക് തക്കം പാർത്തു കാത്തിരിയ്ക്കുന്നു. ഉള്ളിൽ മുഴവൻ വർഗീയതയുടെ മാലിന്യവും പേറി വെള്ള വസ്ത്രമുടുത്തു പുഞ്ചിരിയുമായി നാട് ചുറ്റുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam