
തിരുവനന്തപുരം: കോടഞ്ചേരിയിലെ വിവാദ വിവാഹത്തിലെ ജോര്‍ജ് എം തോമസിൻ്റെ നിലപാട് ശരിയല്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് (V K Sanoj). ലൗ ജിഹാദ് എന്നത് ഒരു നിർമിത കള്ളമാണ്. ഷിജിനെതിരെ ഡിവൈഎഫ്ഐ നടപടിയെടുക്കില്ല. ആവശ്യമെങ്കിൽ ഡിവൈഎഫ്ഐ സംരക്ഷണമൊരുക്കും. മിശ്ര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംഘടനയാണ് ഡിവൈഎഫ്ഐയെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.
ജോർജ് എം തോമസിനെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി പി മോഹനനും രംഗത്തെത്തിയിരുന്നു. ജോർജിന് സംഭവിച്ചത് നാക്ക് പിഴയാണ്. ഇക്കാര്യം ജോർജിനും ബോധ്യപ്പെട്ടിട്ടുണ്ടെന്ന് പി മോഹനൻ വിശദീകരിച്ചു. ഷിജിൻ നേരത്തെ അറിയിച്ചിരുന്നെങ്കിൽ പാർട്ടി ഇടപെട്ട് വിവാഹം നടത്തിക്കൊടുക്കുമായിരുന്നു എന്നും പി മോഹനൻ കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ ആര്‍എസ്എസ് ഉപയോഗിക്കുന്ന പദപ്രയോഗം മാത്രമാണ് ലൗ ജിഹാദ്. കോടഞ്ചേരിയിൽ ഈ വിവാഹം മുൻ നിർത്തി പാർട്ടിക്കെതിരായ പ്രചാരണം നടക്കുന്നു. അത് വിശദീകരിക്കാന്‍ വേണ്ടിയാണ് ഇന്ന് സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചിരിക്കുന്നത്.
പെൺകുട്ടിയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. അത് അടക്കം തിരുത്താനാണ് പൊതുയോഗം. ലൗ ജിഹാദിനെ പറ്റിയുള്ള പാർട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും ഷിജിനും ജോയ്സനയ്ക്കും ആവശ്യമെങ്കിൽ പാർട്ടി സംരക്ഷണം ഉറപ്പാക്കുമെന്നും പി മോഹനൻ അറിയിച്ചു. പ്രായപൂർത്തിയായ ആർക്കും ഒരുമിച്ച് ജീവിക്കാൻ അവകാശമുണ്ട്. ഷിജിനെതിരെ നടപടി പരിഗണനയിൽ ഇല്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam