മൂവാറ്റുപുഴ പോക്സോ കേസ് പ്രതിക്ക് മാത്യു കുഴൽനാടന്‍റെ സംരക്ഷണമെന്ന് ഡിവൈഎഫ്ഐ, നിഷേധിച്ച് എംഎല്‍എ

By Web TeamFirst Published Jul 3, 2021, 4:57 PM IST
Highlights

ഷാൻ മുഹമ്മദിന്‍റെ മുൻകൂർ ജാമ്യാപേക്ഷക്ക് വേണ്ടി ആദ്യം നിയമസഹായം നൽകാൻ തീരുമാനിച്ചെങ്കിലും പിന്നീട് മാത്യു കുഴൽനാടൻ പിന്മാറി. എന്നാൽ ഒളിവിലായ പ്രതിക്ക് ഇപ്പോഴും എംഎൽഎ പിന്തുണ നൽകുന്നുവെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം. 

തിരുവനന്തപുരം: മൂവാറ്റുപുഴ പോക്സോ കേസിൽ രണ്ടാം പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് ഷാൻ മുഹമ്മദിനെ മാത്യു കുഴൽനാടൻ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ പ്രതിഷേധം. വരുന്ന ബുധനാഴ്ച എംഎൽഎക്കെതിരെ ജനകീയ വിചാരണ നടത്തുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന അദ്ധ്യക്ഷൻ എ എ റഹീം അറിയിച്ചു. ഷാൻ മുഹമ്മദിന്‍റെ മുൻകൂർ ജാമ്യാപേക്ഷക്ക് വേണ്ടി ആദ്യം നിയമസഹായം നൽകാൻ തീരുമാനിച്ചെങ്കിലും പിന്നീട് മാത്യു കുഴൽനാടൻ പിന്മാറി. എന്നാൽ ഒളിവിലായ പ്രതിക്ക് ഇപ്പോഴും എംഎൽഎ പിന്തുണ നൽകുന്നുവെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം. 

എന്നാല്‍ താൻ പോക്സോ കേസ് പ്രതിയുടെ വക്കാലത്ത് എടുത്തിട്ടില്ലെന്നാണ് മാത്യു കുഴൽനാടന്‍റെ വിശദീകരണം. പോക്സോ കേസിൽ ഇന്നുവരെ ഹാജരായിട്ടില്ല. ഡിവൈഎഫ്ഐ ഉയർത്തുന്നത് രാഷ്ട്രീയ വിവാദമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. അതേസമയം ഷാൻ മുഹമ്മദിനെ പിന്തുണക്കുന്നില്ലെന്നും എന്നാൽ മാത്യു കുഴൽനാടനെ കുറ്റക്കാരനായി ചിത്രീകരിക്കാൻ അനുവദിക്കില്ലെന്നുമാണ് കോൺഗ്രസ്സ് നിലപാട്.

മൂവാറ്റുപുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി റിയാസ് റിമാൻഡിലാണ്. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ല സെക്രട്ടറി ഷാൻ മുഹമ്മദിന്‍റെ ഡ്രൈവറാണ് റിയാസ്. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡന വിവരം മറച്ച് വെയ്ക്കാൻ ശ്രമിച്ചെന്നാണ് ഷാൻ മുഹമ്മദിനെതിരായ കുറ്റം. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം എറണാകുളം പോക്സോ കോടതി തള്ളിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!